Home Blog Page 1221

വെറൈറ്റി മോഷണം, കയറിയത് ആശുപത്രിയിൽ; ഫാര്‍മസിയിലെത്തി ഉറക്ക ഗുളികയുൾപ്പെടെ 6,000 രൂപയുടെ മരുന്ന് മോഷ്ടിച്ചു

ഛണ്ഡിഗഡ്: ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മരുന്ന് മോഷണം പോയതായി പരാതി. ഹരിയാനയിലെ പഞ്ച്കൂല സിവില്‍ ആശുപത്രിയിലാണ് 6,000 രൂപ വിലവരുന്ന മരുന്ന് മോഷണം പോയത്. ചൊവ്വാഴ്ചയാണ് മോഷണവിവരം പുറത്തറിയുന്നത്.

ആശുപത്രിയിലെ ഒന്നാം നിലയിലെ ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന മരുന്നാണ് മോഷണം പോയത്. മരുന്ന് സൂക്ഷിച്ചിരുന്ന മുറിയിലെ ജനലും വാതിലും തുറന്നിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് നഷ്ടപ്പെട്ടതായി മനസിലാകുന്നത്.

ഉറക്ക ഗുളികയായ ആല്‍പ്രാക്സും സൈക്യാട്രിക് ഡിസോഡറുകള്‍ക്കും ഡ്രഗ് അഡിക്ഷനും ഉപയോഗിക്കുന്ന മരുന്നുകളുമാണ് മോഷണം പോയിരിക്കുന്നത്. സംഭവം മനസിലാക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയും കാണാതായ മരുന്നുകളെ സംബന്ധിക്കുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മോഷണം നടന്ന രാത്രിയില്‍ ആറ് സെക്യൂരിറ്റി ജീവനക്കാരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ചു; ആറാം ഘട്ട പരിപാലനത്തിന് 4.5 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു. നീന്തൽ കുളത്തിന്‍റെ ആറാം ഘട്ട പരിപാലനത്തിനാണ് നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തൽ കുളത്തിന്‍റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഊരുളങ്കൽ ലേബർ സൊസൈറ്റിക്കാണ് നീന്തൽകുളത്തിന്‍റെ നവീകരണത്തിനും പരിപാലത്തിനുമായി കരാർ നൽകിയിരുന്നത്. പിണറായി സര്‍ക്കാര്‍ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വെന്റിലേറ്ററിലായിരുന്ന യുവതി ലൈം​ഗികപീഡനത്തിനിരയായ സംഭവം‌; കേസെടുത്ത് ദേശീയ വനിത കമ്മീഷൻ

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ യുവതി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് കമ്മീഷൻ നിർദേശിച്ചു.

ഏപ്രിൽ ആറിനാണ് യുവതി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിന് ഇരയായത്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഹരിയാനയിലെ മേദാന്ത ആശുപത്രി അധികൃതർ അറിയിച്ചു.

ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമിൽ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഏപ്രിൽ ആറിനാണ് വെന്റിലേറ്ററിൽ കഴിയവെ ലൈംഗിക പീഡനത്തിന് ഇരയായത്. പിന്നീട് ഏപ്രിൽ 13ന് ഡിസ്ചാർജ് ആയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഗവര്‍ണറുടെ കാര്‍ കൊട്ടാരക്കരയില്‍ അപകടത്തില്‍പ്പെട്ടു

ഗവര്‍ണറുടെ കാര്‍ കൊട്ടാരക്കരയില്‍ അപകടത്തില്‍പ്പെട്ടു. കേരള ഗവര്‍ണര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ കാറാണ് അപകടത്തില്‍ പെട്ടത്. ഗവര്‍ണര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. കൊട്ടാരക്കര കരിക്കകത്തു വച്ച് മറ്റൊരു കാറുമായാണ് വാഹനം കൂട്ടിയിടിച്ചത്.

കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കൊല്ലം: വില്‍പനയ്ക്കായി കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ഓച്ചിറ മേമന കാരലില്‍ തറവീട്ടില്‍ അരുണ്‍ കൃഷ്ണനെ(34)യാണ് കൊല്ലം ഫസ്റ്റ് അഡി. ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്.
2022 ഏപ്രില്‍ 24ന് രാത്രി 10നാണ് ഓച്ചിറ മേമന ജങ്ഷനില്‍ 2.2 കിലോ കഞ്ചാവുമായി പ്രതി, കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ്് ആന്‍ഡ് നാര്‍കോട്ടിക് സ്‌ക്വാഡ് സ്പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി. ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ രാജഗോപാലന്‍ ചെട്ടിയാര്‍ പ്രോസിക്യൂഷന്‍ സഹായിയായിരുന്നു.

റോഡ് മുറിച്ച് കടക്കുന്ന സ്കൂട്ടറിലിടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, കരുനാ​ഗപ്പള്ളിയിൽ വൈദ്യുത തൂണിലിടിച്ച് കായിക താരം മരിച്ചു

കൊല്ലം: ദേശീയപാതയിൽ കൊല്ലം കരുനാഗപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ കായികതാരം മരിച്ചു. തഴവ വടക്കുംമുറി സ്വദേശി 19 വയസുള്ള നന്ദദേവൻ ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കാതെ ഒഴിഞ്ഞു മാറുന്നതിനിടെയാണ് ബൈക്കിൻറെ നിയന്ത്രണംവിട്ടത്.

