കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് കേരള പൊലീസ് അന്വേഷിക്കുന്നില്ല. പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷത്തില്‍ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ എംആര്‍ രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു.
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു
വീട്ടിൽ നാരങ്ങ ഉണ്ടെങ്കിൽ വേനൽക്കാലം കൂൾ ആക്കാം
വേനൽക്കാലം എത്തിയതോടെ വീടിന് അകത്തും പുറത്തും കാഠിന്യമേറിയ ചൂടാണുള്ളത്. ഈ സമയത്ത് നമുക്ക് വേണ്ടത് ചൂടിനെ തുരത്താൻ കഴിയുന്ന സാധനങ്ങളാണ്. വേനൽക്കാലത്ത് ഏറെ ഉപയോഗമുള്ള ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് നിങ്ങൾക്ക് ഇക്കാര്യങ്ങളൊക്കെ വീട്ടിൽ ചെയ്യാൻ സാധിക്കും. അത് എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?
നാരങ്ങ കഷ്ണങ്ങളാക്കി മുറിച്ചെടുത്തതിന് ശേഷം വെള്ളത്തിലേക്കിടണം ശേഷം അതിലേക്ക് കുറച്ച് പുതിനയും ഗ്രാമ്പുവും കൂടെ ഇട്ടുകൊടുക്കാം. ഇതൊരു ബോട്ടിലിലാക്കി സ്പ്രേ ചെയ്താൽ വീട്ടിലെ ദുർഗന്ധങ്ങൾ പോവുകയും സുഗന്ധം പകരുകയും ചെയ്യുന്നു.
നാരങ്ങ കൊണ്ടൊരു സാലഡ് തയ്യാറാക്കാം
കഠിനയമേറിയ ചൂടിൽ നിന്നും ആശ്വാസമായി നാരങ്ങ കൊണ്ടൊരു സാലഡ് തയ്യാറാക്കാൻ സാധിക്കും. വെള്ളരി, തക്കാളി, തണ്ണിമത്തൻ എന്നിവയിലേക്ക് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. ഇത് നിങ്ങളുടെ സാലഡിന് കൂടുതൽ രുചിയും തണുപ്പും നൽകുന്നു.
ചർമ്മത്തെ സംരക്ഷിക്കാം
വേനൽക്കാലത്തെ ചൂടിൽ നിന്നും ചർമ്മത്തെ നന്നായി സംരക്ഷിക്കാൻ നാരങ്ങ നല്ലൊരു ഓപ്‌ഷനാണ്. നാരങ്ങ നീരിനൊപ്പം തേനും കറ്റാർവാഴയും ചേർത്ത് ഫേസ് മാസ്ക് തയാറാക്കാം. ഇത് നിങ്ങളുടെ ചർമ്മത്തെ തിളങ്ങുന്നതും കരിവാളിപ്പ് മാറ്റുകയും ചെയ്യുന്നു. അതേസമയം ഇത് ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം സൂര്യപ്രകാശമടിക്കാൻ പാടില്ല.
നാരങ്ങ വെള്ളം തയ്യാറാക്കാം
നാരങ്ങ വെള്ളം തയ്യാറാക്കുന്നത് സാധാരണമാണെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണിത്, പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ. ഈ ചൂടുകാലം തണുപ്പിക്കാൻ വ്യത്യസ്തമായ രീതിയിൽ നാരങ്ങ വെള്ളം തയ്യാറാക്കിയാലോ. ഇതിനായി നാരങ്ങ നീരിൽ പുതിന, ഉപ്പ്, മധുരം അതിനൊപ്പം കുറച്ച് തണുത്ത വെള്ളവും ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ചൂടുകാലത്ത് ഒഴിവാക്കാൻ കഴിയാത്ത പാനീയമാണ്.
നാരങ്ങ കൊണ്ട് ഐസ് ക്യൂബ്
ചൂടുകാലം കൂടുതൽ തണുപ്പിക്കാൻ നാരങ്ങ നീരിൽ പുതിനയും വെള്ളവും ചേർത്ത് ഐസ് ട്രെയിലാക്കി ഫ്രീസ് ചെയ്യാം. ഐസ് ക്യൂബ് ആയതിന് ശേഷം വെള്ളത്തിലിട്ട് കുടിക്കാവുന്നതാണ്.
ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമമുണ്ടോ? വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം
കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് എപി സുന്നി നേതാവ് ചോദിച്ചു. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. പൊലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തുറാബ് തങ്ങൾ പറഞ്ഞു.
