Home Blog Page 1251

സാൽവേഷൻ ആർമി തിരുവനന്തപുരം ഡിവിഷൻ വി ബി എസ് സംഗമം നടത്തി

തിരുവനന്തപുരം : പാട്ടും, ഡാൻസും, ഗെയിമുകളുമായി സാൽവേഷൻ ആർമി
തിരുവനന്തപുരം ഡിവിഷൻ്റെ വിബിഎസ് സംഗമം വേളി ടൂറിസ്റ്റ് വില്ലേജിൽ നടന്നു.

‘മാനത്തൊരു സ്വർണ്ണ കൊട്ടാരം’എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചുകളിൽ കഴിഞ്ഞ 10 ദിവസം നടത്തിയ വിബിഎസിൻ്റെ ഡിഷൻ തല സംഗമം ഡിവിഷണൽ കമാൻഡർ ലെഫ്.കേണൽ ജേക്കബ്ബ് .ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ യൂത്ത് സെക്രട്ടറി മേജർ യേശുദാസ് ശാമുവേൽ അധ്യക്ഷനായി. സംസ്ഥാന യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ അജേഷ് കുമാർ ജോസഫ്, ഡിവിഷണൽ സെക്രട്ടറി മേജർ മോത്തോ തോംപ്സൺ, തുടങ്ങിയവർ പ്രസംഗിച്ചു. ഡിവിഷനിലെ 22 പള്ളികളിൽ നിന്നുള്ള വിബിഎസ് കൂട്ടുകാരും, അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു.

യുവതി മറ്റൊരു യുവതിയുടെ മുടിയിൽ കയറിപ്പിടിച്ച് അലറി, ‘പൊലീസിനെ വിളിക്കൂ’, എല്ലാം തുടങ്ങിയത് വാട്സാപ്പ് കോളിൽ

നോയിഡ: അടുത്തടുത്ത ഫ്ലാറ്റിലെ താമസക്കരായ രണ്ട് യുവതികൾ തമ്മിൽ പരസ്യമായി തമ്മിലടിക്കുന്നതിന്റെ വീഡിയോ വൈറൽ. നോയിഡയിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് മെയിൻ ഗെയിറ്റിന് സമാീപം നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.

ഒരേ കോംപ്ലക്സിൽ താമസക്കാരാണ് രണ്ട് പേരും. എന്നാൽ ഇരുവരും തമ്മിൽ നല്ല പരിചയമുള്ളവരുമാണ്. കഴിഞ്ഞ ദിവസം വാട്സാപ്പ് കോളിൽ തുടങ്ങിയ ചെറിയ തര്‍ക്കം വലിയ വാഗ്വാദത്തിലേക്കും തെറിവിളികളിലേക്കും നയിക്കുകയായിരുന്നു. ഇതിന്ന പിന്നാലെയാണ് ഫ്ലാറ്റിന്റെ മുൻ വശത്തെ ഗേറ്റിൽ ഇരുവരും തമ്മിലടിച്ചത്. ഇരുവരും തമ്മിലുള്ള അടി ഏറെ നേരം ഫ്ലാറ്റിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യവും ഉണ്ടായി.

വാട്സാപ്പ് കോളിലെ തര്‍ക്കത്തിന് പിന്നാലെ അടുത്ത ദിവസം ഇരുവരും കണ്ടപ്പോഴായിരുന്നു ഒരാൾ മറ്റൊരാളുടെ മുടിയിൽ കയറി പിടിക്കുകയും പൊലീസിനെ വിളിക്കൂ.. എന്ന് അലറുകയും ചെയ്തത്. അതേസമയം, മുടിയിൽ പിടിവീണ സ്ത്രീ നിലത്ത് കിടന്ന് നിനക്ക് ഇത്ര ധൈര്യമോ എന്ന് ചോദിച്ച് തിരികെ ആക്രമിക്കാൻ ശ്രമിക്കുന്നതും കാണാം. അയൽവാസികളായ സ്ത്രീകൾ ചുറ്റും കൂടി നിന്ന് ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ പൊലീസെത്തി ഇരുവരെയും പിരിച്ചുവിട്ടതായും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എൻഡിടിവി റിപ്പോര്‍ട്ടിൽ പറയുന്നു.

ട്രെയിനിന് നേരെ കല്ലേറ്, പൊലീസുമായി ഏറ്റുമുട്ടൽ; ബംഗാളിൽ വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ സ്വത്തുക്കളും നശിപ്പിച്ചു. അക്രമത്തിൽ പത്തോളം പൊലീസുകാർക്ക് പരിക്കേറ്റു. അക്രമം നിയന്ത്രിക്കാൻ അതിർത്തി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. ആക്രമണത്തിൽ ഏതാനും യാത്രക്കാർക്കും പരിക്കേറ്റു. വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

ഗവർണർ സിവി ആനന്ദ ബോസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുകയും അംതല, സുതി, ധൂലിയാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഗവർണർ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജ്ഭവൻ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടാതെ 24×7 കൺട്രോൾ റൂമും പൊതുജന സഹായത്തിനായി ഒരു പ്രത്യേക ഹെൽപ്പ് ലൈനുംസജ്ജീകരിച്ചിട്ടുണ്ട്.

ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, ഏപ്രിൽ 16 ന് കൊൽക്കത്തയിൽ മമത ബാനർജി ഇമാമുകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിഷേധക്കാരോട് സമാധാനം പാലിക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് അഭ്യർത്ഥിച്ചു. വിവാദ വഖഫ് നിയമത്തിനെതിരെ വെള്ളിയാഴ്ച കൊൽക്കത്തയിലെ ആലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി.

റെയ്ഡിലൂടെ ബിജെപി എഐഎഡിഎംകെയെ ഭയപ്പെടുത്തിയെന്ന് സ്റ്റാലിൻ; തമിഴ്നാട് മൂന്ന് തവണ തള്ളിയ സഖ്യമെന്ന് വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി – എഐഎഡിഎംകെ സഖ്യ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും ടിവികെ പ്രസിഡൻറ് വിജയും രംഗത്ത്. രണ്ട് റെയ്ഡുകളിലൂടെ എഐഎഡിഎംകെയെ ഭയപ്പെടുത്തിയാണ് ബിജെപി സഖ്യത്തിന് നിർബന്ധിതരാക്കിയതെന്ന് സ്റ്റാലിൻ ആരോപിച്ചു.

തമിഴ്നാടിനെ വഞ്ചിച്ചവർക്കൊപ്പമാണ് എഐഎഡിഎംകെ ചേർന്നതെന്നും ബിജെപി എങ്ങനെ വന്നാലും പാഠം പഠിപ്പിക്കാൻ തമിഴ് ജനത കാത്തിരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. ബിജെപി – എഐഎഡിഎംകെ സഖ്യം മൂന്ന് തവണ തമിഴ്നാട് തള്ളിയതാണ് എന്നായിരുന്നു വിജയുടെ പ്രതികരണം. എഐഡിഎംകെയുടെ ഐക്കൺ നേതാക്കളായ എംജിആറിൻറെയും അണ്ണാദുരൈയുടെയും അനുഗ്രഹം തനിക്കൊപ്പമാണെന്ന് വിജയ് അവകാശപ്പെട്ടു. ബിജെപിക്ക് ഡിഎംകെ രഹസ്യ പങ്കാളിയും എഐഎഡിഎംകെ പരസ്യ പങ്കാളിയുമാണ്. 2026ലെ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാകുമെന്ന് വിജയ് ആവർത്തിച്ചു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചു മത്സരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇപിഎസിൻറെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. എടപ്പാടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.

ഒപിഎസിനെയും ടിടിവി ദിനകരനെയും ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിനു എഐഎഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്ന് അമിത് ഷാ മറുപടി നൽകി. സീറ്റ് വിഭജനവും മന്ത്രിസഭാ രൂപീകരണവും പിന്നീട് ചർച്ച ചെയ്യും. ഭിന്ന നിലപാട് ഉള്ള വിഷയങ്ങളിൽ പൊതുമിനിമം പരിപാടി ഉണ്ടാക്കും. എടപ്പാടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്നും അമിത് ഷാ പറഞ്ഞു.

