Home Blog Page 1249

ജീന്‍സ് കേടുപാടുകളില്ലാതെ കാലാകാലം നിലനിര്‍ത്താനാകും…. അതിന് ചില പൊടിക്കൈകള്‍

നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിയാതെ തന്നെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഖേദകരമാണ്. എന്നാല്‍, ഇഷ്ടപ്പെട്ട ജീന്‍സ് കേടുപാടുകളില്ലാതെ കാലാകാലം നിലനിര്‍ത്താനാകും. അതിന് ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ നന്നാകും.
ജീന്‍സ് വളരെ കട്ടിയുള്ള ഒരു വസ്ത്രമാണ്. ഒന്നിലധികം തവണ ഉപയോഗിച്ച ശേഷം മാത്രം ഇവ കഴുകിയാല്‍ മതിയാകും. അമിതമായി കഴുകുന്നത് ഇവയുടെ നിറം മങ്ങാന്‍ കാരണമാകും. എന്നാല്‍ നാലുമുതല്‍ ആറുതവണ വരെ ഉപയോഗിച്ച ശേഷം ജീന്‍സ് കഴുകണം. ഓരോ തവണ ഉപയോഗിച്ച ശേഷവും കറകള്‍ ഉള്ള ഭാഗം മാത്രം കഴുകി ഉണക്കിയും ഇവയുടെ പുതുമ നിലനിര്‍ത്താം. ഇനി ജീന്‍സ് കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈകൊണ്ട് അലക്കുക. വളരെക്കാലം ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഇതുകൊണ്ട് സാധിക്കും. വാഷിങ് മെഷീനിലാണ് അലക്കുന്നതെങ്കില്‍ ജീന്‍സിന്റെ നൂലുപൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. സോപ്പുപൊടി ജീന്‍സില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യതയുമുണ്ട്. ഇത് വളരെപെട്ടെന്ന് ജീന്‍സ് മുഷിയാന്‍ കാരണമാകും.

ജീന്‍സ് കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ പെട്ടെന്ന് കളര്‍ പോകുന്നുവെന്ന പരാതി ഒഴിവാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ജീന്‍സിന്റെ കളര്‍ നഷ്ടമാവില്ല, എന്ന് മാത്രമല്ല കാലങ്ങളോളം ഇതിന്റെ പുതുമ നിലനില്‍ക്കുകയും ചെയ്യും. ജീന്‍സ് കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. ഇത് ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്. ചൂടുവെള്ളത്തില്‍ കഴുകുമ്പോള്‍ ജീന്‍സ് ചുളിയാനും കളര്‍ പോകാനും സാധ്യതയുണ്ട്.

ജീന്‍സ് അലക്കുമ്പോള്‍ പുറം തിരിച്ച് അലക്കുന്നതാണ് നല്ലത്. കാരണം പുറം തിരിക്കാതെയാണ് കഴുകുന്നതെങ്കില്‍ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമായി വേഗത്തില്‍ ജീന്‍സ് നാശമാകും. പുറം തിരിച്ച് അലക്കുന്നതിലൂടെ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമാകുമെങ്കിലും ഇത് ജീന്‍സിനെ പരുക്കനാക്കി മാറ്റുന്നത് ഇല്ലാതാക്കും.

ജീന്‍സ് വേഗത്തില്‍ ഉണങ്ങിക്കിട്ടാനായി പലരും കനത്ത വെയിലിലാണ് ഉണക്കാനിടുന്നത്. എന്നാല്‍ ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ജീന്‍സ് അലക്കി, ഉണക്കാനിടുമ്പോള്‍ വെയില്‍ ഒഴിവാക്കി ഉണക്കാനിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിത വെയിലേല്‍ക്കുമ്പോള്‍ ജീന്‍സിന്റെ കളര്‍ വേഗത്തില്‍ മങ്ങും. ജീന്‍സ് ഉണക്കാന്‍ ഡ്രൈയര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് ജീന്‍സിന്റെ പുതുമ വേഗത്തില്‍ നശിപ്പിച്ചേക്കും. ജീന്‍ഡ് ഡ്രൈയറില്‍ ഉണക്കുന്നതിന് പകരം വെയില്‍ കുറഞ്ഞയിടത്ത് അയയിലിട്ട് ഉണക്കിയെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക.

