Home Blog Page 1243

ഹിമാചൽ പ്രദേശിൽ ഭൂചലനം; മാണ്ഡി പ്രഭവ കേന്ദ്രം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 9.18 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തിൽ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയൻ ദ്വീപുകളിൽ ഇപ്പോൾ ചിക്കൻഗുനിയയുടെ വ്യാപനമുണ്ട്.

പതിനയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശുപത്രികളിൽ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. അതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂർവ ശുചീകരണ യോഗങ്ങൾ ചേർന്നിരുന്നു. മഴക്കാലപൂർവ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളിൽ ചർമ്മത്തിൽ തടിപ്പുകൾ എന്നിവയാണ് ചിക്കൻഗുനിയയുടെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നിൽക്കുന്ന പനിയാണെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുൻപ് ചിക്കൻഗുനിയ വന്നിട്ടുള്ളവർക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാൽ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതൽ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. യൂണിയൻ ദ്വീപുകളിൽ നവജാത ശിശുക്കൾ ഉൾപ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളിൽ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.

പ്രതിരോധ മാർഗങ്ങൾ

· വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
· കൊതുകുകൾ മുട്ടയിടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. (ഉദാഹരണത്തിന്: വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ എന്നിവ നീക്കം ചെയ്യുക).
· വീട്ടിലെ ജല സംഭരണികൾ അടച്ചു വെക്കുക.
· കൊതുക് കടിയിൽ നിന്ന് രക്ഷ നേടാൻ കൊതുക് വലകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക.
· ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
· പകൽ സമയത്തും കൊതുകുകൾ കടിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
· എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുക.
· തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിക്കുക.
· ചിക്കൻഗുനിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
· ചിക്കൻഗുനിയയെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമം അനിവാര്യമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.

‘അത് പ്രാങ്ക്’: യുവതിയെ സ്യൂട്ട്കേസിലാക്കി മെൻസ് ഹോസ്റ്റലിൽ എത്തിക്കാൻ ശ്രമിച്ച വിദ്യാർഥികൾക്കെതിരെ നടപടി

ഗുരുഗ്രാം∙ പെൺകുട്ടിയെ സ്യൂട്ട്കേസിലാക്കി മെൻസ് ഹോസ്റ്റലിൽ എത്തിക്കാനുള്ള വിദ്യാർഥിയുടെ ശ്രമം പാതിവഴിയിൽ പൊളിഞ്ഞതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ, വിഷയത്തിൽ വിശദീകരണവുമായി കോളജ് അധികൃതർ.

ഹരിയാനയിലെ സോനിപത്തിലെ ഒപി ജിൻഡാൽ യൂണിവേഴ്‌സിറ്റിയാണു വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ, പ്രാങ്കിന്റെ ഭാഗമായിരുന്നെന്നും തമാശ അതിരുകടന്നതിനാൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

‘‘വിഡിയോയിലുള്ള വിദ്യാർഥികൾക്കെതിരെ സർവകലാശാല അച്ചടക്ക നടപടി സ്വീകരിക്കും. ശനിയാഴ്ച വിദ്യാർഥികൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. ഈ മാസം അവസാനത്തോടെ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു’’– സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

യുവതിയെ സ്യൂട്ട്കേസിൽ മെൻസ് ഹോസ്റ്റലിൽ എത്തിക്കാനുള്ള വിദ്യാർഥിയുടെ ശ്രമം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹോസ്റ്റലിന്റെ പ്രവേശന കവാടത്തിലൂടെ സ്യൂട്ട്കേസ് ഉരുട്ടിക്കൊണ്ട് വരുന്നതിനിടെ എന്തിലോ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ സ്യൂട്ട്‌കേസ് തുറന്നു പരിശോധിച്ചതോടെയാണു പദ്ധതി പൊളിഞ്ഞത്.

പ്രേമം എന്ന ചിത്രത്തിലെ മേരിയായെത്തിയ അനുപമ പരമേശ്വരനും നടൻ ധ്രുവ് വിക്രമും പ്രണയത്തിലോ…?

പ്രേമം എന്ന ചിത്രത്തിൽ മേരിയായെത്തി സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിന് പുറമേ കന്നഡ, തെലുങ്ക് ഭാഷകളിലും സജീവമാണ് അനുപമ. ഇപ്പോഴിതാ നടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും ചുംബിക്കുന്ന ഒരു ചിത്രമാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്.

ബ്ലൂമൂൺ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത് അനുപമയും ധ്രുവ് വിക്രമും ആണെന്നും ഇരുവരും പ്രണയത്തിലാണെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ. എന്നാൽ ഗോസിപ്പുകളോട് ഇതുവരെ അനുപമയോ ധ്രുവോ പ്രതികരിച്ചിട്ടില്ല. അതേസമയം ബൈസൺ എന്ന ചിത്രത്തിൽ ധ്രുവും അനുപമയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം മാരി സെൽവരാജ് ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായുള്ള പ്രൊമോഷനാ‌ണ് ഇതെന്നാണ് മറ്റു ചിലരുടെ കണ്ടെത്തൽ. ചിത്രത്തിന്റെ ഷൂട്ടിനിടെ എടുത്ത ഫോട്ടോ ആയിരിക്കുമെന്നും അത് ലീക്കായതാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രിത് ബുംറയും അനുപമയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലും ഗോസിപ്പുകൾ ഉയർന്നിരുന്നു.

പീഢന കേസിൽ പ്രതിയായ മുൻ സീനിയർ ഗവ.പ്ലീഡർ അഡ്വ.പി ജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം:പ്രമുഖ അഭിഭാഷകൻ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളം പിറവം സ്വദേശിയാണ്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ മുൻ ഗവ. പ്ലീഡർ കൂടിയാണ് പി ജി മനു. മരണകാരണം വ്യക്തമല്ല.

ആ കേസിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു ജാമ്യം. മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണു പരാതി. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു 2023 ഒക്ടോബറില്‍ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാന്‍ എത്തിയത്. കഴിഞ്ഞ നവംബര്‍ 29നു ചോറ്റാനിക്കര പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്

ട്രംപിൻറെ അടുത്ത കടുംവെട്ട്! എട്ടിൻറെ പണി കിട്ടുക ശാസ്ത്രജ്ഞർക്കും നാസക്കും! 49% വെട്ടിക്കുറയ്ക്കൽ

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ തുടങ്ങിയ ഡോണൾഡ് ട്രംപിൻറെ തീരുമാനങ്ങൾ ലോകത്തിന് ആകെമാനം സൃഷ്ടിച്ച പ്രതിസന്ധിയും വെല്ലുവിളിയും ചില്ലറയല്ല. കുടിയേറ്റക്കാർക്കെതിരായ നാടുകടത്തിലിൽ തുടങ്ങി പ്രതികാര തീരുവ നയം വരെയുള്ള നിരവധി തീരുമാനങ്ങൾ ആഗോള തലത്തിൽ പുതിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. അതിനിടെയാണ് ട്രംപിൻറെ അടുത്ത നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നാസക്കും ശാസ്ത്രജ്ഞർക്കുമായിരിക്കും ട്രംപിൻറെ അടുത്ത പണി കിട്ടുകയെന്നാണ് വ്യക്തമാകുന്നത്.

നാസയുടെ ബജറ്റ് വെട്ടി കുറയ്ക്കാൻ അമേരിക്കൻ പ്രസിഡൻറ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനുള്ള നീക്കം ട്രംപ് സജീവമാക്കിയെന്നാണ് വ്യക്തമാകുന്നത്. നാസയുടെ ആകെ ബജറ്റിൻറെ 20 ശതമാനം കുറയ്ക്കാനുള്ള ശുപാർശ അമേരിക്കൻ പ്രസിഡൻറ് നൽകിക്കഴിഞ്ഞെന്നാണ് വിവരം. പ്രധാന നാസ കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയുടെ മൊത്തം ശാസ്ത്ര പദ്ധതികൾക്കുള്ള ബജറ്റിൽ കടുവെട്ടാണ് പ്രസിഡൻറ് ലക്ഷ്യമിടുന്നത്. ഈ ബജറ്റിൽ 49 ശതമാനത്തോളം വെട്ടിച്ചുരുക്കലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ശാസ്ത്ര ഗവേഷണത്തെ മൊത്തത്തിൽ തന്നെ ബാധിക്കുന്നതാകും അമേരിക്കൻ പ്രസിഡൻറിൻറെ 49 ശതമാനം വെട്ടിച്ചുരുക്കൽ തീരുമാനമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

വൈറ്റ് ഹൗസിൻറെ കരട് പദ്ധതി അഞ്ഞൂറ് കോടി ഡോളർ വെട്ടികുറയ്ക്കൽ ശുപാർശ ചെയ്യുന്നതായാണ് റിപ്പോർട്ട്. സുപ്രധാന ശാസ്ത്ര ഗവേഷണ പദ്ധതികളെ നീക്കം പ്രതികൂലമായി ബാധിക്കും. നാസയുടെ ശാസ്ത്ര ഗവേഷണ പദ്ധതികളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിൻറെ നീക്കം. സെപ്തംബറിലാണ് അമേരിക്കയിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിൻറെ കരടിലാണ് വൈറ്റ് ഹൗസിൻറെ അസാധാരണ വെട്ടിച്ചുരുക്കൽ.

നാസയുടെ ആകെ ബജറ്റിന്റെ 20 ശതമാനം വെട്ടുകയാണെങ്കിൽ ആഘാതം കൂടുതൽ അനുഭവിക്കേണ്ടി വരിക ഏജൻസിയുടെ സയൻസ് മിഷൻസ് ഡയറ്ക്ട്രേറ്റാണ്. 750 കോടി ഡോളറിൻറെ ബജറ്റ് 390 കോടിയിലേക്ക് വെട്ടിച്ചുരുക്കാനാണ് നിർദ്ദേശം. പ്ലാനറ്ററി സയൻസ്, ആസ്ട്രോഫിസിക്സ് വിഭാഗങ്ങളിലെ ഗവേഷണ പദ്ധതികളെല്ലാം ഈ വകുപ്പിന് കീഴിലാണ്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ് പദ്ധതി ഇതോടെ ഇല്ലാതാകും. നിർമ്മാണം ഏറെക്കുറെ പൂർത്തിയായ ടെലിസ്കോപ്പിൻറെ പരിശോധനകൾ നാസയുടെ ഗൊഡ്ഡാർഡ് സ്പേസ് സെൻററിൽ തുടരുന്നതിനിടെയാണ് നീക്കം. ഹബിളും ജെയിംസ് വെബ്ബ് ടെലിസ്കോപ്പും അടക്കം സുപ്രധാന ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ച ഗോഡ്ഡാർഡ് സ്പേസ് സെന്റർ അടച്ചുപൂട്ടാനാണ് ശുപാർശ. ചൊവ്വയിൽ നിന്ന് സാമ്പിൾ തിരിച്ചെത്തിക്കാനുള്ള പദ്ധതിക്കും പൂട്ട് വീഴും. ശുക്രനിലേക്കുള്ള വീനസ് ദൗത്യവും ഉപേക്ഷിക്കേണ്ടി വരും. ഗോഡ്ഡാർ‍ഡ് സെന്റർ അടച്ചുപൂട്ടിയാൽ ശാസ്ത്രജ്ഞരടക്കം പതിനായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും.

