Home Blog Page 1210

‘എനിക്കവരെ വളരെയധികം ഇഷ്ടമാണ്, വലിയ കഴിവുണ്ടെന്ന് അറിയാമായിരുന്നു’; ജോർജിയ മെലോനിയെ പ്രശംസ കൊണ്ട് മൂടി ട്രംപ്

വാഷിം​ഗ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ചുമത്തിയ ശേഷം വ്യാപാരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ യൂറോപ്യൻ നേതാവ് കൂടിയാണ് മെലോനി. വ്യാഴാഴ്ചയാണ് മെലോനി വാഷിംഗ്ടൺ സന്ദർശിച്ചത്. അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള നിലവിലെ വ്യാപാര സംഘർഷങ്ങൾക്കിടയിൽ ശ്രദ്ധേയമായി മാറുകയും ചെയ്തു ഈ സന്ദർശനം. ഓവൽ ഓഫീസിലെ പ്രസംഗത്തിനിടെ, ട്രംപ് ജോർജിയ മെലോനിയെ പ്രശംസിക്കുകയും റോമിലേക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തു.

തനിക്കവരെ വളരെയധികം ഇഷ്ടമാണ് എന്നാണ് വൈറ്റ് ഹൗസിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ജോർജിയ മെലോനിയുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രശംസ. ജോർജിയ പ്രധാനമന്ത്രിയാണെന്നും ഇറ്റലിയെ മികച്ച രീതിയിൽ നയിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജോർജിയക്ക് വലിയ കഴിവുണ്ടെന്ന് തനിക്കറിയാമായിരുന്നു, ലോകത്തിലെ യഥാർത്ഥ നേതാക്കളിൽ ഒരാളാണ് അവർ. യുഎസിനും അവരുമായി മികച്ച ബന്ധമാണ് ഉള്ളതെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കയറ്റുമതിയിൽ 20 ശതമാനം താരിഫ് ചുമത്താനുള്ള ട്രംപിൻ്റെ തീരുമാനത്തെ ജോർജിയ മെലോനി അപലപിച്ചിരുന്നു. ഈ നീക്കം അദ്ദേഹം പിന്നീട് 90 ദിവസത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു. ഈ താരിഫുകൾ ഉണ്ടാക്കിയ തടസങ്ങൾക്കിടയിലും, യുഎസ് പ്രസിഡന്റുമായുള്ള തൻ്റെ ബന്ധം നിലനിർത്താൻ ജോർജിയ മെലോനി ശ്രമിച്ചു. ഒരു വിശ്വസനീയമായ പങ്കാളിയായി കണക്കാക്കിയില്ലെങ്കിൽ ഇവിടെ വരില്ലായിരുന്നു എന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞത്.

യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസുമായി ചർച്ചകൾക്കായി ജോർജിയ ഇറ്റലിയിലും ചർച്ച നടത്തും. താരിഫുകൾ, പ്രതിരോധ ചെലവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചർച്ചകൾ. നേരത്തെ, ജനുവരി 20ന് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏക യൂറോപ്യൻ നേതാവ് ജോർജിയ ആയിരുന്നു. കുടിയേറ്റം, യുക്രൈൻ എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളിൽ യുഎസിന്റെ അതേ നിലപാടാണ് ഇറ്റലിക്കുമുള്ളത്.

ആശാ സമരം 68ാം ദിവസം: നിരാഹാര സമരം 30ാം ദിവസം; ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാര്‍

തിരുവനന്തപുരം: വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം ഇന്ന് അറുപത്തി എട്ടാം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്കും. ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.

ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചെങ്കിലും സമിതി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. സർക്കാർ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാരും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനിടെ സർക്കാർ മുഖം തിരിഞ്ഞ് നിന്നപ്പോൾ സ്വന്തം നിലയിൽ ആശാ പ്രവർത്തകർക്ക് ഓണറേറിയം കൂട്ടി നൽകാൻ തീരുമാനിച്ച തദ്ദേശ സ്ഥാപന ഭാരവാഹികളെ ഈ മാസം 21 ന് സമര വേദിയിൽ വെച്ച് ആദരിക്കും. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനത്തോട് സർക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്, അക്രമിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിൽ തോക്കുമായെത്തിയ വിദ്യാ‍ർത്ഥി രണ്ട് പേരെ വെടിവെച്ചു കൊന്നു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസുകാരന്റെ മകൻ കൂടിയായ വിദ്യാർത്ഥിയാണ് കാമ്പസിൽ വെടിയുതിർത്തത്. ഇയാളെ പൊലീസ് വെടിവെച്ചു വീഴ്ത്തി.

20കാരനായ വിദ്യാർത്ഥി തന്റെ പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് കാമ്പസിലെത്തി വെടിയുതിർത്തത്. ഒരു യുവാവ് കാമ്പസിലെ പുൽത്തകിടിയിലൂടെ നടക്കുന്നതും അവിടെ നിന്ന് ഓടി മാറാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്ക്കുന്നതുമായ ദൃശ്യങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വിദ്യാർത്ഥികൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു.

പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ വെടിവെച്ചിട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ടെങ്കിലും ആരോഗ്യനില സംബന്ധിച്ച് അധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാർത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നാൽപതിനായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാലയാണ് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. ഇന്നത്തെ ക്ലാസുകൾ പൂർണമായി നിർത്തിവെയ്ക്കുകയും വിദ്യാർത്ഥികളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.