‘ആ കുഞ്ഞുമുഖം മനസ്സിൽ നിന്ന് പോകുന്നില്ല, ഒരുതവണ ഞങ്ങളെ വന്നുകണ്ടിരുന്നെങ്കിൽ…’: ഏറ്റുമാനൂർ എസ്എച്ച്ഒ

കോട്ടയം: കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ കൂടിവരികയാണെന്ന് ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ അബ്ദുൽ. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച്‌ 30 വരെ ലഭിച്ച 700 പരാതികളിൽ 500ഉം കുടുംബ പ്രശ്നങ്ങൾ ആയിരുന്നുവെന്ന് എസ്എച്ച്ഒ പറയുന്നു.

കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ട് മണിക്ക് ശേഷം ഒപ്പിടാൻ പറയാറുണ്ടെന്ന് എസ്എച്ച്ഒ വിശദീകരിച്ചു. രണ്ട് മാസം മുൻപ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റിൽ ചാടി മരിച്ച അഭിഭാഷക ജിസ്മോൾ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി വന്നുകണ്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്ന് എസ്എച്ച്ഒ കുറിച്ചു.

കഴിഞ്ഞ രണ്ട് മാസം മുൻപ് ചിതറി തെറിച്ച ഷൈനിയെയും രണ്ട് കുഞ്ഞു ശരീരങ്ങളും മെഡിക്കൽ കോളേജ് ഇൻക്വസ്റ്റ് ടേബിളിൽ പെറുക്കി വെച്ച് ഇൻക്വസ്റ്റ് നടത്തുമ്പോൾ മക്കളുടെ മുഖങ്ങൾ ഓർമ വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയെന്ന് അദ്ദേഹം കുറിച്ചു. യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവമുണ്ടായി. ഒരു അമ്മയും രണ്ട് കുട്ടികളും കാരിത്താസ് ഹോസ്പിറ്റലിൽ. ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് എസ്എച്ച്ഒ കുറിച്ചു.

കുറിപ്പിൻറെ പൂർണരൂപം

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ 2025 ജനുവരി 1 മുതൽ മാർച്ച്‌ 30 വരെ 700 പരാതികൾ. (കോട്ടയം ജില്ലയിൽ തന്നെ കൂടുതൽ, അതിൽ 500ന് അടുത്ത് കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു 10 ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ട് മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ഏറ്റുമാനൂർ. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്.

ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല സാർ, ഒപ്പിടൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് ഏറ്റുമാനൂർ പോലീസുകാർ നൂറു കണക്കിന് ആത്‍മഹത്യകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസം മുൻപ് ചിതറി തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും മെഡിക്കൽ കോളേജ് ഇൻക്വസ്റ്റ് ടേബിളിൽ പെറുക്കി വെച്ച് ഇൻക്വസ്റ്റ് നടത്തുമ്പോൾ എന്റെ സിദ്രുവിൻറെയും അയനയുടെയും മുഖങ്ങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും കാരിത്താസ് ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ.

വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

കൊല്ലം: താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കല്‍ എന്നിവ ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനും ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലെ വൃത്തി സംബന്ധിച്ച്
താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ നിശ്ചിത മാതൃകയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുത്തു.
കൊല്ലം താലൂക്ക് സപ്ലൈ ഓഫിസര്‍ വൈ. സാറാമ്മയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ജി.ബിജുകുമാര കുറുപ്പ്, രാമചന്ദ്രന്‍, അജീഷ്, ആശ, അനില, ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലം പൂരത്തിൻറെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിൻറെ ചിത്രം; പരാതിയുമായി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും

കൊല്ലം: കൊല്ലം പൂരത്തിൽ ആർഎസ്എസ് നേതാവിൻറെ ചിത്രം ഉയർത്തിയത് വിവാദത്തിൽ. കൊല്ലം പൂരത്തിൻറെ ഭാഗമായുള്ള കുടമാറ്റത്തിലാണ് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻറെ ചിത്രം ഉയർത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻറെ ചിത്രവും ഉയർത്തിയത്.

ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് സംഭവം. ശ്രീനാരായണ ഗുരു, ബിആർ അംബേദ്ക്കർ, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉയർത്തിയതിനോടൊപ്പമാണ് ഹെഗ്ഡെ വാറിൻറെ ചിത്രവും ഉയർത്തിയത്.ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടക്കാറുള്ളത്. പൂരത്തിൻറെ ഇന്നലെ നടന്ന കുടമാറ്റത്തിലാണ് സംഭവം.

സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. വിശ്വാസികൾക്ക് ഇടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കാനുള്ള നീക്കമെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.

അതേസമയം, സംഭവത്തിൽ ഡിവൈഎഫ്ഐ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി. ആർഎസ്എസ് സ്ഥാപകൻറെ ചിത്രം പ്രദർശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിൻറെ ലംഘനമാണെന്നാണ് പരാതി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി.

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യർ വിപ്ലവ ഗാനങ്ങൾ പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.

പെന്‍സിലിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹപാഠിയെ വെട്ടി പരിക്കേല്‍പ്പിച്ച എട്ടാം ക്ലാസുകാരന്‍ പിടിയില്‍

പെന്‍സിലിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹപാഠിയെ വെട്ടി പരിക്കേല്‍പ്പിച്ച എട്ടാം ക്ലാസുകാരന്‍ പിടിയില്‍. തിരുനെല്‍വേലിയില്‍ പാളയം കോട്ടയിലെ സ്വകാര്യ സ്‌കൂളില്‍ ഇന്നലെ രാവിലെയാണ് സംഭവം. വെട്ടേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാന്‍ ശ്രമിച്ച അധ്യാപകനും പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇന്നലെ ബാഗില്‍ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരന്‍ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയില്‍ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. പാളയംകോട്ട മേഖലയിലെ സര്‍ക്കാര്‍ – സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ ദിവസവും പരിശോധിക്കാന്‍ അധികൃതര്‍ അധ്യാപകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.