ഡ്രോണ്‍ സാങ്കേതികവിദ്യ പരിശീലനം

കൊല്ലം: പ്രതിരോധ-ദുരന്തനിവാരണ-നിരീക്ഷണ മേഖലകളില്‍ അനിവാര്യമായ ഡ്രോണ്‍ സംവിധാനം പഠിക്കുന്നതിന് അവസരം ഒരുക്കി എന്‍സിസി. കൊല്ലം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൊല്ലം-ആലപ്പുഴ ജില്ലകളിലെ കെഡറ്റുകള്‍ക്കാണ് പരിശീലനം തുടങ്ങിയത്.
യുവജനങ്ങള്‍ക്ക് സാങ്കേതിക വൈദഗ്ധ്യത്തോടൊപ്പം നേതൃപാടവം വളര്‍ത്തുന്നതിനും സഹായകമാണ് പരിശീലനമെന്ന് കൊട്ടറ എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം നിര്‍വഹിച്ച കൊല്ലം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി സുരേഷ് പറഞ്ഞു. കൂടുതല്‍ ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കും. ദേശീയതല ക്യാമ്പുകളിലെ സാങ്കേതികവിദ്യാ മേഖല മത്സരങ്ങളിലെ മുഖ്യ ഇനം ആയിരിക്കും ഡ്രോണ്‍പരിചയം എന്നും വ്യക്തമാക്കി.

പെണ്‍സുഹൃത്തിനെ പെട്ടിയിലാക്കി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിക്കാന്‍ ശ്രമം; കയ്യോടെ പിടികൂടി ഹോസ്റ്റല്‍ അധികൃതര്‍

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍സുഹൃത്തിനെ പെട്ടിയിലാക്കി എത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ കയ്യോടെ പിടികൂടി ഹോസ്റ്റല്‍ അധികൃതര്‍. ഹരിയാനയിലെ ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് സംഭവം. പെണ്‍കുട്ടിയെ ട്രോളി ബാഗിനുള്ളില്‍ നിന്ന് പുറത്ത് എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വനിത അധികൃതരെത്തിയാണ് പെണ്‍കുട്ടിയെ പെട്ടിയില്‍ നിന്ന് പുറത്തെടുക്കുന്നത്.
കുട്ടികളുടെ കുസൃതി എന്നാണ് സംഭവത്തെ പറ്റി ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ പിആര്‍ഒ പ്രതികരിച്ചത്. തങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ പിടിക്കപ്പെട്ടു. ഇത് വലിയ കാര്യമല്ല. തങ്ങളുടെ സുരക്ഷ എല്ലായ്‌പോഴും കര്‍ശനമാണ്. ഈ വിഷയത്തില്‍ ആരും ഒരു തരത്തിലുള്ള പരാതിയും നല്‍കിയിട്ടില്ലെന്നും പിആര്‍ഒ വ്യക്തമാക്കി. വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി സര്‍വകലാശാല സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ധാരാളം തൊഴില്‍ അവസരങ്ങളുമായി കരുനാഗപ്പള്ളിയില്‍ മെഗാ തൊഴില്‍മേള

കരുനാഗപ്പള്ളി:
കേരളകൗമുദി ദിനപത്രവും കരുനാഗപ്പള്ളി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ തൊഴില്‍മേള ഏപ്രില്‍ 28-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിമുതല്‍ യു.പി.ജി. സ്കൂളില്‍, കരുനാഗപ്പള്ളി വെച്ച് നടത്തപ്പെടുന്നു. ഈ തൊഴില്‍മേളയില്‍ ധാരാളം തൊഴില്‍ ദാതാക്കളും, നിരവധി തൊഴില്‍ അവസരങ്ങളും നിങ്ങളുടെ കാത്തിരിപ്പിലാണ്.

പ്രധാന പ്രത്യേകതകള്‍:

ധാരാളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്നു

ഒരേ ദിവസം 5 കമ്പനികളുടെ ഇന്റര്‍വ്യൂവുകളില്‍ പങ്കെടുക്കാം

സൗജന്യ സ്പോട്ട് രജിസ്ട്രേഷന്‍ രാവിലെ 9 മണിമുതല്‍

അഞ്ച് ബയോഡാറ്റകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും കയ്യില്‍ കരുതണം

പരമാവധി തൊഴിലാര്‍ഥികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കരുനാഗപ്പള്ളി നഗരസഭ അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
? 8129 393631, 9387 918241

അടുക്കളയിൽ മീൻ മണം അസഹനീയമാണോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ

മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. മീനില്ലെങ്കിൽ ചോറ് കഴിക്കാൻ മടിക്കുന്നവർ പോലുമുണ്ട്. എന്നാൽ മീനിന്റെ മണം ഇഷ്ടപെടുന്ന എത്രപേരുണ്ടാകും. ചില മീനുകൾ വേവിച്ച് കഴിഞ്ഞാൽ പിന്നെ മണമൊന്നും ഉണ്ടാകില്ല. എന്നാൽ മറ്റ് ചിലത് അങ്ങനെയല്ല. എത്രയൊക്കെ കഴുകി വൃത്തിയാക്കിയാലും മണം പോകില്ല. അടുക്കളയിൽ മീനിന്റെ ദുർഗന്ധം തങ്ങി നിൽക്കുകയും ചെയ്യും. മീനിന്റെ മണം അസഹനീയമായെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ.

  1. മീൻ കഴുകി വൃത്തിയാക്കിയതിന് ശേഷം അടുക്കളയിൽ മണം തങ്ങിനിൽക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. ഒരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ഏലക്ക, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചേർത്ത് തിളപ്പിക്കണം. 10 മിനിട്ടോളം ഇങ്ങനെ നന്നായി തിളപ്പിക്കണം. ഇത് അടുക്കളയിൾ തങ്ങി നിൽക്കുന്ന മീനിന്റെ മണത്തെ അകറ്റാൻ സഹായിക്കുന്നു.
  2. മീൻ വൃത്തിയാക്കുമ്പോൾ ഡ്രെയിനിൽ മീനിന്റെ മാലിന്യങ്ങൾ അടിഞ്ഞുകൂടിയാലും അടുക്കളയിൽ ദുർഗന്ധം നിലനിൽക്കാം. ഇതിനെ നീക്കം ചെയ്യാൻ ചെറുചൂടുവെള്ളത്തിൽ വിനാഗിരിയും കുറച്ച് ബേക്കിംഗ് സോഡയും ചേർത്ത് ഡ്രെയിനിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് ഡ്രെയിനിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ദുർഗന്ധത്തെ അകറ്റുന്നു.
  3. മീൻ കഴുകി വൃത്തിയാക്കിയതിന് ശേഷം ആ ഭാഗത്തേക്ക് കുറച്ച് ബേക്കിംഗ് സോഡ വിതറിയാൽ ദുർഗന്ധം മാറിക്കിട്ടും.
  4. വീട്ടിൽ കാപ്പിപൊടിയുണ്ടെങ്കിൽ അത് ഒരു പാത്രത്തിലേക്കിട്ട് അടുക്കളയിൽ തുറന്ന് വയ്ക്കാം. ഇത് ദുർഗന്ധത്തെ അകറ്റി നല്ല ഗന്ധം പരത്തുന്നു.
  5. മീൻ കഴുകുമ്പോഴും പാകം ചെയ്യുമ്പോഴും അടുക്കളയിലെ ജനാലകളും വാതിലുകളും തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് മീനിന്റെ ദുർഗന്ധം അടുക്കളയ്ക്കുള്ളിൽ തങ്ങി നിൽക്കുന്നത് ഇല്ലാതാക്കുന്നു.

പുതിയ പേര് ‘ബ്ലാക്ക് ലൈൻ’, ലോണിനൊപ്പം പ്രൊസസിങ് ഫീയടക്കം തിരികെ തരും, വരാനിരിക്കുന്നത് വമ്പൻ ചതി, ജാഗ്രത

തിരുവനന്തപുരം: പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങൾക്ക് ഇൻസ്റ്റന്റ് വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണെന്ന് കേരള പൊലീസ്. അതീവ ജാഗ്രത വണമെന്ന് കേരള പൊലീസ് അറിയിക്കുന്നു. ബ്ലാക്ക് ലൈൻ എന്ന കമ്പനിയുടെ പേരിലാണ് ഇപ്പോൾ പുതിയ ലോൺ തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ലോൺ ആവശ്യപ്പെടുന്നവരിൽ നിന്നും പ്രോസസ്സിംഗ് ഫീ, ടാക്സ് മുതലായവ ആവശ്യപ്പെടുകയും അധികമായി അടച്ച ഈ തുക ലോൺ തുകയോടൊപ്പം മടക്കി നൽകി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പു നടത്തുന്നത്.

ഇത്തരത്തിൽ വിശ്വാസ്യത നേടിയെടുത്തശേഷം ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിൽ നിന്നും ശേഖരിക്കുന്ന സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയും ഈ ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുരീതി. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ലോൺ ആപ്പുകളിൽ നിന്നും വിട്ടുനിൽക്കുകയാണ് നല്ലത്.

അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം ആവശ്യമെങ്കിൽ ലോൺ സ്വീകരിക്കുക. നിങ്ങളുടെ ഫോണിൻറെ നിയന്ത്രണം ആവശ്യപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയകരമായ ലോൺ ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ സൈബർ ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി

കോഴിക്കോട് ലത്തീന്‍ രൂപത രൂപീകരണത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം മൂന്നരയോടെ വത്തിക്കാനിലും കോഴിക്കോട്ടെ രൂപത ആസ്ഥാനത്തും ഒരേസമയം നടന്നു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ഇത് വായിച്ചത്.
ഇതോടെ കോഴിക്കോട് രൂപതയുടെ ബിഷപ്പായിരുന്ന ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഇനി കോഴിക്കോട് അതിരൂപതയുടെ കീഴിലാകും. 2012 മുതല്‍ കോഴിക്കോട് രൂപതാധ്യക്ഷനായിരുന്നു ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ എം.പിമാരായ കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ടി. സിദ്ദിഖ് എം.എല്‍.എ എന്നിവര്‍ നേരിട്ടെത്തി അഭിനന്ദിച്ചു.