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇത്തരം സംഭവങ്ങൾക്കെതിരെ ആരോഗ്യവകുപ്പും പൊലീസും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. മർകസുൽ ബദ്‍രിയ്യ ദർസ് ആരംഭവും സിഎം വലിയുല്ലാഹി ആണ്ട് നേർച്ചയും അസ്മാഉൽ ബ്ദറും എന്ന പരിപാടിയുടെ ഭാഗമായ മതപ്രഭാഷണ ചടങ്ങിലാണ് പ്രസവത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന.
കേന്ദ്രത്തിന് വീണ്ടും റിസർവ് ബാങ്കിന്റെ മെഗാ ‘ബംപർ’; ലാഭവിഹിതമായി റെക്കോർഡ് ‘കൈനീട്ടം’ ഖജനാവിലേക്ക്
വരുമാനത്തിലെ ‘സർപ്ലസ്’ തുക എല്ലാക്കൊല്ലവും ‘കൈനീട്ടം’ നൽകി കേന്ദ്രസർക്കാരിന് സന്തോഷവും സാമ്പത്തികാശ്വാസവും സമ്മാനിക്കുന്ന റിസർവ് ബാങ്ക്, ഇക്കുറി കൈമാറുക എക്കാലത്തെയും റെക്കോർഡ് തുക.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതം 2.5 ലക്ഷം കോടി രൂപ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നതാകട്ടെ മൂന്ന് ലക്ഷം കോടി രൂപ. 2023-24ൽ കൈമാറിയ 2.10 ലക്ഷം കോടി രൂപയാണ് നിലവിലെ റെക്കോർഡ്.
റിസർവ് ബാങ്കിൽ നിന്ന് ഇങ്ങനെ ‘ബംപർ’ അടിക്കുന്നത് ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമപദ്ധതികൾക്ക് പണം ഉറപ്പാക്കാനും കേന്ദ്രസർക്കാരിന് വലിയ സഹായവുമാകുന്നുണ്ട്. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന അടിയന്തര വായ്പകൾ, നിക്ഷേപങ്ങൾ, ഡോളർ വിറ്റഴിക്കൽ എന്നിവ വഴിയാണ് റിസർവ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്.
ചെലവുകൾ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുന്നത്. ജിഡിപിയുടെ 0.1 മുതൽ 0.4% വരെയാണ് കീഴ്‍വഴക്കപ്രകാരം റിസർവ് ബാങ്ക് കൈമാറിയിരുന്ന സർപ്ലസ്. എന്നാൽ, മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഇത് 0.5-0.55% വരെയായി.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആഘാതം കുറയ്ക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ സാമ്പത്തികവർഷം കരുതൽ വിദേശനാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റൊഴിഞ്ഞിരുന്നു.
മുൻകാലങ്ങളിൽ കുറഞ്ഞമൂല്യത്തിൽ നിന്നപ്പോൾ വാങ്ങിയ ഡോളറാണ്, കഴിഞ്ഞവർഷം മൂല്യം ഉയർന്നപ്പോൾ വിറ്റൊഴിഞ്ഞത്. ഇതുവഴി വൻ ലാഭം റിസർവ് ബാങ്കിനു കിട്ടിയിരുന്നു. പുറമെ, വിപണിയിൽ പണലഭ്യത മെച്ചപ്പെടുത്താനുള്ള വിവിധ നടപടികൾ വഴിയും റിസർവ് ബാങ്ക് മികച്ച വരുമാനനേട്ടം കൈവരിച്ചിരുന്നു. ഇതുകൊണ്ടാണ്, റെക്കോർഡ് ലാഭവിഹിതം കേന്ദ്രത്തിന് കൈമാറാൻ റിസർവ് ബാങ്കിനു കഴിയുന്നതും. ലാഭവിഹിതം സംബന്ധിച്ച പ്രഖ്യാപനം അടുത്തമാസമുണ്ടാകും.
കേന്ദ്രത്തിന് റിസർവ് ബാങ്ക്
നൽകിയ ലാഭവിഹിതം
∙ 2018-19 : 1,76,051 കോടി രൂപ
∙ 2019-20 : 57,128 കോടി രൂപ
∙ 2020-21 : 99,122 കോടി രൂപ
∙ 2021-22 : 30,307 കോടി രൂപ
∙ 2022-23 : 87,416 കോടി രൂപ
∙ 2023-24 : 2,10,874 കോടി രൂപ
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളിൽ കുരുമുളക് വില, കുത്തനെയിടിഞ്ഞ് ഉത്പാദനം, കർഷകർ പ്രതിസന്ധിയിൽ
കട്ടപ്പന: കാലാവസ്ഥ വ്യതിയാനം മൂലം ഉൽപ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ കുരുമുളക് കർഷകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ വർഷത്തെ വേനൽ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും നടുവൊടിച്ചിരുന്നു. ഇടുക്കിയിൽ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. 39 കോടിയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
ഇത്തവണ നല്ല ഉൽപ്പാദനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരുണ്ടായിരുന്നത്. എന്നാൽ വേനലിനു ശേഷമുണ്ടായ മഴ കർഷകരെ ചതിച്ചു. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികൾ തളിർക്കുന്നത്. ഇതിനു ശേഷം ചെറിയ ഇടവേള കിട്ടിയെങ്കിൽ മാത്രമേ വള്ളികളിൽ കുരുമുളക് തിരിയിടുകയുള്ളൂ. മഴക്കുള്ള ഈ ഇടവേള കിട്ടാതെ വന്നതോടെ തിരികളുണ്ടാകുന്നത് ഗണ്യമായി കുറഞ്ഞു. ഇതാണ് ഉൽപ്പാദനം കുറയാൻ പ്രധാന കാരണമായത്. വിളവെടുത്തു കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തേതിൻറെ മൂന്നിൽ രണ്ട് മാത്രമാണ് കിട്ടിയത്. വിലയിൽ ഇത്തവണ കാര്യമായ വർധനവുണ്ടായി. കിലോയ്ക്ക് 700 രൂപക്ക് മുകളിലാണിപ്പോൾ വില. എന്നാൽ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതിനാൽ കർഷകർക്ക് പ്രയോജനമില്ലാതായി.
കുരുമുളക് കൃഷി ചെയ്യുന്ന സ്ഥലത്തിൻറെ വിസ്തീർണത്തിലും സംസ്ഥാനത്ത് വലിയ കുറവുണ്ടായിട്ടുണ്ട്. 2014 ൽ 85,431 ഹെക്ടർ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ വർഷമിത് 72,600 ഹെക്ടറായി കുറഞ്ഞു. ഇതോടൊപ്പം വിവിധ തരത്തിലുള്ള രോഗങ്ങളും കുരുമുളക് ചെടികൾ ഇല്ലാതാക്കി. കൂടുതൽ വിളയും വിലയും ലഭിക്കുന്ന കൃഷികളിലേക്ക് മാറാനുള്ള തീരുമാനത്തിലാണ് കുരുമുളക് കർഷകരിലധികവും.
ഫെയ്സ്ബുക്കിലൂടെ യുവതിയുമായി സൗഹൃദം, പലതവണയായി തൃശൂർ സ്വദേശി നൽകിയത് 1.90 കോടി, തട്ടിപ്പിൽ ഒരാൾ പിടിയിൽ
തൃശൂർ: ഓൺലൈനിലൂടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരൻ അറസ്റ്റിലായി. നൈജീരിയൻ പൗരനായ ഓസ്റ്റിൻ ഓഗ്ബയെ ആണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യാജ വാഗ്ദാനങ്ങൾ നൽകി തൃശൂർ സ്വദേശിയുടെ ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
2023 മാർച്ച് ഒന്നിനാണ് കേസിനാസ്‌പദമായ സംഭവത്തിൻറെ തുടക്കം. തൃശൂർ സ്വദേശി ഫെയ്സ്ബുക്കിലൂടെയാണ് പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടത്. സിറിയയിൽ യുദ്ധം വന്നപ്പോൾ രക്ഷപ്പെട്ട് തുർക്കിയിൽ എത്തിയതാണെന്ന് സ്ത്രീ തൃശൂർ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളുമടങ്ങിയ രണ്ട് ബോക്‌സുകൾ ഈജിപ്‌തിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും തിരിച്ചെടുക്കുന്നതിനു പണം വേണമെന്നും ആവശ്യപ്പെട്ടു.
മാർച്ച് മാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി ആകെ 1.90 ലക്ഷം രൂപ കൈമാറുകയായിരുന്നു. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കിയ തൃശൂർ സ്വദേശി ഒല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് കേസ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് നൈജീരിയൻ പൗരനെ മുംബൈയിൽ നിന്ന് പിടികൂടിയത്.
2 ജില്ലകളിലൊഴികെ എല്ലായിടത്തും മുന്നറിയിപ്പ്; ഉയർന്ന താപനില മാത്രമല്ല, അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. 2025 ഏപ്രിൽ 14,15 തീയതികളിൽ കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രിൽ 14,15 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വയനാട്ടിൽ വിവിധയിടങ്ങളിൽ മഴയും കാറ്റുമാണ്. രണ്ടു മണിയോടെയാണ് വേനൽ മഴ ശക്തമായത്. കാലാവസ്ഥ വിഭാഗം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായും പ്രത്യേക ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (14/04/2025) രാത്രി 11.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് (14/04/2025) രാത്രി 11.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി
ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. താരത്തെ വീട്ടിലെത്തി വധിക്കുമെന്നും കാര്‍ ബോംബ് വച്ച് തകര്‍ക്കുമെന്നുമാണ് വാട്സാപ്പ് സന്ദേശത്തിന്‍റെ ഉള്ളടക്കം. മുംബൈ വര്‍ളി ട്രാന്‍സ്പോര്‍ട്ട് ഓഫിസിലേക്കാണ് സന്ദേശമെത്തിയത്. സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്‍റേതാണോ ഭീഷണിയെന്ന് പൊലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സല്‍മാന്‍റെ വസതിക്ക് നേരെ വെടിവയ്പ്പ് ഉണ്ടാവുകയും സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ ആക്രമണം ഉണ്ടായത്. ഇതോടെ സല്‍മാന്‍റെ സുരക്ഷ ശക്തമാക്കുകയും വസതിയിലെ മട്ടുപ്പാവില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുള്‍പ്പടെ സ്ഥാപിക്കുകയും ചെയ്തു.
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്ന് ആരോപിച്ചാണ് ബിഷ്ണോയ് ഗ്യാങ് സല്‍മാനെതിരെ വധഭീഷണി നേരത്തെ മുഴക്കിയത്. ബിഷ്ണോയ് സമൂഹം പവിത്രമായി കാണുന്ന കൃഷ്ണമൃഗത്തെ ആക്രമിച്ചതിന് പകരം ചോദിക്കുമെന്നായിരുന്നു ലോറന്‍സ് ബിഷ്ണോയുടെ ഭീഷണി.
കെ. സി. സി. നെടുമങ്ങാട് അസംബ്ലി പ്രവർത്തന ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു
തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് കേരളത്തിലുടനീളം സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപ്പീകരിച്ച നെടുമങ്ങാട് അസംബ്ലിയുടെ പ്രവർത്തന ഉദ്ഘാടനം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. മുക്കോല സി. എസ്. ഐ സഭയിൽ നടന്ന യോഗത്തിൽ അസംബ്ലി പ്രസിഡന്റ് റവ. എൻ. ആർ. സനിൽ കുമാർ അധ്യക്ഷനായിരുന്നു. സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ സഭയുടെ ബിഷപ്പ് ഡോ. ഓസ്റ്റിൽ എം എ പോൾ പുതിയ ഭാരവാഹികൾക്കുള്ള നിയോഗ ശുശ്രൂഷക്ക് നേതൃത്വം നൽകി. കെ. സി. സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യ സന്ദേശം നൽകി.
കെ സി സി ജില്ലാ പ്രസിഡന്റ് റവ. എ. ആർ. നോബിൾ, ട്രഷറർ റവ. ഡോ. എൽ. ജെ. സാംജീസ്, അസംബ്ലി സെക്രട്ടറി ജി. വിജയരാജ്, ട്രഷറർ ജെ. വി സന്തോഷ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിന് ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ കൂടി
തിരുവനന്തപുരം: ഈ വർഷം ഓടിത്തുടങ്ങുന്ന പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളില്‍ ഒരെണ്ണം കേരളത്തിന് അനുവദിക്കുമെന്ന് സൂചന.
ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിക്കുന്ന 16 കോച്ച് ട്രെയിൻ തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ ഓടിക്കാനാണ് ആലോചിക്കുന്നത്.
തിരുവനന്തപുരം – ബംഗളൂരു, കൊങ്കണ്‍ റൂട്ടില്‍ പരിഗണിക്കുന്ന കന്യാകുമാരി – ശ്രീനഗർ റൂട്ടുകളും അനുവദിക്കപ്പെട്ടാല്‍ കേരളത്തിനു നേട്ടമാകും.
ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്റ്ററിയിലാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകള്‍ നിർമിക്കുന്നത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനാണ് ഇതിന്‍റെ ചുമതല. 16 കോച്ചുള്ള വന്ദേ ഭാരത് സ്ലീപ്പറില്‍ ഒരേ സമയം 1128 പേർക്ക് യാത്ര ചെയ്യാം.
അത്യാധുനിക രീതിയില്‍ തയാറാക്കി ബർത്തുകള്‍ യാത്രാ സുഖം ഉറപ്പ് നല്‍കുന്നു. വായിക്കാൻ പ്രത്യേക പ്രകാശ ക്രമീകരണവും, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എല്‍ഇടി ഡിസ്പ്ലേയുമെല്ലാം സ്ലീപ്പർ കോച്ചിന്‍റെ പ്രത്യേകതകളാണ്.
മോഡുലാർ പാൻട്രി, ഓട്ടോമാറ്റിക് വാതിലുകള്‍, മികച്ച സുരക്ഷാ സംവിധാനങ്ങള്‍, ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള ശൗചാലയങ്ങള്‍ തുടങ്ങിയവും ഇതിലുണ്ടാകും.







