നാസയ്ക്ക് മാത്രമല്ല ആഗോള ശാസ്ത്ര സമൂഹത്തിന് തന്നെ ഇത് വലിയ ആഘാതമാകും. നാസ അഡ്മിനിസ്ട്രേറ്ററായി ട്രംപ് ഭരണകൂടം നാമനിർദ്ദേശം ചെയ്ത ജാറെഡ് ഐസക്മാൻ കൺഫർമേഷൻ ഹിയറിംഗിൽ ശാസ്ത്ര പര്യവേഷണ പദ്ധതികൾ തുടരുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. പുതിയ നീക്കങ്ങളെ പറ്റി ഐസക്മാനോട് ചർച്ച നടത്തിയിട്ട് പോലുമില്ലെന്നാണ് വിവരം. കാലാവസ്ഥ പഠനത്തിനുള്ള മുൻനിര ഏജൻസിയായ എൻ ഒ ഒ എയിലും വൻ വെട്ടിച്ചുരുക്കലാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. അമേരിക്കൻ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെല്ലാം ട്രംപ് നയങ്ങൾ കാരണം അസ്ഥിരമായിരിക്കുകയാണ്. നാസയുടെ ചിറകരിയുന്ന ട്രംപിൻറെ നീക്കങ്ങൾക്ക് കോൺഗ്രസ് തടയിടുമെന്നാണ് പ്രതീക്ഷ.

കൊട്ടാരക്കരയിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിലും കാപ്പാ ശിക്ഷ പ്രകാരം ജില്ലയിൽ പ്രവേശിച്ചു കൂടാൻ കഴിയാത്തതുമായ് കുര  സുഭാഷ് ഭവനിൽ സുഭാഷ് നെ ആണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് പിടികൂടിയത്. കൊലപാതക കേസ് ഉൾപ്പെടെ നിരവധി കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരവേ ആണ് വീണ്ടും ഒറീസ്സയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ  കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചു കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ പിടിയിലാകുന്നത്.കൊട്ടാരക്കര dysp ബൈജു കുമാറിന്റെ നിർദ്ദേശനുസരണം കൊല്ലം റൂറൽ ഡാൻസഫ് ടീം എസ്. ഐ മാരായ ദീപു കെ. എസ്, മനീഷ്, GSI ശ്രീകുമാർ സി പി ഓ മാരായ സജുമോൻ, ദിലീപ്, നഹാസ്, വിപിൻ ക്‌ളീറ്റസ് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ്, GSI രാജൻ,ASI ഹരിഹരൻ, സിപി ഓ മാരായ അജിത്, സന്തോഷ്‌, അഭി സലാം, മനു എന്നിവർ ചേർന്നാണ്  പ്രതിയെ പിടികൂടിയത്.

ഓശാന ചടങ്ങുകൾക്കിടെ കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പിന് അപ്രതീക്ഷിത അതിഥി, സന്ദർശിച്ച് എംവി ​ഗോവിന്ദൻ

കോഴിക്കോട്: കോഴിക്കോട് അതിരൂപതയൂടെ ആദ്യ ആർച്ച് ബിഷപ്പ് ഡോക്ടർ വർഗ്ഗീസ് ചക്കാലക്കലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ദേവമാതാ കത്തീഡ്രലിൽ ഓശാന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ആശംസകളുമായി എം.വി. ഗോവിന്ദനെത്തിയത്. മന്ത്രി മുഹമ്മദ് റിയാസും കൂടെ ഉണ്ടായിരുന്നു. ആർച്ച് ബിഷപ്പും എം.വി. ഗോവിന്ദനും സൗഹൃദം പങ്കുവെച്ച് പിരിഞ്ഞു.

ഇന്നലെയാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പിനെ ആർച്ച് ബിഷപ്പായും വത്തിക്കാനിൽ നിന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ആർച്ച് ബിഷപ്പിനെ സന്ദർശിച്ചിരുന്നു.

മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട് അതിരൂപത മാറിയിരുന്നു. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ.

തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ. കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ തൃശൂർ മാള സ്വദേശിയാണ്. 2012 മുതൽ കോഴിക്കോട് രൂപത ബിഷപ്പാണ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.

പ്രധാനമന്ത്രി ക്രിസ്മസ്, ഈസ്റ്റർ ആഘോഷത്തിനെത്തുന്ന പള്ളിക്ക് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നൽകിയില്ല

ന്യൂഡൽഹി: കുരുത്തോല പ്രദക്ഷിണത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതായി സേക്രഡ് ഹാർട്ട് ദേവാലയം. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞത്. സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്.

ഉച്ചക്ക് ശേഷം പള്ളി വളപ്പിൽ പ്രദക്ഷിണം നടക്കും. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം. ഇന്ന് വൈകീട്ടായിരുന്നു കുരിശിന്റെ വഴിയെന്ന പേരിൽ കുരുത്തോല പ്രദക്ഷിണം നടത്താൻ തീരുമാനിച്ചത്. അതിനുള്ള അനുമതിയാണ് നിഷേധിച്ചത്.

സംഭവത്തിൽ വിശ്വാസികൾക്ക് അതൃപ്തിയുണ്ട്. പള്ളിക്കുള്ളിൽ പ്രദക്ഷിണം നടത്തുമെന്ന് പള്ളി അധിക‍ൃതർ അറിയിച്ചു. എല്ലാ വര്‍ഷവും പ്രദക്ഷിണം നടക്കാറുണ്ടെന്ന് പള്ളി വികാരി പറഞ്ഞു. ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി നടക്കാറുള്ള ചടങ്ങാണിത്. എന്നാല്‍, കൃത്യമായ കാരണം കാണിക്കാതെയാണ് അനുമതി നിഷേധിച്ചതെന്നും വികാരി പറഞ്ഞു.

ആധാര്‍ കാര്‍ഡ് കൈവശമില്ലെങ്കിലും ഇനി കുഴപ്പമില്ല… ആധാർ ആപ് പുറത്തിറക്കാൻ സർക്കാർ

ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിന്റെ പേരില്‍ പലര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും. എന്നാൽ ഇനി മുതൽ അങ്ങനെയൊരു പ്രശ്നമേ ഉല്ല. ആധാര്‍ ആപ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വിവരങ്ങള്‍ ഡിജിറ്റലായി പരിശോധിക്കാനും പങ്കിടാനും അനുവദിക്കുന്നതാണ് ആപ്. ആപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡോ അതിന്റെ പകര്‍പ്പോ കയ്യില്‍ കൊണ്ടുനടക്കേണ്ടതിന്റെ ബുദ്ധിമുട്ട് ഇല്ലാതാകും.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ചൊവ്വാഴ്ച ആപ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഡിജിറ്റല്‍ നവീകരണത്തിന്റെ പ്രാധാന്യത്തോടൊപ്പം, ആധാര്‍ പരിശോധന എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാനും കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ഒരു നീക്കമെന്നാണ് പുതിയ ആപിന്റെ മന്ത്രി വിശേഷിപ്പിച്ചത്.

മൊബൈല്‍ ആപില്‍ ഫേസ് ഐഡി ഒതന്‍ഡിക്കേഷനോടെ ആധാര്‍ ആപില്‍ രജിസ്റ്റര്‍ ചെയ്യാം. ഫിസിക്കല്‍ കാര്‍ഡോ കോപ്പികളോ ആവശ്യമില്ലെന്നും എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിനി വൈഷ്ണവ് പറഞ്ഞു. സുരക്ഷിതമായ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഒറ്റ ക്ലിക്കില്‍ ആവശ്യമായ വിവരങ്ങള്‍ മാത്രം പങ്കിടാന്‍ ആപ് സൗകര്യമൊരുക്കും. സ്വകാര്യ വിവരങ്ങള്‍ക്ക് മേല്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.