Home Blog Page 1271

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. റാണയെ ഇന്ത്യക്ക് കൈമാറാനുള്ള യുഎസ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തഹാവൂര്‍ റാണ നല്‍കിയ അപ്പീല്‍ അമേരിക്കന്‍ സുപ്രീം കോടതി തള്ളിയതോടെയാണ് എക്സ്ട്രാടിഷന്‍ നടപടികള്‍ വേഗത്തിലായത്. പ്രത്യേക വിമാനത്തിലാണ് തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂര്‍ റാണ ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന ആവശ്യവുമായി യുഎസില്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യല്‍ കുറ്റംകൃത്യം നടത്തിയ പ്രതിയെ അവിടുത്തെ നീതിന്യായ സംവിധാനത്തിലൂടെ ശിക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് യുഎസ് സുപ്രീകോടതി പ്രതിയുടെ അപേക്ഷ തള്ളിയത്. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് റാണയെ കൊണ്ടുവരുകയായിരുന്നു. വിമാനത്തിന് ഇന്ധനം നിറയ്ക്കേണ്ടിവരുമെന്നും ഇന്ന് രാത്രിയോ നാളെ പുലര്‍ച്ചെയോ വിമാനം ലാന്‍ഡ് ചെയ്യുമെന്നും കരുതുന്നതായും സൂചനയുണ്ട്.
നേരത്തേയും റാണ കോടതിയെ സമീപിച്ച് ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യുന്നതിന് തടയിടാന്‍ ശ്രമിച്ചിരുന്നു. മാര്‍ച്ചിലും സമാനമായ ഒരു അപേക്ഷ യുഎസ് സുപ്രീം കോടതി നിരസിച്ചിരുന്നു. തനിക്ക് വയറിലെ അയോര്‍ട്ടിക് അന്യൂറിസം ബാധിച്ച് പൊട്ടാനുള്ള സാധ്യതയുണ്ടെന്നും, വൈജ്ഞാനിക ശേഷി കുറയുന്ന പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും, മൂത്രാശയ കാന്‍സറിനുള്ള സാധ്യതയുണ്ടെന്നും റാണ നേരത്തെ യുഎസ് കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ വിചാരണ ചെയ്യപ്പെടാന്‍ തുടങ്ങിയാല്‍ താന്‍ അധികകാലം അതിജീവിക്കില്ലെന്ന് പറഞ്ഞാണ് കോടതിയില്‍ നിന്ന് റാണ സംരക്ഷണം തേടിയത്. ദേശീയ, മത, സാംസ്‌കാരിക വിദ്വേഷം കാരണം ഇന്ത്യയില്‍ താന്‍ സുരക്ഷിതനല്ലെന്നും തന്നെ ക്രൂരമായി പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റാണ കോടതിയെ അറിയിച്ചിരുന്നു.
2008 നവംബര്‍ 26 ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍- അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കൂട്ടാളിയാണ് റാണ. പാകിസ്ഥാന്‍ വംശജനായ ബിസിനസുകാരനും, ഫിസിഷ്യനും, ഇമിഗ്രേഷന്‍ സംരംഭകനുമാണ് റാണ. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി)യുമായും, പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ്, ഐഎസ്‌ഐയുമായും റാണയ്ക്ക് ബന്ധമുണ്ട്.

യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി

യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഒറ്റപ്പാലത്തെ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഇന്നലെ ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു മൂവരും. എന്നാല്‍ വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.
പരിശോധനയില്‍, ഇന്നലെ വൈകീട്ട് നാല് മണിയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. അതേസമയം കുടുംബപരമായി പ്രശ്നങ്ങളൊന്നുമില്ല എന്ന് ബാസിലയുടെ സഹോദരന്‍ പ്രതികരിച്ചു. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 6ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 6ന് മാധ്യമങ്ങളെ കാണും.മന്ത്രിസഭാ യോഗങ്ങൾ വിശദീകരിക്കുന്നതിനാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണ്ണർമാർ തടഞ്ഞ് വെയ്ക്കുന്നതിനെതിരെ സുപ്രീം കോടതി വിധി, എസ് എഫ് ഐ ഒ യുമായ ബന്ധപ്പെട്ട വീണാ വിജയൻ്റെ കേസ്, സർക്കാർ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പരിപാടികൾ എന്നിവയ്ക്കെല്ലാം മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.