രഹസ്യ വിവരം കിട്ടിയ ഉദ്യോഗസ്ഥര്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തി, കടയ്ക്കലിൽ നിന്ന് പിടികൂടിയത് 700 കിലോ ലഹരി വസ്തുക്കള്‍

കൊല്ലം: കൊല്ലം കടയ്ക്കലിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 700 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. കടയ്ക്കൽ കുമ്മിൾ റോഡിലുള്ള പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി ചടയമംഗലം എക്സൈസ് സ്ക്വാഡിൻ്റ ലഹരിവേട്ട.

വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ വലിയ ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. മുൻപും ലഹരി കേസുകളിൽ പ്രതിയായ മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്നാണ് ലഹരി വസ്തുകൾ പിടിച്ചെടുത്തത്. സിയാദ് ഒളിവിലാണെന്ന് എക്സൈസ് അറിയിച്ചു.

നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കിൽ; കണ്‍സ്യൂമര്‍ഫെഡ് വിഷു-ഈസ്റ്റര്‍ സഹകരണ വിപണിക്ക് തുടക്കം

നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു-ഈസ്റ്റര്‍ സഹകരണ വിപണിക്ക് തുടക്കമായി. ആഘോഷ കാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 12 മുതല്‍ 21 വരെ ജില്ലയിലെ 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിപണനമേള ഒരുക്കിയിരിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റു ഉല്‍പന്നങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാം. പൊതുവിപണിയില്‍ 50 രൂപയോളം വിലവരുന്ന വിവിധതരം അരികള്‍ 33 രൂപക്കാണ് ലഭിക്കുക. പഞ്ചസാര, ചെറുപയര്‍, കടല, മല്ലി, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം സബ്‌സിഡി നിരക്കില്‍ ലഭിക്കും.
വിവിധ ഉല്‍പന്നങ്ങള്‍ക്ക് കിലോഗ്രാമിന് സബ്‌സിഡി നിരക്കിലുള്ള വില (ബ്രാക്കറ്റില്‍ വിപണിവില): ജയ അരി 33 രൂപ (50), കുറുവ അരി 33 (48), കുത്തരി 33 (49), പച്ചരി 29 (37), പഞ്ചസാര 34.65 (49), ചെറുപയര്‍ 90 (120), കടല 65 (95), ഉഴുന്ന് 90 (125), വന്‍പയര്‍ 75 (110), തുവരപ്പരിപ്പ് 105 (145), ഉണക്കമുളക് 115.50 (175), മല്ലി 81.90 (115), വെളിച്ചെണ്ണ (ലിറ്റര്‍) 240.45 (350).
വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചല്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി. ത്യാഗരാജന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ആദ്യ വില്‍പന നിര്‍വഹിച്ചു. റീജ്യണല്‍ മാനേജര്‍ ഐ. ലൈലമോള്‍ സ്വാഗതവും യൂണിറ്റ് മാനേജര്‍ അന്‍സാര്‍ നന്ദിയും പറഞ്ഞു.

ഗൂഗിള്‍ പേ, ഫോണ്‍ പേ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

രാജ്യവ്യാപകമായി വീണ്ടും യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെയും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാതെയും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തില്‍ കാര്യമായ സാങ്കേതിക തടസങ്ങള്‍ നേരിടുന്നത്.
രാജ്യവ്യാപകമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗൂഗിള്‍ പേ, ഫോണ്‍ പേ സംവിധാനങ്ങളും സാങ്കേതിക പ്രതിസന്ധി നേരിട്ടു. ഇന്റര്‍നെറ്റ് മുഖേനയുള്ള സേവനങ്ങളിലുമുള്ള പ്രശ്‌നങ്ങളും തടസ്സങ്ങളും തത്സമയം അവലോകനം ചെയ്യുന്ന ഡൗണ്‍ട്രാക്കര്‍ റിപ്പോര്‍ട്ട് പ്രകാരം രണ്ടായിരത്തിലധികം പരാതികള്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടുന്നു.
യുപിഐ ഇടപാടില്‍ തടസം നേരിട്ടതിന് പിന്നില്‍ സാങ്കേതിക പ്രശ്നങ്ങളാണ് എന്ന് ഇന്ത്യയില്‍ റീട്ടെയില്‍ പേയ്‌മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന എന്‍സിപിഐ അറിയിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റിലായിരുന്നു എന്‍സിപിഐയുടെ പ്രതികരണം. എന്‍സിപിഐ ചില ആഭ്യന്തര സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നും ഇതാണ് സേവനങ്ങളിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് വിശദീകരണം. പ്രശ്നം വേഗത്തില്‍ പരിഹരിക്കും എന്നും എന്‍സിപിഐ അറിയിപ്പില്‍ പറയുന്നു. അടുത്തിടെ മാര്‍ച്ച് 26 നും, ഏപ്രില്‍ രണ്ടിനും, ഏഴിനും രാജ്യത്തെ യുപിഐ സേവനങ്ങളില്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.

കായംകുളത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ കായംകുളം എബ്നൈസർ ആശുപത്രിയിൽ പനിക്ക് ചികിൽസയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു. ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കായംകുളം കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പനിയും വയറുവേദനെയും തു‍ടർന്ന് എബ്നൈസർ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നു രാവിലെ ഐസിയുവിലേക്ക് മാറ്റി. എട്ടുമണിയോടെ കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിച്ചു. മതിയായ ചികിൽസ നൽകാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി വളപ്പിൽ പ്രതിഷേധിച്ചു. ചികിത്സയിൽ ഒരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ.

പ്രതിഷേധത്തെ തുടർന്ന് കായംകുളം ഡിവൈഎസ്പി സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കായംകുളം സർക്കാർ എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദിലക്ഷ്മി.

തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ ഏപ്രിൽ 15 മുതൽ മാറ്റം ? ഒടുവിൽ സ്ഥിരീകരിച്ച് ഇന്ത്യൻ റെയിൽവേ!

തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റം വരുത്തിയെന്ന തരത്തിൽ വാ‌ർത്തകൾ പ്രചരിക്കുന്നതിനിടെ കാര്യത്തിൽ വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). തത്കാൽ ടിക്കറ്റ് സമയക്രമത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.

ഏപ്രിൽ 15 മുതൽ ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് സംവിധാനം പരിഷ്കരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എസി, നോൺ-എസി ക്ലാസുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി സോഷ്യൽ മീഡിയയിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ വന്നതിനെ തുടർന്നാണ് ഈ വിശദീകരണം. സോഷ്യൽ മീഡിയയിലടക്കം ഇത് സംബന്ധിച്ച ചർച്ചകളും നടന്നു. എന്നാൽ അത്തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യക്തമാക്കുന്നത്.

നിലവിലെ സമയക്രമം

ഐ ആ‍ർ സി ടി സിയുടെ ഔദ്യോ​ഗികമായ അറിയിപ്പ് പ്രകാരം, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നുള്ള യാത്രാ തീയതി ഒഴികെ, തിരഞ്ഞെടുത്ത ട്രെയിനുകളിൽ ഒരു ദിവസം മുൻകൂട്ടി തത്കാൽ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എസി ക്ലാസ് (2A/3A/CC/EC/3E) ഇന്ത്യൻ സമയം രാവിലെ 10:00 മണി മുതലും നോൺ-എസി ക്ലാസ് (SL/FC/2S) 11:00 മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാൽ ബുക്കിംഗ് ചെയ്യാവുന്നതാണ്.

വീട്ടിൽ ഗ്രൈൻറർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മങ്കര മഞ്ഞക്കരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിൻറെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവം. വീട്ടിലെ ഗ്രൈന്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്. ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്നതായി കണ്ട ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.സംഭവത്തെ തുടർന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധിച്ചു. വയറിങിലെ അപാകമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.