കുന്നത്തൂർ:നാട് അതിവേഗം പുരോഗതിയിലേക്ക് കുതിച്ചുയരുമ്പോഴും പുറംലോകത്തേക്ക് എത്താൻ ഇപ്പോഴും കിലോമീറ്ററുകളോളം നടക്കേണ്ട ഗതികേടിലാണ് കുന്നത്തൂർ പഞ്ചായത്തിലെ തോട്ടത്തുംമുറി, തൂമ്പിൻപുറം,കാരവിള,കാട്ടുവിള,ഐവിള ഗ്രാമവാസികൾ.കശുവണ്ടി തൊഴിലാളികൾ,വിദ്യാർത്ഥികൾ, കർഷകർ അടക്കമുള്ള യാത്രക്കാർ കാൽനടയായി കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിലെത്തിയാണ് മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.രാവിലെയും വൈകിട്ടുമാണ് യാത്രാക്ലേശം ഏറെയും അനുഭവപ്പെടുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ ഇവിടുത്തെ ജനങ്ങൾക്ക് നൽകുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ബസ് റൂട്ട് അനുവദിക്കുമെന്നത്.എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാവരും വാഗ്ദാനം വിസ്മരിക്കുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.കുന്നത്തൂർ പഞ്ചായത്തിലും ഭാഗികമായി ശാസ്താംകോട്ട പഞ്ചായത്തിലും ഉൾപ്പെടുന്ന ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്.വി.എസ് അച്ചുതാനന്ദൻ്റെ ഭരണകാലത്ത് കല്ലടയാറിനു കുറുകെയുള്ള ചീക്കൽകടവ് പാലം യാഥാർത്യമായപ്പോൾ തോട്ടത്തുംമുറി, തൂമ്പിൻപുറം വഴി ബസ് സർവ്വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.പാലത്തിൻ്റെ ഉദ്ഘാടന വേളയിൽ ഇതു സംബന്ധിച്ചുള്ള സൂചനയും മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ നൽകിയിരുന്നു.എന്നാൽ വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടും സർവ്വീസ് മാത്രം യാഥാർത്ഥ്യമായില്ല.കുന്നത്തൂരിലെ അവികസിത മേഖലകളിലെ ജനങ്ങൾക്ക് കാൽനടയാത്ര തന്നെ ശരണം.ഇതിനു പരിഹാരമായി കൊട്ടാരക്കര ട്രാൻ.ഡിപ്പോയിൽ നിന്നും പുത്തുർ – കുന്നത്തൂർ പാലം – മലനട ക്ഷേത്രം വഴി ചീക്കൽകടവ്,കൊല്ലത്തു നിന്നും കുണ്ടറ -പേരയം – കാഞ്ഞിരകോട്-ചിറ്റുമല -ചീക്കൽകടവ് -മലനട -കുന്നത്തൂർ പാലം – പുത്തൂർ വഴി കൊട്ടാരക്കരയിലേക്കും സർവ്വീസ് ആരംഭിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
പിടിതരാതെ സ്വർണ വില
സ്വർണ വില അനുദിനം റെക്കോർഡ് തിരുത്തി മുന്നേറുകയാണ്. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും വർധിച്ചു. പവൻവില ചരിത്രത്തിലാദ്യമായി 71,000 രൂപയും കടന്നു. 9,000 രൂപയെന്ന നാഴികക്കല്ലിൽ നിന്ന് വെറും 80 രൂപ അകലെയാണ് ഗ്രാം വില.
ഇന്ന് ഗ്രാമിന് 8,920 രൂപയിലും പവന് 71,360 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 5,560 രൂപ; ഗ്രാമിന് 695 രൂപയും. പണിക്കൂലിയും നികുതിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലും കൂടുതലാണ്.
‘ലഹരിക്കെതിരെ’ കേരള പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറം ഇന്ന് ചക്കുവള്ളിയിൽ
ചക്കുവള്ളി: വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി വ്യാപനവും തൻമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെയും പറ്റി സാമൂഹ്യത്തിൽ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടി കേരളാ പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ കൊല്ലം റൂറൽ 10-ാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് 3ന് ചക്കുവള്ളി ജംഗ്ഷനിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ‘കൈ കോർക്കാം യുവതയ്ക്കായ്’ എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം ഉദ്ഘാടനം ചെയ്യും.കെ പി ഒ എ ജില്ലാ പ്രസിഡൻ്റ് എസ് ജയകൃഷ്ണൻ അധ്യക്ഷനാകും. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ എസ് കെ., പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു മം ഗലത്ത്, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
നീറ്റ് പിജി പരീക്ഷ ജൂണ്‍ 15ന്, മെയ് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം
മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി 2025 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 15നാണ് പരീക്ഷ. ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.
ഇന്ന് വൈകീട്ട് മൂന്ന് മണി മുതല്‍ മെയ് ഏഴുവരെ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് ഏഴിന് രാത്രി 11.55 വരെ അപേക്ഷിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. natboard.edu.in. എന്ന സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
രണ്ടു ഷിഫ്റ്റുകളിലായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുന്നത്. രാവിലെ 9 മണി മുതല്‍ 12.30 വരെയുള്ള മൂന്നര മണിക്കൂറും ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ ഏഴു മണി വരെയുമാണ് ഷിഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള 52000 പിജി മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി രണ്ടുലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുമെന്നാണ് കണക്കുകൂട്ടല്‍.
നിര്യാതയായി
ശൂരനാട് : ശൂരനാട് വടക്ക് ശ്രീവത്സത്തിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ വത്സലയമ്മ (60) നിര്യാതയായി. സംസ്ക്കാരം പിന്നീട്
മക്കൾ: ശ്രീരാജ്, ശ്രീജിത്ത്, ആതിര
മരുമക്കൾ: ഗോപിക, ലീന, ഉദയകുമാർ
കൊച്ചുമകൾ : ശിവഗംഗ
ഗാസയുടെ മൂന്നിലൊരു ഭാഗം പൂര്‍ണമായി സൈന്യത്തിന്‍റെ നിയന്ത്രണത്തിലെന്ന് ഇസ്രയേല്‍
കീവ്: ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും വ്യക്തമാക്കി ഇസ്രയേല്‍. ഈജിപ്ഷ്യൻ അതിർത്തിയോടുചേർന്ന റാഫയ്ക്കും തെക്കൻ ഗാസയിലെ വലിയ നഗരമായ ഖാൻ യൂനിസിനുമിടയിലാണ് ഇടനാഴി നിര്‍മ്മിച്ചിട്ടുള്ളത്.
ഇസ്രയേല്‍ പുറത്തുവിട്ട ഒരു ഇന്‍ഫോഗ്രാഫിക് വീഡിയോയില്‍ റാഫയെയും ഖാന്‍ യൂനിസിനെയും വിഭജിക്കുന്ന മൊറാഗ് ഇടനാഴി കാണാം. മൊറാഗ് പണ്ടുണ്ടായിരുന്ന ഇസ്രയേലി കുടിയേറ്റ കേന്ദ്രമാണ്. പലസ്തീന്‍ നഗരങ്ങളായ ഖാൻ യൂനിസിനും റഫാക്കും ഇടയിലായിരുന്നു അത്. ഇങ്ങനെയൊരു ഇടനാഴി സ്ഥാപിച്ചതില്‍ ഗാസയുടെ സുഫ അതിർത്തിയും മൊറാഗുമായി ബന്ധിപ്പിച്ചിരുന്ന പഴയ വഴി തുറക്കൽ കൂടിയായിരുന്നു ലക്ഷ്യം. മൊറാഗ് ഇടനാഴി നിര്‍മ്മിച്ചതോടെ ഗാസ തെക്ക് – വടക്ക് – മധ്യം എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു. ഇതോടെ നഗരങ്ങളിലൂടെ ഗാസക്കാർക്ക് യാത്രകൾ അസാധ്യമായിരിക്കുകയാണ്.
ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട സിറ്റിയായിരുന്ന ഖാന്‍ യൂനിസ് തകര്‍ന്ന് തരിപ്പണമായി ഒന്നും അവശേഷിക്കാത്ത പ്രേതനഗരമായി മാറിയ കാഴ്ച ഇസ്രയേല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. അവശേഷിക്കുന്ന ഗാസയെ രണ്ടായി വിഭജിക്കുകയും ബന്ദികളെ തിരിച്ച് കിട്ടുന്നതുവരെ ആക്രമണം രൂക്ഷമാക്കുകയുമാണ് ലക്ഷ്യമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിട്ടുണ്ട്.
2023 ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധവും തുടര്‍ന്നുണ്ടായ വംശഹത്യയെ സംബന്ധിക്കുന്ന എല്ലാ ആരോപണങ്ങളും ഇസ്രായേൽ നിരന്തരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നര വര്‍ഷമായി ആക്രമം തുടരുകയാണ്. 50,000 ത്തിലധികം ആളുകള്‍ മരിച്ചു എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മാര്‍ച്ച് 18 ന് വീണ്ടു ആരംഭിച്ച വ്യോമാക്രമണം ഇന്നും ഗാസയില്‍ തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പ്രതിസന്ധിയില്‍ കൂടിയാണ് ഗാസ നിലവില്‍ കടന്നുപോകുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
‘എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്’; പ്രശാന്ത് ശിവൻ
പാലക്കാട്: എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ. ആലങ്കാരിക പ്രയോഗമാണ് നടത്തിയത്. കാലു കുത്താൻ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനർഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
പാലക്കാട് നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ ചടങ്ങ് കോൺഗ്രസ് അലങ്കോലപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചിട്ടും കോൺഗ്രസിനെതിരെ കേസെടുത്തിട്ടില്ല. അതിക്രമം നടത്തിയ രാഹുലിനെതിരെ കേസെടുത്തിട്ടില്ല. പൊലീസിന്റെ തല തല്ലിപൊളിച്ചയാളെ എംഎൽഎ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. എംഎൽഎ ക്കെതിരെ കൊലവിളി നടത്തിയിട്ടില്ല. പാലക്കാട് വന്നാൽ കാല് വെട്ടും എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വീഡിയോ കാണിച്ചു നൽകാമോ. എംഎൽഎ ഇരവാദം നടത്തുകയാണ്. ഇല്ലാത്ത കാര്യം പറഞ്ഞ എംഎൽഎ മാപ്പ് പറയണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
കൊലക്കേസ് പ്രതിയെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. പിണറായി വിജയൻ കൊലക്കേസ് പ്രതിയായിരുന്നു. ആരോപണം ഉന്നയിച്ച സന്ദീപിനെതിരെ കൂടുതൽ പറയുന്നില്ല. സന്ദീപ് പാർടി വിട്ടില്ലെങ്കിൽ മറ്റ് ചില കാര്യങ്ങൾക്ക് പുറത്താകുമായിരുന്നു. തൃശൂർ ടൗണിൽ കൂടി ഓടിയത് എന്തിനെന്ന് ഒന്ന് അന്വേഷിക്കാവുന്നതാണ്. ബിജെപിയെ പൊലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഞങ്ങൾ പോകുന്നുണ്ട്. ഇവിടുത്തെ സമാധാന അന്തരീക്ഷം തകർത്തത് കോൺഗ്രസുകാരാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് ഷൈൻ ടോം ചാക്കോയെക്കുറിച്ച്; വിൻസി ഫിലിം ചേംബറിന് പരാതി നൽകി
തിരുവനന്തപുരം: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് സൂത്രവാക്യം.
കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. തുടര്‍ന്നാണ് ആ നടന്‍ ആരെന്നതിനെ കുറിച്ച് വിന്‍സി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കറിവേപ്പില മാസങ്ങളോളം കേടുവരാതിരിക്കും; ഇങ്ങനെ സൂക്ഷിച്ചാൽ മതി
അടുക്കളയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നാണ് കറിവേപ്പില. പ്രകൃതിദത്തമായ ചേരുവകൾ ചേർക്കുമ്പോഴാണ് ഭക്ഷണത്തിന് കൂടുതൽ സ്വാദുണ്ടാകുന്നത്. അത്തരത്തിൽ ഏതൊരു ഭക്ഷണത്തിനൊപ്പവും ചേർക്കാൻ കഴിയുന്ന ഒന്നാണ് കറിവേപ്പില. എളുപ്പത്തിൽ എവിടെയും വളരുന്ന ഒന്നാണിത്. എന്നാൽ എല്ലാ വീടുകളിലും പച്ചക്കറികൾ വളർത്താറില്ല. അതിനാൽ തന്നെ ഇത്തരം സാധനങ്ങൾ കടയിൽ നിന്നും വാങ്ങേണ്ടതായി വരും. പലരും കറിവേപ്പില ഒരുമിച്ച് വാങ്ങി സൂക്ഷിക്കാറാണ് പതിവ്. എന്നാൽ വാങ്ങിയ കറിവേപ്പില നന്നായി സൂക്ഷിച്ചില്ലെങ്കിൽ ഇവ പെട്ടെന്ന് കേടായിപ്പോകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ അടുക്കളയിൽ കറിവേപ്പില സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്.
- കറിവേപ്പിലയിൽ നിന്നും ഇലകളെ മാത്രം അടർത്തിയെടുക്കണം. വെള്ളത്തിൽ നന്നായി കഴുകിയതിന് ശേഷം കിച്ചൻ ടവൽ അല്ലെങ്കിൽ വൃത്തിയുള്ള തുണിയിൽ വെച്ച് വെള്ളം മുഴുവനായും കളയണം. ശേഷം ഇതൊരു പാത്രത്തിലാക്കി 3 ദിവസത്തോളം സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വയ്ക്കാം. സൂര്യപ്രകാശം കിട്ടുമ്പോൾ കറിവേപ്പില നന്നായി ഉണങ്ങും. ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഇത് അടച്ച് സൂക്ഷിക്കാവുന്നതാണ്.
- തണ്ടിൽ നിന്നും ഇലകൾ അടർത്തിയെടുത്തതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കണം. ശേഷം ഒരു തുണി ഉപയോഗിച്ച് ഇലയിലെ ഈർപ്പം മുഴുവനും കളയാം. കഴുകി വൃത്തിയാക്കിയ കറിവേപ്പില ഫ്രൈ പാനിൽ ചെറിയ രീതിയിൽ ചൂടാക്കിയെടുക്കണം. ഇങ്ങനെ ചെയ്താലും കറിവേപ്പില കൂടുതൽ ദിവസം കേടുവരാതിരിക്കാറുണ്ട്.
- അല്ലെങ്കിൽ കഴുകി വൃത്തിയാക്കിയ കറിവേപ്പില ഉണക്കി പൊടിച്ചും സൂക്ഷിക്കാവുന്നതാണ്. പൊടിച്ചെടുത്ത കറിവേപ്പില പൊടി വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്.
കേരളത്തിൽ 4 ദിവസം ഇടിമിന്നലോടെ മഴയും കാറ്റും; കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 19, 20 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇടിമിന്നൽ അപകടകാരികളാണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും, മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു.







