മഴ തുടരുന്നു; ഈ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്, കന്യാകുമാരി തീരത്ത് കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കേരളത്തിലെ രണ്ട് വീതം ജില്ലകളിൽ യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യതാ പ്രവചനം നടത്തിയിട്ടുള്ളത്. ഇന്ന് ഏപ്രിൽ 9ന്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ, ഏപ്രിൽ 10 ന് മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (09/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കന്യാകുമാരി തീരത്ത് ഇന്ന് (09/04/2025) രാത്രി 11.30 മുതൽ നാളെ (10/04/2025) ഉച്ചയ്ക്ക് 02.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാനും നിർദേശമുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

വിഴിഞ്ഞം വിജിഎഫ് കരാർ ഒപ്പിട്ടു; തുറമുഖത്തിൻ്റെ കമ്മീഷനിങ് ഉടൻ; കേന്ദ്രത്തിനെതിരെ മന്ത്രി

തിരുവനന്തപുരം: വൻ വിവാദങ്ങൾക്ക് ഒടുവിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാർ ഒപ്പിട്ടു. 2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടൻ വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ വിമർശിച്ചു.

വിജിഎഫ് തുക വായ്പയായി അനുവദിച്ച കേന്ദ്ര നിലപാടിനെ ഇന്നും സംസ്ഥാനം വിമർശിച്ചു. സാധാരണഗതിയിൽ ഇത്തരം പദ്ധതികൾക്ക് ഗ്രാന്റ് ആയാണ് വിജിഎഫ് നൽകാറുള്ളതെന്നും കേന്ദ്രത്തോട് കേരളം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഇനിയും കാത്ത് നിന്ന് സമയം കളയാനില്ലാത്തത് കൊണ്ടാണ് കരാർ ഒപ്പിടുന്നതെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വിജിഎഫ് കരാറിൽ ഒപ്പിട്ടത് ചരിത്ര മുഹൂർത്തമാണെന്നും മന്ത്രി പ്രതികരിച്ചു.

റോഡ് കണക്ടിവിറ്റി റെയിൽ കണക്ടിവിറ്റി എന്നിവയ്ക്ക് വേണ്ടി യുദ്ധകലാടിസ്ഥാനത്തിൽ നടപടികൾ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് വീണ്ടും പ്രതീക്ഷിക്കുകയാണ്. 2028-ഓടെ റോഡ്, റെയിൽ കണക്ടിവിറ്റി പൂർത്തിയാക്കും. അപ്പോഴാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണമായും ലക്ഷ്യത്തിലെത്തുക. ലോക ഭൂപടത്തിൻ്റെ ഉന്നതങ്ങളിൽ ഇതിനോടകം വിഴിഞ്ഞമെത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘തൊപ്പി മാത്രമല്ല, പൊലീസ് യൂണിഫോം ധരിച്ചും സുരേഷ് ​ഗോപി പരിപാടിക്ക് പോയി’; വീണ്ടും വിമർശനവുമായി ഗണേഷ്

തിരുവനന്തപുരം: സുരേഷ് ​ഗോപിക്കെതിരെ വീണ്ടും മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. ബിജെപിയുടെ സമരത്തിന് പിന്നാലെയാണ് ​ഗണേഷ് വീണ്ടുമെത്തിയത്. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ​ഗണേഷ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി.

തമാശ പറഞ്ഞാൽ ചിലർ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ​ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനും ​ഗണേഷ് മറുപടി നൽകി. കേരളത്തിൻ്റെ ഐശ്വര്യമാണ് മതേതരത്വമെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ല. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ​ഗോപിയെ അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ ​ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.

പെണ്‍കുട്ടികളെല്ലാം ഫോണില്‍…. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാകില്ല; സലിംകുമാര്‍

റോഡില്‍ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് നടന്‍ സലിംകുമാര്‍. പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ത്രിവര്‍ണോത്സവം പരിപാടിയില്‍ സംസാരിക്കവെയാണ് നടന്റെ പരാമര്‍ശം. പെണ്‍പിള്ളേരെല്ലാം നടന്നുപോകുന്നത് മൊബൈലില്‍ സംസാരിച്ചുകൊണ്ടാണെന്നും എന്താണിവര്‍ക്കിത്ര സംസാരിക്കാനുള്ളതെന്നും സലിം കുമാര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാകില്ലെന്നും ഇവരെല്ലാം പഠിക്കുന്ന കുട്ടികളാണെന്നും നടന്‍ പറയുന്നു. കേരളത്തോട് അവര്‍ക്ക് പരമപുച്ഛമാണെന്നും അവരെ സംസ്‌കാരം പഠിപ്പിക്കണമെന്നും സലിംകുമാര്‍ പറഞ്ഞു.

നടന്റെ വാക്കുകള്‍ ഇങ്ങനെ,’ ‘ഞാന്‍ പറവൂരില്‍ നിന്ന് കോഴിക്കോട് വരെയുള്ള യാത്രയില്‍ റോഡിലൂടെ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണില്‍ സംസാരിച്ച് വരുന്നതാണ് കണ്ടത്. നിങ്ങളിനി ശ്രദ്ധിച്ചോ. ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിക്കുണ്ടാവൂല ഈ തിരക്ക്. പഠിക്കുന്ന പിള്ളേരാണ്. ഒരാളല്ല. എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോണടിക്കുമ്പോ മാറുമോ, അതുമില്ല. ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്’. പരിപാടിയില്‍ നിന്നുള്ള വിഡിയോ പുറത്തുവന്നതിന് പിന്നാലെ നടന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം , ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാരിനെയും സലിംകുമാര്‍ വിമര്‍ശിച്ചു. പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് സ്ത്രീകള്‍ ചെയ്യുന്നത്. മുട്ടിലിഴയുന്നതും തലമുണ്ഡനം ചെയ്യുന്നതുമൊക്കെയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോംഗോയില്‍ വെള്ളപ്പൊക്കം; 33ലധികംപേര്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍ വെള്ളപ്പൊക്കത്തില്‍ ഏകദേശം 33ലധികം ആളുകള്‍ മരിച്ചതായും നൂറിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടമായതായും സര്‍ക്കാര്‍ അറിയിച്ചു. വാരാന്ത്യത്തില്‍ പെയ്ത പേമാരിയില്‍ എന്‍ജിലി നദി കരകവിഞ്ഞ് ഒഴുകിയതോടെ വീടുകളും റോഡുകളും വെളളത്തിലായി. എയര്‍പ്പോര്‍ട്ടിലേക്ക് പോകുന്ന പ്രധാന പാതയും വെളളത്തിലായതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. പ്രളയം ഇതേപടി തുടര്‍ന്നാല്‍ മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മഴയെത്തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടിട്ടുണ്ട്. വെളളം താഴ്ന്ന് തുടങ്ങിയാല്‍ ജലവിതരണം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് കിന്‍ഷാസ ഗവര്‍ണര്‍ ഡാനിയേല്‍ ബുംബ ലുബാക്കി പറഞ്ഞു.

സ്കൂട്ടറിൽ അസാധാരണമായൊരു അനക്കവും തണുപ്പും; കളക്ടറേറ്റ് ജീവനക്കാരി വണ്ടിയിൽ നിന്ന് വീണു, സ്കൂട്ടറിൽ പാമ്പ്

കൊച്ചി: സ്കൂട്ടറിന്റെ മുൻഭാഗത്ത് നിന്ന് പാമ്പിനെ കണ്ടെത്തി. എറണാകുളം കളക്ടറേറ്റ് ജീവനക്കാരിയുടെ സ്കൂട്ടറിൽ നിന്നാണ് ഇന്ന് രാവിലെ പാമ്പിനെ പിടികൂടിയത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൻ നിന്ന് അനക്കവും തണുപ്പും അനുഭവപ്പെടുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ സ്കൂട്ടറിൽ പാമ്പിനെ കണ്ടു. ഇതോടെ യാത്രക്കാരി പരിഭ്രാന്തയായി വാഹനത്തിൽ നിന്ന് മറിഞ്ഞുവീണു.

വിവരം അറിയിച്ചതനുസരിച്ച് പാമ്പിനെ പിടിക്കാൻ വൈദഗ്ധ്യമുള്ളവരെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്കൂട്ടറിന്റെ മുൻ ഭാഗം സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിച്ചെടുത്താണ് അതിനുള്ളിൽ ഉണ്ടായിരുന്ന വലിയ പാമ്പിനെ പുറത്തെടുത്തത്.

മമ്മൂട്ടി ചിത്രം ബസൂക്ക നാളെ തീയേറ്ററുകളില്‍… ആശംസയുമായി മോഹന്‍ലാലും

മമ്മൂട്ടി ചിത്രം ബസൂക്ക നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. ഒരിക്കല്‍ക്കൂടി മമ്മൂട്ടി ഒരു നവാഗത സംവിധായകനൊപ്പം എത്തുകയാണ് ഈ വിഷു റിലീസിലൂടെ. ഡീനോ ഡെന്നിസ് ആണ് സംവിധായകന്‍. റിലീസിന് മുന്‍പായി പുതിയൊരു ടീസര്‍ കൂടി അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്. 1.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. അതില്‍ ത്രസിപ്പിക്കുന്ന മമ്മൂട്ടിയും.
ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പ്രിയ ഇച്ചാക്കയ്ക്കും ടീമിനും ആശംസകള്‍, എന്നാണ് ടീസര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.