Home Blog Page 1257

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ കനത്ത സുരക്ഷയിൽ എൻ ഐ എ ആസ്ഥാനത്ത്

ന്യൂഡെല്‍ഹി.മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ കനത്ത സുരക്ഷയിൽ എൻ ഐ എ ആസ്ഥാനത്ത്. ഗൂഢാലോചനയിൽ ഉൾപ്പെടെ റാണക്കെതിരെ തെളിവ് കണ്ടൈത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ്.

ഡൽഹി എൻ ഐ ആസ്ഥാനത്ത് പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന സെല്ലിലാണ് തഹാവൂർറാണയെ പാർപ്പിച്ചിരിക്കുന്നത് സിസിടിവി അടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 12 അംഗ അന്വേഷണ സംഘം രാവിലെയോടെ എൻഐഎ ആസ്ഥാനത്തെത്തി തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. എൻ ഐ എ ഉദ്യോഗസ്ഥർ, രഹസ്യ അന്വേഷണ ഏജൻസികൾ, തീവ്രവാദ വിരുദ്ധ,
ക്രിമിനോളജി എന്നിവയിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ , ഫോറൻസിക് സൈക്കോളജിസ്റ്റുകൾ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. കേസിലെ മുഖ്യസൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിമായുള്ള റാണയുടെ ബന്ധം, ഇന്ത്യാ സന്ദർശനം, പാക് ഭീകര സംഘടനകളുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് റാണയിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ തേടുന്നത്.
അതിനിടെ റാണയെ ഇന്ത്യയ്ക്ക് കൈമാറിയ ചിത്രങ്ങൾ യുഎസ് പുറത്തുവിട്ടു. അതീവ സുരക്ഷാക്രമീകരണങ്ങളിൽ ചങ്ങലയിട്ട് റാണയെ കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ജീവൻ നഷ്ടമായ 166 പേർക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് റാണയെ കൈമാറിയതെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് വ്യക്തമാക്കി.
20 ദിവസം കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും അന്വേഷണസംഘത്തിന് 18 ദിവസമാണ് കോടതി അനുവദിച്ചത്. ഇതിനുള്ളിൽ
തഹാവൂർ റാണയിൽ നിന്ന് ഭീരാക്രമണവുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

ഷെഡില്‍ കിടത്തിയുറക്കിയ ശേഷം രക്ഷിതാക്കള്‍ ജോലിക്ക് പോയി; ഒന്നര വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: പൂപ്പാറയില്‍ ഒന്നര വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിലാണ് സംഭവം.
കോരമ്പാറയിലെ പടുത കുളത്തിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകൻ ശ്രേയസ് രാജ് ആണ് മരിച്ചത്. കോരമ്പാറയിലെ ഏലത്തോട്ടത്തിലെ പടുതാകുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൃഷിയിടത്തിലെ ഷെഡില്‍ കുട്ടിയെ കിടത്തി ഉറക്കിയ ശേഷം ജോലിയ്ക്ക് പോയതായിരുന്നു മാതാപിതാക്കള്‍. 11 മണിയോടെ തിരികെ എത്തിയപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് സംശയം.

ഉപ്പുതറയിലെ കുടുംബത്തിന്‍റേത് തൂങ്ങിമരണം; രേഷ്മ രണ്ട് മാസം ഗര്‍ഭിണി, പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

ഇടുക്കി: ഉപ്പുതറയില്‍ ആത്മഹത്യചെയ്ത കുടുംബത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. നാല് പേരും തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഉപ്പുതറ ഒൻപതേക്കർ എം.സി. കവലയ്ക്കു സമീപം പട്ടത്തമ്ബലം സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(അഞ്ച്), ദിയ(നാല്) എന്നിവരാണ് മരിച്ചത്. അമ്മ സുലോചന വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു.

മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസിയെ വിളിച്ചുവരുത്തി. സംശയം തോന്നിയതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സമ്മർദം ഉണ്ടായിരുന്നുവെന്ന് മരിച്ച സജീവിന്‍റെ അച്ഛൻ പറഞ്ഞു.

തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തിരുനെല്‍വേലി എംഎല്‍എ നൈനാര്‍ നാഗേന്ദ്രന്‍

തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തിരുനെല്‍വേലി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനമായ കമലാലയത്തില്‍ നടന്ന ചടങ്ങില്‍ വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു അധ്യക്ഷനെ തിരഞ്ഞെടുത്തത്. വാനതി ശ്രീനിവാസന്‍, കെ അണ്ണാമലൈ, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങി പത്ത് ബിജെപി നേതാക്കളാണ് നൈനാര്‍ നാഗേന്ദ്രനെ പിന്തുണച്ചത്.
നൈനാര്‍ നാഗേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ നടത്തും. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവും തിരുനെല്‍വേലിയില്‍ നിന്നുള്ള എംഎല്‍എയുമാണ് നൈനാര്‍ നാഗേന്ദ്രന്‍. 2020 വരെ അണ്ണാ ഡിഎംകെയില്‍ പ്രവര്‍ത്തിച്ച നൈനാര്‍ നാഗേന്ദ്രന്‍ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ജയലളിത മന്ത്രിസഭയില്‍ അംഗമായിരുന്നു. അണ്ണാ ഡിഎംകെയുമായി പൂര്‍വ ബന്ധം പുലര്‍ത്തിയിരുന്നയാള്‍ കൂടിയാണ് നൈനാര്‍ നാഗേന്ദ്രന്‍. നാടാര്‍ സമുദായ പ്രതിനിധി എന്നതും നൈനാര്‍ നാഗേന്ദ്രന് ഗുണം ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തീകരിച്ചത്. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. അതിനായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. പിന്നീട് വിധി പറയാന്‍ മാറ്റും.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തില്‍ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

കുഴിമന്തി കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ…. ഹോട്ടല്‍ പൂട്ടിച്ചു

കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ. 26ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാസ് റെസ്റ്റോറന്റില്‍ നിന്നു കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

16പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.

സംഭവത്തിനു പിന്നാലെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം കട അടച്ചുപൂട്ടി.

പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ വരെ വീണ്ടും വില കുറച്ചു, സബ്സിഡി സാധനങ്ങൾക്ക് 10 രൂപ വരെ കുറച്ച് സപ്ലൈകോ

തിരുവനന്തപുരം: അഞ്ച് സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ കുറയും. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയ്ക്കാണ് നാലു മുതൽ 10 രൂപ വരെ കിലോഗ്രാമിന് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വിൽപനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ ഇന്ന് മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സബ്സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ

വൻകടല (ഒരു കിലോഗ്രാം) — 65– 110.29
ചെറുപയർ (ഒരു കിലോഗ്രാം)–90 — 126.50
ഉഴുന്ന് (ഒരു കിലോഗ്രാം)90 132.14
വൻപയർ (ഒരു കിലോഗ്രാം) 75. — 109.64
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 105– 139.5
മുളക്( 500ഗ്രാം) — 57.75 — 92.86
മല്ലി( 500ഗ്രാം) 40.95 — 59.54
പഞ്ചസാര (ഒരു കിലോഗ്രാം) 34.65 — 45.64
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് ( സബ്സിഡി 500 എം എൽ+ നോൺ സബ്സിഡി 500 ml) — 240.45. __ 289.77
ജയ അരി (ഒരു കിലോഗ്രാം) 33 — 47.42
കുറുവ അരി( ഒരു കിലോഗ്രാം) 33. — 46.33
മട്ട അരി (ഒരു കിലോഗ്രാം)33—–. 51.57
പച്ചരി (ഒരു കിലോഗ്രാം)29.— 42.21
(പൊതു വിപണി വില എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ച്)

താമരശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി.കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് കോടതി നീട്ടി.
കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പ്രായ പൂര്‍ത്തിയാകാത്തത് പരിഗണിക്കരുത്,
ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു.
അതേസമയം അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ഇവരെ ജാമ്യം നല്‍കി വിട്ടയക്കണമെന്നും കുട്ടികളുടെ പേരില്‍ ഇതിന് മുന്‍പ് മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.നിലവില്‍ പ്രതികളായ 6 വിദ്യാര്‍ഥികളും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴിലുള്ള കെയര്‍ സെന്ററിലാണ് ഉള്ളത്.
ഫെബ്രുവരി 28നാണ് താമരശേരിയില്‍ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതര പരുക്കേറ്റത്. ഇതിനെ തുടര്‍ന്ന് ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.തുടര്‍ന്ന് താമരശേരി പോലീസ് ഇന്‍സ്പെക്ടര്‍ സായൂജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ നഗരത്തിനടുത്തെ അഴിക്കോട് മീന്‍ കുന്നില്‍ ആണ് സംഭവം. മീന്‍കുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിന്‍ ഹൗസില്‍ ഭാമ (45) മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എഎസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

മഴ: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത.