Home Blog Page 1220

ദിവാകരൻ കൊലക്കേസ്; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ശിക്ഷകുറയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ചേർത്തല സ്വദേശി കെഎസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.

കേസിൽ നേരത്തെ ബൈജുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുള്ളതിനാൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയറുത്പന്നം പദ്ധതിയുടെ ഭാഗമായുള്ള കയര്‍തടുക്ക് വില്‍പനയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഭിഭാഷകൻ എംആർ അഭിലാഷാണ് ബൈജുവിനായി ഹാജരായത്.

സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ’ ഇര; ദിവ്യ ജോണി വിടവാങ്ങി

കണ്ണൂർ: മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യ ജോണിയെക്കുറിച്ച്‌ ആദ്യമായി കേരളം അറിഞ്ഞത് ഇങ്ങനെയായിരുന്നു.

സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോട് സമൂഹത്തിന് സ്വാഭാവികമായും വെറുപ്പ് മാത്രമേ തോന്നു. എന്നാല്‍, ദിവ്യ തന്റെ ജീവിതം തുറന്നുപറഞ്ഞപ്പോള്‍ ആ വെറുപ്പ് സഹതാപമായി, സ്നേഹമായി. അതിനേക്കാളുപരി പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാൻ സാധ്യതയുള്ള ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന മാനസികാവസ്ഥയെക്കുറിച്ച്‌ വലിയ ചർച്ചകള്‍ക്ക് തുടക്കമിടാൻ ദിവ്യയ്ക്ക് സാധിച്ചു.

സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ കുത്തുവാക്കുകളും മാനസികപീഡനവും; അതിലുപരി താൻ ചെയ്ത തെറ്റിന്റെ കുറ്റബോധവും ദിവ്യയെ വേട്ടയാടിയിരുന്നു. കാലക്രമേണ അതിനെയെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ദിവ്യ മരണത്തിന് മുന്നില്‍ കീഴടങ്ങിയെന്ന വാർത്തയാണ് പുറത്തുവന്നത്.

കണ്ണൂരിലെ ഭർതൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് വിവരം. സംഭവത്തില്‍ ആലക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കണ്ണൂർ സ്വദേശിയെ ദിവ്യ വിവാഹം ചെയ്തത്.

പഠിക്കാൻ മിടുക്കിയായിരുന്നു ദിവ്യ. ബിരുദാനന്തര ബിരുദത്തിന് ശേഷം പ്രണയിച്ച വ്യക്തിക്കൊപ്പം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍, ഭർതൃവീട്ടില്‍ കടുത്ത മാനസികപീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ദിവ്യ തുറന്നുപറഞ്ഞിട്ടുണ്ട്. ഗർഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും ജീവിതത്തെ പ്രതീക്ഷാപൂർവം തന്നെയാണ് ദിവ്യ കണ്ടത്. എന്നാല്‍, കുഞ്ഞുമായി പ്രസവത്തിന്റെ നാലാം ദിവസം ഭർതൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ ദിവ്യയോടുള്ള സമീപനത്തില്‍ അവർക്ക് മാറ്റമുണ്ടായില്ല.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ അതിന്റെ മൂർധന്യാവസ്ഥയിലെത്തിയപ്പോള്‍ ദിവ്യയുടെ മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിട്ടു. ആദ്യം കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊല്ലാൻ ശ്രമിച്ചു. പിന്നീട് മനസ്സുമാറിയപ്പോള്‍ അതില്‍നിന്ന് പിൻമാറി. എന്നാല്‍, മനസ്സ് വീണ്ടും കൈവിട്ടപ്പോള്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച്‌ ദിവ്യ കുഞ്ഞിനെ കൊലപ്പെടുത്തി.

ഈ സംഭവം നടക്കുന്നത് ദിവ്യയുടെ കുണ്ടറയിലെ വീട്ടില്‍വച്ചായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ പിതാവ് ജോണി ദിവ്യയെ അന്വേഷിച്ചപ്പോള്‍ കിടപ്പുമുറി അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. ഒരുപാട് തവണ മുട്ടിയെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍ പിതാവിന്റെ നിർബന്ധം സഹിക്കാനാകാതെ വന്നപ്പോള്‍ ദിവ്യ വാതില്‍ തുറന്നു. മുറക്കകത്ത് പ്രവേശിച്ചപ്പോള്‍ അനക്കമില്ലാതെ കിടക്കുന്ന പേരക്കുട്ടിയെയാണ് ജോണി അവിടെ കണ്ടത്. ഉടൻതന്നെ കുഞ്ഞിനെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന ദുഃഖവാർത്തയാണ് ആ കുടുംബത്തെ തേടിയെത്തിയത്.

കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തു. ചികിത്സയ്ക്ക് വിധേയയാക്കിയപ്പോള്‍ കടുത്ത പോസ്റ്റ്പാർട്ടം ഡിപ്രഷനാണെന്ന് മാനസിക വിദഗ്ധരും വിലയിരുത്തി. ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് ദിവ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് എല്ലാം തുറന്നുപറഞ്ഞുള്ള ഏതാനും അഭിമുഖങ്ങളിലൂടെയാണ് ദിവ്യ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്.

സുപ്രീംകോടതിയിൽ കേന്ദ്രത്തിനേറ്റത് കനത്ത പ്രഹരം, വഖഫ് ഭേദഗതിയിലെ 3 പ്രധാന വ്യവസ്ഥകൾ മരവിപ്പിക്കുമെന്ന് സൂചന

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് കേന്ദ്രസർക്കാരിനേറ്റത് കനത്ത പ്രഹരം. വഖഫ് നിയമഭേദഗതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചനയടക്കം നൽകിയുള്ള സുപ്രീംകോടതിയുടെ നിലപാട് ഹർജിക്കാർക്ക് ആശ്വാസമേകുന്നതാണ്.

നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്ന് തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിൻറെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവ് നാളത്തേക്ക് മാറ്റുകയായിരുന്നു. ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംങ്ങൾ തന്നെയാകണം എന്ന നിലപാടെടുത്തു. നൂറൂ വർഷം മുമ്പുള്ള ചരിത്രം മായ്ച്ചു കളയാൻ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും കോടതി സർക്കാരിന് നൽകി.

വിശദവിവരങ്ങൾ

നിയമത്തിലെ മൂന്ന് വ്യവസ്ഥകളിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ച് വാദത്തിലുടനീളം ആശങ്ക അറിയിച്ചത്. നൂറ്റാണ്ടുകളായി ഉപയോഗത്തിലൂടെ വഖഫ് ആയ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താൽ എങ്ങനെ വഖഫ് അല്ലാതാക്കും എന്ന് കോടതി ചോദിച്ചു. പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള വഖഫ് സ്വത്തുക്കൾക്ക് എങ്ങനെ രേഖകൾ ഹാജരാക്കാൻ കഴിയും. നിയമം നടപ്പായാൽ രജിസ്റ്റർ ചെയ്യാത്ത ഭൂമി ആകെ വഖഫ് അല്ലാതാകുന്നതിൻറെ പ്രത്യാഘാതം ആശങ്ക ഉണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രജിസ്റ്റർ ചെയ്യാനുള്ള നിയമം നൂറു വർഷമായി ഇന്ത്യയിലുണ്ട് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോൾ അതിനു മുമ്പുള്ള ചരിത്രം മായ്ക്കരുത് എന്നായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. കേന്ദ്ര വഖഫ് കൗൺസിലിൽ ആകെയുള്ള 22 പേരിൽ എട്ടു പേർ മാത്രം മുസ്ലിംങ്ങൾ ആകാനുള്ള സാധ്യതയും നിയമം തുറന്നിടുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മന്ത്രി അടക്കമുള്ള എക്സ് ഒഫിഷ്യോ അംഗങ്ങളെ അംഗീകരിക്കാം. എന്നാൽ ബാക്കിയുള്ള അംഗങ്ങൾ മുസ്ലിങ്ങൾ തന്നെയാകണം.

ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണസമിതിയിൽ മുസ്ലിങ്ങളെ നിങ്ങൾ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. കൗൺസിലിൽ രണ്ട് അമുസ്ലിങ്ങളേ പരമാവധി ഉണ്ടാകൂ എന്ന ഉറപ്പ് എഴുതി നൽകാം എന്നാണ് കേന്ദ്ര സർക്കാർ മറുപടി നല്കിയത്. തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി എതി‍ർത്തു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിൻറെ സ്വഭാവം കേസിൽ അന്തിമ തീർപ്പു വരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇടക്കാല ഉത്തരവ് കോടതി പറഞ്ഞെങ്കിലും ഇതിൽ കേന്ദ്രത്തിൻറെ വിശദവാദം കേൾക്കണം എന്ന ആവശ്യം അംഗീകരിച്ച് നാളത്തേക്ക് മാറ്റുകയായിരുന്നു.

മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം എന്ന വാദമാണ് ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്. ഭണണനിർവ്വഹണവും മതാചാരവും കൂട്ടികലർത്തേണ്ടതില്ല എന്ന നിലപാട് കോടതി ഹർജിക്കാരെ അറിയിച്ചു. ട്രസ്റ്റ് രൂപീകരണത്തെക്കുറിച്ചുള്ള ഭാഗത്ത് കോടതി ഉത്തരവുകൾ ബാധകമാകില്ല എന്ന വരി നിയമത്തിൽ ചേർത്തതിലും ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. അക്രമത്തിലൂടെ സമ്മർദ്ദം ചെലുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിയമം പൂർണ്ണമായി സ്റ്റേ ചെയ്തില്ലെങ്കിലും തർക്കം ഉയർന്ന വ്യവസ്ഥകളിൽ കോടതി ഇടപെടാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാവുകയാണ്.

വെറൈറ്റി മോഷണം, കയറിയത് ആശുപത്രിയിൽ; ഫാര്‍മസിയിലെത്തി ഉറക്ക ഗുളികയുൾപ്പെടെ 6,000 രൂപയുടെ മരുന്ന് മോഷ്ടിച്ചു

ഛണ്ഡിഗഡ്: ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മരുന്ന് മോഷണം പോയതായി പരാതി. ഹരിയാനയിലെ പഞ്ച്കൂല സിവില്‍ ആശുപത്രിയിലാണ് 6,000 രൂപ വിലവരുന്ന മരുന്ന് മോഷണം പോയത്. ചൊവ്വാഴ്ചയാണ് മോഷണവിവരം പുറത്തറിയുന്നത്.

ആശുപത്രിയിലെ ഒന്നാം നിലയിലെ ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന മരുന്നാണ് മോഷണം പോയത്. മരുന്ന് സൂക്ഷിച്ചിരുന്ന മുറിയിലെ ജനലും വാതിലും തുറന്നിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് നഷ്ടപ്പെട്ടതായി മനസിലാകുന്നത്.

ഉറക്ക ഗുളികയായ ആല്‍പ്രാക്സും സൈക്യാട്രിക് ഡിസോഡറുകള്‍ക്കും ഡ്രഗ് അഡിക്ഷനും ഉപയോഗിക്കുന്ന മരുന്നുകളുമാണ് മോഷണം പോയിരിക്കുന്നത്. സംഭവം മനസിലാക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയും കാണാതായ മരുന്നുകളെ സംബന്ധിക്കുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മോഷണം നടന്ന രാത്രിയില്‍ ആറ് സെക്യൂരിറ്റി ജീവനക്കാരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ചു; ആറാം ഘട്ട പരിപാലനത്തിന് 4.5 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു. നീന്തൽ കുളത്തിന്‍റെ ആറാം ഘട്ട പരിപാലനത്തിനാണ് നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തൽ കുളത്തിന്‍റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഊരുളങ്കൽ ലേബർ സൊസൈറ്റിക്കാണ് നീന്തൽകുളത്തിന്‍റെ നവീകരണത്തിനും പരിപാലത്തിനുമായി കരാർ നൽകിയിരുന്നത്. പിണറായി സര്‍ക്കാര്‍ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വെന്റിലേറ്ററിലായിരുന്ന യുവതി ലൈം​ഗികപീഡനത്തിനിരയായ സംഭവം‌; കേസെടുത്ത് ദേശീയ വനിത കമ്മീഷൻ

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ യുവതി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് കമ്മീഷൻ നിർദേശിച്ചു.

ഏപ്രിൽ ആറിനാണ് യുവതി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിന് ഇരയായത്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഹരിയാനയിലെ മേദാന്ത ആശുപത്രി അധികൃതർ അറിയിച്ചു.

ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമിൽ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഏപ്രിൽ ആറിനാണ് വെന്റിലേറ്ററിൽ കഴിയവെ ലൈംഗിക പീഡനത്തിന് ഇരയായത്. പിന്നീട് ഏപ്രിൽ 13ന് ഡിസ്ചാർജ് ആയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഗവര്‍ണറുടെ കാര്‍ കൊട്ടാരക്കരയില്‍ അപകടത്തില്‍പ്പെട്ടു

ഗവര്‍ണറുടെ കാര്‍ കൊട്ടാരക്കരയില്‍ അപകടത്തില്‍പ്പെട്ടു. കേരള ഗവര്‍ണര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ കാറാണ് അപകടത്തില്‍ പെട്ടത്. ഗവര്‍ണര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. കൊട്ടാരക്കര കരിക്കകത്തു വച്ച് മറ്റൊരു കാറുമായാണ് വാഹനം കൂട്ടിയിടിച്ചത്.

കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കൊല്ലം: വില്‍പനയ്ക്കായി കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ഓച്ചിറ മേമന കാരലില്‍ തറവീട്ടില്‍ അരുണ്‍ കൃഷ്ണനെ(34)യാണ് കൊല്ലം ഫസ്റ്റ് അഡി. ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്.
2022 ഏപ്രില്‍ 24ന് രാത്രി 10നാണ് ഓച്ചിറ മേമന ജങ്ഷനില്‍ 2.2 കിലോ കഞ്ചാവുമായി പ്രതി, കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ്് ആന്‍ഡ് നാര്‍കോട്ടിക് സ്‌ക്വാഡ് സ്പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി. ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ രാജഗോപാലന്‍ ചെട്ടിയാര്‍ പ്രോസിക്യൂഷന്‍ സഹായിയായിരുന്നു.

റോഡ് മുറിച്ച് കടക്കുന്ന സ്കൂട്ടറിലിടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, കരുനാ​ഗപ്പള്ളിയിൽ വൈദ്യുത തൂണിലിടിച്ച് കായിക താരം മരിച്ചു

കൊല്ലം: ദേശീയപാതയിൽ കൊല്ലം കരുനാഗപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ കായികതാരം മരിച്ചു. തഴവ വടക്കുംമുറി സ്വദേശി 19 വയസുള്ള നന്ദദേവൻ ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കാതെ ഒഴിഞ്ഞു മാറുന്നതിനിടെയാണ് ബൈക്കിൻറെ നിയന്ത്രണംവിട്ടത്.

‘ആ കുഞ്ഞുമുഖം മനസ്സിൽ നിന്ന് പോകുന്നില്ല, ഒരുതവണ ഞങ്ങളെ വന്നുകണ്ടിരുന്നെങ്കിൽ…’: ഏറ്റുമാനൂർ എസ്എച്ച്ഒ

കോട്ടയം: കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ കൂടിവരികയാണെന്ന് ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ അബ്ദുൽ. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച്‌ 30 വരെ ലഭിച്ച 700 പരാതികളിൽ 500ഉം കുടുംബ പ്രശ്നങ്ങൾ ആയിരുന്നുവെന്ന് എസ്എച്ച്ഒ പറയുന്നു.

കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ട് മണിക്ക് ശേഷം ഒപ്പിടാൻ പറയാറുണ്ടെന്ന് എസ്എച്ച്ഒ വിശദീകരിച്ചു. രണ്ട് മാസം മുൻപ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റിൽ ചാടി മരിച്ച അഭിഭാഷക ജിസ്മോൾ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി വന്നുകണ്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്ന് എസ്എച്ച്ഒ കുറിച്ചു.

കഴിഞ്ഞ രണ്ട് മാസം മുൻപ് ചിതറി തെറിച്ച ഷൈനിയെയും രണ്ട് കുഞ്ഞു ശരീരങ്ങളും മെഡിക്കൽ കോളേജ് ഇൻക്വസ്റ്റ് ടേബിളിൽ പെറുക്കി വെച്ച് ഇൻക്വസ്റ്റ് നടത്തുമ്പോൾ മക്കളുടെ മുഖങ്ങൾ ഓർമ വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയെന്ന് അദ്ദേഹം കുറിച്ചു. യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവമുണ്ടായി. ഒരു അമ്മയും രണ്ട് കുട്ടികളും കാരിത്താസ് ഹോസ്പിറ്റലിൽ. ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് എസ്എച്ച്ഒ കുറിച്ചു.

കുറിപ്പിൻറെ പൂർണരൂപം

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ 2025 ജനുവരി 1 മുതൽ മാർച്ച്‌ 30 വരെ 700 പരാതികൾ. (കോട്ടയം ജില്ലയിൽ തന്നെ കൂടുതൽ, അതിൽ 500ന് അടുത്ത് കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു 10 ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ട് മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ഏറ്റുമാനൂർ. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്.

ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല സാർ, ഒപ്പിടൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് ഏറ്റുമാനൂർ പോലീസുകാർ നൂറു കണക്കിന് ആത്‍മഹത്യകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസം മുൻപ് ചിതറി തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും മെഡിക്കൽ കോളേജ് ഇൻക്വസ്റ്റ് ടേബിളിൽ പെറുക്കി വെച്ച് ഇൻക്വസ്റ്റ് നടത്തുമ്പോൾ എന്റെ സിദ്രുവിൻറെയും അയനയുടെയും മുഖങ്ങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും കാരിത്താസ് ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ.