Home Blog Page 1216

കുടിയേറ്റക്കാർ സ്ഥലം വിടാൻ ഫ്ലൈറ്റ് ടിക്കറ്റ്, പണം; ‘ആകർഷക’ പദ്ധതിയുമായി ട്രംപ്

വാഷിങ്ടൻ ∙ അനധികൃത കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞുപോകാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ആകർഷകമായ’ പദ്ധതി. നാ‌ട്ടിലേക്കു മ‌ടങ്ങാൻ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് വിമാന ടിക്കറ്റും കുറച്ചു പണവും നൽകുന്ന പദ്ധതിയാണ് ചാനൽ അഭിമുഖത്തിൽ പ്രഖ്യാപിച്ചത്.

ക്രിമിനലുകളായ കുടിയേറ്റക്കാരുടെ കാര്യത്തിൽ മാത്രമാണ് അറസ്റ്റുൾപ്പെടെ കർശന‍ നടപടികളെന്നും മറ്റുള്ളവരു‌ടെ കാര്യത്തിൽ ഉദാരസമീപനത്തിനു തയാറാണെന്നുമുള്ള സൂചനയാണ് നൽകിയത്. അനധികൃത കുടിയേറ്റക്കാർ സ്വമേധയാ നാട്ടിലേക്കു പോയാൽ പിന്നീട് നിയമപരമായ മാർഗങ്ങളിലൂടെ യുഎസിൽ തിരികെ വരാമെന്നാണ് ട്രംപ് പറയുന്നത്.

ഫൊറൻസിക്കും പൊലീസും തമ്മിൽ തർക്കം; മൃതദേഹം 4 മണിക്കൂറോളം കോട്ടയം മെഡി. കോളജ് വരാന്തയിൽ

ഏറ്റുമാനൂർ: ഫയൽ ആരെടുക്കുമെന്നുള്ള തർക്കംമൂലം മൃതദേഹം അനാഥമായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി വരാന്തയിൽ നാലു മണിക്കൂറോളം കിടന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച അനാഥന്റെ മൃതദേഹത്തോടാണ് അനാദരം.

ഒന്നരമാസം മുൻപു റെയിൽവേ ട്രാക്കിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ആളെ ഈസ്റ്റ് പൊലീസാണു മെഡിക്കൽ കോളജിലെത്തിച്ചത്. 63 വയസ്സുണ്ടെന്നു കരുതുന്നു. ചികിത്സയിൽ ഇരിക്കെ ഒരു മാസം മുൻപു മരിച്ചു. അന്നു മുതൽ മോർച്ചറിയിലായിരുന്നു. ബന്ധുക്കളാരും അന്വേഷിച്ചു വന്നില്ല. തുടർന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനും സംസ്കരിക്കാനുമുള്ള നടപടികളുമായി ഇന്നലെ രാവിലെ പൊലീസെത്തി.

ഒൻപതരയോടെ മൃതദേഹം പുറത്തിറക്കിയെങ്കിലും കേസ് ഷീറ്റ് ഉണ്ടെങ്കിലേ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയൂവെന്നു ഫൊറൻസിക് മേധാവി അറിയിച്ചു. കേസ് ഷീറ്റ് ഇല്ലെങ്കിൽ പിജി വിദ്യാർഥികളെക്കൊണ്ട് ഒപ്പിടുവിച്ച് പോസ്റ്റ്മോർട്ടം നടത്താമെന്നും അദ്ദേഹം നിർദേശിച്ചു.

മെഡിക്കൽ കോളജിലെ മെഡിക്കൽ റിക്കോർഡ്സ് ലൈബ്രറിയിലാണ് ഇത്തരം കേസ് ഫയലുകൾ. വകുപ്പ് മേധാവിയോ അന്നേ ദിവസം ഡ്യൂട്ടിയിലുള്ള മെഡിക്കൽ ഓഫിസറോ ലൈബ്രറിയിലെത്തി ഒപ്പിട്ടുവേണം കേസ് ഫയൽ എടുക്കാനെന്നാണ് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ നിർ‌ദേശം. തുടർനടപടികൾ വന്നാൽ ഫയൽ കൈപ്പറ്റിയവർ ഹാജരാകുകയും വേണം. പിജി വിദ്യാർഥികൾ പിന്നീട് ഇവിടെ തുടരാനുള്ള സാധ്യതയില്ലാത്തതിനാൽ സാധാരണ അവരെക്കൊണ്ട് ഫയൽ എടുപ്പിക്കാറുമില്ല.

അതോടെ ആരു ഫയലെടുക്കുമെന്ന തർക്കമായി. മൃതദേഹം നാല് മണിക്കൂറോളം മോർച്ചറി വരാന്തയിൽക്കിടന്നു. ഒടുവിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഫൊറൻസിക് വിഭാഗത്തിനു കർശന നിർദേശം നൽകിയതോടെ ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിന് കയറ്റി. മൂന്നോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം പൊലീസിനു കൈമാറി.

ഏഴ് പോസ്റ്റ്മോർട്ടങ്ങളാണ് ഇന്നലെ ഉണ്ടായിരുന്നത്. കേസുകൾ കൈകാര്യം ചെയ്യാൻ രണ്ടു പേർ മാത്രം. ഇതിനിടയിലാണ് മുൻകൂട്ടി അറിയിക്കാതെ പൊലീസ് എത്തിയത്. ഉടൻ പോസ്റ്റ്മോർട്ടം ചെയ്തു കിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ഫ്രീസറിൽ വച്ചിരുന്ന മൃതശരീരം പുറത്തെടുത്തു കുറച്ചുസമയത്തിനു ശേഷമേ പോസ്റ്റ്മോർട്ടം ചെയ്യാനാകൂ. ആവശ്യമുള്ള രേഖകളും പൊലീസ് കൊണ്ടുവന്നില്ല. എന്നിട്ടും സമയം കണ്ടെത്തി പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.

ഡോ. ഷെയ്ക് സക്കീർ ഹുസൈൻ

അനാഥനായതിനാലാണു പൊലീസ് ഇടപെട്ടത്. പൊലീസ് ആവശ്യപ്പെട്ടാൽ കേസ് ഷീറ്റ് ലഭിക്കില്ല. അത് എടുക്കേണ്ടത് ഫൊറൻസിക് വകുപ്പാണ്.

കോട്ടയം ഈസ്റ്റ് പൊലീസ്

ഭാര്യയുടെയും സഹോദരിയുടെയും മുന്നിൽവച്ച് മർദനം, ‘മാപ്പ്’ വിഡിയോ പ്രചരിപ്പിച്ച് ഭീഷണി: മനുവിന്റെ ആത്മഹത്യയിൽ അറസ്റ്റ്

കൊല്ലം: അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിൽ. ഇയാളുടെ നിരന്തര പ്രേരണയിലാണ് മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ‌. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച, മനു മാപ്പ് പറയുന്ന വിഡിയോ പകർത്തിയത് ഇയാളാണ്. മനുവിനെതിരെ പ്രചരിപ്പിച്ച വിഡിയോ ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞ വർഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സുഹൃത്തുക്കൾ വഴിയും ഓൺലൈൻ ചാനലുകൾ വഴിയും മനുവിനെ ജോൺസൺ സമ്മർദത്തിലാക്കി. ഈ മാസം ആദ്യമാണ് വിഡിയോ ഫെയ്സ്ബുക്കിൽ ജോൺസൺ പോസ്റ്റ് ചെയ്തത്. മരിക്കുന്നതിന് മുൻപ് മനു സുഹൃത്തുക്കൾക്കും ചില പൊലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അയച്ച വാട്‌സാപ് സന്ദേശത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു.

ഭാര്യയുടെയും സഹോദരിയുടെയും മുന്നിൽവച്ച് ജോൺസൺ മനുവിനെ മർദിച്ചു. വിഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പണം നൽകിയുള്ള ഒത്തുതീർപ്പിന് മനു വഴങ്ങാതായതോടെയാണ് വിഡിയോ ച്രരിപ്പിച്ചത് എന്നാണ് കണ്ടെത്തൽ. മനുവിനെതിരെ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

മുതലപ്പൊഴിയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് പൊഴിമുറിക്കൽ നടപടി തുടങ്ങും

തിരുവനന്തപുരം.
മുതലപ്പൊഴിയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് പൊഴിമുറിക്കൽ നടപടി തുടങ്ങും. ദുരന്തനിവാരണ നിയമ പ്രകാരം പൊലീസ് സാന്നിധ്യത്തിലായിരിക്കും രാവിലെ 9 മണിയോടെ പൊഴിമുറിക്കുക. എന്നാൽ പൊഴിമുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മത്സ്യത്തൊഴിലാളികൾ. ഉദ്യോഗസ്ഥരെത്തിയാൽ പ്രതിരോധിക്കാനാണ് തീരുമാനം. മണ്ണ് നീക്കം ചെയ്യാതെ പൊഴിമുറിക്കുന്നത് കണ്ണിൽപൊടിയിടാനുള്ള നടപടിയെന്നാണ് വിശദീകരണം. ഇന്നലെ ഫിഷറീസ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് പൊഴിമുറിക്കാൻ തീരുമാനമെടുത്തത്. മണ്ണ് മൂടിയതിനെ തുടർന്ന് പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

വർക്കല ഡിജെ പാർട്ടിക്കിടെ വ്യാപക റെയ്ഡ്

വർക്കല. ടൂറിസം മേഖലയായ ക്ലിഫ് മേഖലയിൽ ഡിജെ പാർട്ടിക്കിടെ  പോലീസ് റെയിഡ്

ഫ്രാങ്ക്ലിൻ കഫെ, ഡാർജിലിംഗ് കഫെ എന്നീ സ്ഥാപനങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്

രണ്ട് സ്ഥാപനങ്ങളിൽ നിന്നുമായി 26 ഓളം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിയർ ശേഖരം പിടികൂടി.

രണ്ടു സ്ഥാപനങ്ങളിലെയും നടത്തിപ്പുകാരെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാത്രി വർക്കല സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മിന്നൽ പരിശോധന നടത്തിയത് .

യുവാവിനെ നടുറോഡിൽ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊന്നു

തെങ്കാശി. യുവാവിനെ ഭാര്യയുടെ മുന്നിൽ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു

കൊല്ലപ്പെട്ടത് മുപ്പത്തിയഞ്ചുകാരനായ കുത്തലിങ്കം

കൊലപ്പെടുത്തിയ ശേഷം ഇരുകാലുകളും വെട്ടിമാറ്റി

മൃതദേഹം കാസിമേജർപുരം ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചു

നേരത്തേ പ്രദേശത്തുണ്ടായ തകർത്തിൽ പട്ടുരാജ് എന്ന യുവാവ് മരിച്ചിരുന്നു

പട്ടുരാജിന്റെ മൃതദേഹം കിടന്നയിടത്താണ് കൊലപാതകികൾ കുത്തലിങ്കത്തിന്റെ മൃതദേഹം ഉപേക്ഷിച്ചത്

കരുനാഗപ്പള്ളി റോഡ് പ്രശ്നങ്ങള്‍, എംഎല്‍എയുമായി ചര്‍ച്ച നടത്തി

കരുനാഗപ്പള്ളി. യുണൈറ്റഡ് മർച്ചൻ്സ് ചേമ്പർ കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികൾ,പുള്ളിമാൻ സാംസ്കാരിക വേദി ഭാരവാഹികളും ചേർന്ന് വിവിധ വിഷയങ്ങളായ റോഡ് വികസനം, പില്ലർ ഹൈവേ പുതിയകാവ് വരെ നീട്ടുന്നത് സംബന്ധിച്ച്, അടിപ്പാതകൾ,റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി യിൽ സ്റ്റോപ്പുകൾ അനുവദിക്കുന്നത്,റെയിൽവേ പാർസൽ ബുക്കിംഗ് പുനഃസ്ഥാപിക്കുന്നത്,ലിഫ്റ്റ് ,വെയിറ്റിംഗ് റൂം,റെയിൽവേ വികസനം തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. എം.എൽ.എ യുമായി എം.പി.യുടെ സാനിധ്യത്തിൽ കേന്ദ്ര മന്ത്രിമാരെ ഡൽഹിയിൽ പോയി കാണാനും,നിവേദനം നൽകി ചർച്ച നടത്താനും തീരുമാനിച്ചു.ചർച്ചയിൽ യു.എം.സി.കൊല്ലം ജില്ലാ പ്രസിഡൻ്റ് നിജാം ബഷി,പുള്ളിമാൻ സാംസ്കാരിക വേദി ചെയർമാൻ കെ.കെ.രവി, യു.എം.സി.ഭാരവാഹികളായ എസ്.ഷംസുദ്ദീൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

അവസാന പ്രതീക്ഷയും ഇല്ലാതായി, സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ

റാങ്ക് ലിസ്റ്റ് ഈ മാസം 19ന് അവസാനിക്കാനിരിക്കെ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ആയിരുന്നു ഉദ്യോഗാർത്ഥികളുടെ അവസാന പ്രതീക്ഷ. എന്നാൽ ഒഴിവ് മുഴുവൻ കണക്കാക്കി നിയമനം നൽകിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു

റാങ്ക് ലിസ്റ്റ് തീരും വരെ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ. 570 ഒഴിവുകൾ നിലനിൽക്കെ 292 നിയമനങ്ങൾ മാത്രം നടത്തിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങൾ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി

മുഖ്യമന്ത്രിയുടെ രാജിക്ക് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്,മേയ് 6ന് കളക്ടറേറ്റ് മാര്‍ച്ച്

തിരുവനന്തപുരം.മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്. മെയ് 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച് നടത്തുക. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസിസി പ്രസിഡന്റുമാരുടെയും യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മുഖ്യമന്ത്രി മാസപ്പടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ മകള്‍ക്കെതിരേ കുറ്റപത്രം നല്കിക്കഴിഞ്ഞു. മുഖ്യമന്ത്രി തന്നെ അഴിമതിയില്‍ മുങ്ങിനില്ക്കുമ്പോള്‍ അത് ഉദ്യോഗസ്ഥരും മാതൃകയാക്കി.

പിണറായി വിജയന്റെ വലംകൈയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞു. ലൈഫ് മിഷന്‍ കേസിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കിഫ്ബിയുടെ നിരവധി വഴിവിട്ട ഇടപാടുകളില്‍ സംരക്ഷണം ആവശ്യം ഉള്ളതിനാല്‍ കെഎം ഏബ്രഹാമിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അദ്ദേഹത്തെ ഉടന്‍ പുറത്താക്കണം. പിആര്‍ഡിയുടെ പിആര്‍ ജോലികള്‍ അനധികൃതമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മകന്റെ കമ്പനിക്കു നല്കിയതിനെതിനെതിരേ നടപടി പോയിട്ട് അന്വേഷണംപോലുമില്ല.

ഇന്റലിജന്‍സ് എഡിജിപി പി. വിജയനെതിരേ എഡിജിപി എംആര്‍ അജിത്കുമാര്‍ വ്യാജമൊഴി നല്കിയതിന് കേസെടുക്കണമെന്ന് പോലീസ് മേധാവി ഉത്തരവിട്ടിട്ടു മൂന്നുമാസമായെങ്കിലും മുഖ്യമന്ത്രിക്ക് അനക്കമില്ല.

മുനമ്പത്ത് കബളിപ്പിക്കല്‍

മുനമ്പം ജനതയെ ബിജെപിയും സിപിഎം പച്ചക്കുപറഞ്ഞ് കബളിപ്പിച്ചു. വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തിന് ഒരു പ്രയോജനവും കിട്ടില്ലെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്. മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്നു സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചാല്‍ ആ നിമിഷം തീരുന്ന പ്രശ്നമാണിത്. മുനമ്പം വിഷയത്തില്‍ ട്രൈബ്യൂണലിന്റെ വിധി വരാനിരിക്കെ സര്‍ക്കാരും വഖഫ് ബോര്‍ഡും ഹൈക്കോടതിയെ സമീപിച്ചത് വിഷയം നീട്ടിക്കൊണ്ടു പോയി വെടക്കാക്കി തനിക്കാക്കാനാണ്. എന്നാല്‍ ഇരുമുന്നണികളും വഞ്ചിക്കുകയായിരുന്നെന്ന് ജനം തിരിച്ചറിഞ്ഞു.

ആശാസമരം തീര്‍ക്കണം

ആശാവര്‍ക്കേഴ്സ് നടത്തുന്ന കരളലിയിക്കുന്ന സമരം രണ്ടു മാസം പിന്നിട്ടിട്ടും സര്‍ക്കാരിന് ഒരു കുലക്കുവില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ആശമാരുടെ ന്യായമായ അവകാശം സര്‍ക്കാര്‍ നിഷേധിക്കുമ്പോള്‍, കോടിക്കണക്കിനു രൂപ മുടക്കി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുകകയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പതിച്ച പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രം 20.71 കോടിയാണ് അനുവദിച്ചത്. ദശകോടികള്‍ പിന്നാലെ വരുന്നു. മുഖ്യമന്ത്രിക്ക് ഹെലിക്കോപ്റ്ററില്‍ കറങ്ങാനും കെവി തോമസിന് വാരിക്കോരി നല്കാനും പിഎസ് സി അംഗങ്ങള്‍ക്ക് തോന്നിയതുപോലെ ശമ്പളം വര്‍ധിപ്പിക്കാനും സര്‍ക്കാരിന് പണമുണ്ട്. പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍ക്ക് വയറുനിറച്ച് അധിക്ഷേപം മാത്രം. ആശാവര്‍ക്കേഴ്സുമായി ഉടനടി ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.

എഐസിസി പ്രമേയം

അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ പ്രമേയം ഇന്നു നടന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമേയത്തിന്റെ മലയാളം പരിഭാഷ എല്ലാവര്‍ക്കും വിതരണം ചെയ്തു. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ വ്യക്തതയും ദിശാബോധവും നല്കുന്ന പ്രമേയം താഴെത്തട്ടില്‍ വരെ എത്തിക്കും. 14 ജില്ലകളിലും തുടര്‍ന്ന് നിയോജക മണ്ഡലങ്ങളിലും വാര്‍ഡുകളിലും റിപ്പോര്‍ട്ട് ചെയ്യും.

കുടുംബസംഗമം

വാര്‍ഡ് തലത്തിലുള്ള മഹാത്മഗാന്ധി കുടുംബസംഗമം വന്‍ വിജയമാണെന്നു യോഗം വിലയിരുത്തി. 8000 കുടുംബസംഗമങ്ങള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളത് ഉടനേ പൂര്‍ത്തിയാക്കും.

നെല്ല് സംഭരിക്കണം

സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ അഗാധമായ പ്രതിസന്ധി നേരിടുന്നു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും കര്‍ഷക വിരുദ്ധ സമീപനവും മൂലം നീലമ്പേരുരില്‍ കര്‍ഷകര്‍ നെല്‍ തീയിട്ട് നശിപ്പിച്ചു. നെല്‍സംഭരിക്കാനും പണം നല്ലാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം

മതത്തിനതീതമായി ചില മൂല്യങ്ങൾ,ഹിമുക്രി ഏപ്രിൽ 25 ന് പ്രദർശനത്തിനെത്തുന്നു

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു.

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കതീതമായി മാനവികത, സ്നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രമാണ് ഹിമുക്രി.

പുതുമുഖം അരുൺ ദയാനന്ദ് നായകനാകുന്നു.ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ് നായികമാരാകുന്നത്. ഒപ്പം ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവരും അഭിനയിക്കുന്നു.

എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്. പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, അസോസിയേറ്റ് ഡയറക്ടർ എ എൽ അജികുമാർ, കലാസംവിധാനം അജി മണിയൻ. ചമയം രാജേഷ് രവിയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നിർവഹിക്കുന്നു. സംഘട്ടനം – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അശ്വിൻ സി ടി, അസ്നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്സ് – ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം -അജേഷ് ആവണി, വിതരണം – എഫ് എൻ എൻ്റർടെയ്ൻമെൻ്റ്, പി ആർ ഓ – എ എസ് ദിനേശ്, അജയ് തുണ്ടത്തിൽ