തെരുവുനായകൾക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു, യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. നൗഷാദ് എന്നയാളാണ് പിടിയിലായത്. മൃഗസ്നേഹികളുടെ സംഘടനകളുടെ പരാതിയിലാണ് നടപടി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 13 നായകൾക്ക് നേരെ ഇയാൾ അതിക്രമം നടത്തിയെന്ന് മൃഗസ്നേഹികളുടെ സംഘടന ആരോപിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് ഇയാളെ കണ്ടെത്തി മർദ്ദിക്കുകയും ചെയ്തു. പിന്നീടാണ് പൊലീസിന് കൈമാറിയത്.

മറ്റൊരു സ്ത്രീയുമായി ബന്ധം, മദ്യലഹരിയിൽ അതിക്രമം; ചോദ്യം ചെയ്ത ഭാര്യയെ കൊന്ന് കുഴിച്ചുമൂടി, യുവാവ് പിടിയിൽ

മഥുര: ഉത്തർ പ്രദേശിലെ മഥുരയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മദ്യലഹരിയിൽ ഭാര്യയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വിജയ് എന്നയാൾ ക്രൂരമായ കൊല നടത്തിയത്. കൊല്ലപ്പെട്ട രേഖയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

സുഖ്ദേവ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിജയ്ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഇത് ഇയാളുടെ ഭാര്യ എതിർത്തിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം ഉണ്ടായി. തർക്കത്തെ തുടർന്ന് ടെറസിൽ നിന്ന് വിജയ് ഭാര്യ രേഖയെ തള്ളി താഴെയിടുകയായിരുന്നു. വീണയുടനെ രേഖ മരിച്ചു. തുടർന്ന് അടുത്തുള്ള വയലിലേക്ക് വിജയ് മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു.

സംഭവം നടന്ന് പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെയാണ് വിജയ് ഭാവിച്ചത്. രേഖയെ വീട്ടിൽ കാണാനില്ലെന്ന് മനസിലാക്കിയ വിജയുടെ അച്ഛൻ കാര്യം അന്വേഷിച്ചു. അപ്പോൾ രേഖ മരിച്ചെന്നും അടുത്തുള്ള പാടത്ത് കുഴിച്ചിട്ടെന്നും വിജയ് മറുപടി പറഞ്ഞു. തുടർന്ന് രേഖയുടെ സഹോദരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വിജയിയെ ചോദ്യം ചെയ്യുകയും വെള്ളിയാഴ്ച വയലിൽ നിന്ന് രേഖയുടെ ബോഡി പുറത്തെടുക്കുകയും ചെയ്തു.

വിജയ്ക്കും സഹോദരങ്ങളായ രാജ്കുമാർ, കമൽ, ദിനേശ് എന്നിവർക്കെതിരെയും മാതാപിതാക്കൾക്കെതിരേയും രേഖയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. കേസിൽ വിജയിയെ അറസ്റ്റ് ചെയ്തെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

വെളുത്തുള്ളി കൊളസ്ട്രോള്‍ കുറയ്ക്കുമോ….

വെളുത്തുള്ളി കൊളസ്‌ട്രോൾ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗമെന്ന് വിദഗ്‌ധർ. വെളുത്തുള്ളി വിവിധ രീതിയില്‍ കഴിക്കാവുന്നതാണ്. സാലഡിലും സോസിലും സൂപ്പിലുമൊക്കെ വെളുത്തുള്ളി ചേര്‍ക്കുന്നത് രുചിയ്‌ക്ക് പുറമെ ഗുണവും വര്‍ധിപ്പിക്കും.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗമാണ് കൊളസ്‌ട്രോൾ. എന്നാൽ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മരുന്നുകൾക്ക് പുറമെ നമ്മൾ സ്ഥിരം കഴിക്കുന്ന പല ഭക്ഷണങ്ങൾക്ക് സാധിക്കും. അതിൽ ഒന്നാണ് വെളുത്തുള്ളി.

അസംസ്‌കൃത വെളുത്തുള്ളി പ്രധാന പങ്ക് വഹിക്കുന്നതായി പ്രശസ്‌ത ന്യൂട്രിഷ്യനിസ്‌റ്റ് ഡോ ലഹരി സുരപനേനി വ്യക്തമാക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നത്.