അയർക്കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: മരണകാരണം ഭർതൃവീട്ടിലെ മാനസികപീഡനമെന്ന് കുടുംബം, മൊഴിയെടുക്കും

കോട്ടയം: കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ
അച്ഛൻറെയും സഹോദരൻറെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഏറ്റുമാനൂർ പൊലീസ് ആണ് മൊഴിയെടുക്കുക. ജിസ്മോളും മക്കളും മരിക്കാൻ കാരണം ഭർത്താവിൻറെ വീട്ടിലെ മാനസിക പീഡനമാണെന്ന് കുടുംബത്തിൻറെ ആരോപണം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിസ്മോളുടെ അച്ഛൻ പി.കെ. തോമസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ‍ർക്കും പരാതി നൽകും.

ജിസ്മോളുടെയും മക്കളുടെയും മ‍ൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. സംസ്ക്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്ക്കാരം നടത്തണ്ട എന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിൻറെ ഇടവകയിൽ തന്നെ സംസ്ക്കാരം നടത്തണം. ഇത് സംബന്ധിച്ച് സഭ തലത്തിലും ചർച്ചകൾ തുടരുകയാണ്.

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം: കേ​​​ര​​​ള​​​ത്തി​​​ൻറെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി രാഷ്ട്രത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തു​​​റ​​​മു​​​ഖം അധികൃതർക്ക് ലഭിച്ചു. ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്ത് റെക്കോർ‍‍ഡ് ചരക്ക് നീക്കം നടക്കുന്നതിനിടെയാണ് കമ്മീഷനിംഗ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ മു​​​ത​​​ൽ മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി കൂ​​​റ്റ​​​ൻ ച​​​ര​​​ക്കുക​​​പ്പ​​​ലു​​​ക​​​ൾ വി​​​ഴി​​​ഞ്ഞം തുറമുഖത്തിലേക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക സ​​​മ​​​ർ​​​പ്പ​​​ണം പ്രധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി നീ​​​ളു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശരവേഗത്തിലുള്ള കുതിപ്പിനിടെയാണ് കേ​​​ര​​​ള​​​ത്തി​​​ൻറെ സ്വപ്ന പദ്ധതി രാജ്യത്തിനായി സമർപ്പിക്കുന്നത്. ചരക്ക് നീക്കം തുടങ്ങി എട്ടുമാസത്തിനുള്ളിൽ റെക്കോർഡ് നേട്ടത്തിലാണ് വിഴിഞ്ഞം മുന്നേറുന്നത്. കണ്ടെയ്നർ നീക്കം അഞ്ചര ലക്ഷം കടന്നു. ദക്ഷിണേന്ത്യയിൽ ചരക്ക് നീക്കത്തിൽ ഒന്നാം സ്ഥാനത്തിപ്പോൾ വിഴിഞ്ഞമാണ്. പ്രതിമാസം കൈകാര്യം ചെയ്യുന്നത് ഒരു ലക്ഷത്തിലേറേ കണ്ടെയ്നറുകൾ. രാജ്യത്തെ ആദ്യത്തെ ഓട്ടേമേറ്റഡ്/ സെമി ഓട്ടേമേറ്റഡ് ക്രെയ്ൻ സംവിധാനമുള്ളതാണ് നേട്ടത്തിന്റെ പ്രധാന കാരണം. 260 ലേറെ കപ്പലുകളാണ് ഇതിനകം ബെർത്ത് ചെയ്തത്. ലോകത്തിലേ ഏറ്റവും വലിയ കപ്പലുകളായ എംഎസ്‍സി തുർക്കിയും, എംഎസ് സിയുടെ ക്ലൗഡ് ജെറാർഡറ്റും ഇതിലു‌പ്പെടും. കഴിഞ്ഞ മാസം മാത്രം വിഴിഞ്ഞത്ത് ബർത്ത് ചെയ്തത് 53 കപ്പലുകളാണ്.

മത്സ്യത്തൊഴിലാളികളുടെ സമരം, പാറക്കല്ല് ക്ഷാമം, വിജിഎഫിൽ കേന്ദ്രവുമായുള്ള തർക്കം അങ്ങിനെ വിവാദങ്ങളെല്ലാം പിന്നിട്ടാണ് കമ്മീഷനിംഗ്. കമ്മീഷൻ തിയ്യതിയാകുമ്പോഴും റെയിൽ-റോഡ് കണക്ടീവിറ്റി അടക്കം അനുബന്ധ നിർമ്മാണപ്രവർത്തങ്ങൾ ഇനിയും ബാക്കിയാണ്.

‘ഇവിടെ സർവീസ് വേണ്ട’; ഷൈൻ കൊച്ചി വിട്ടു, മുറിയിലുണ്ടായിരുന്ന യുവതികളെ ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി: ഹോട്ടലിൽനിന്നു ചാടിയ നടൻ ഷൈൻ ടോം ചാക്കോ ഇന്നലെ പുലർച്ചെ തന്നെ കൊച്ചി വിട്ടതായി വിവരം. കലൂരിലെ ഹോട്ടലിൽ നിന്ന് നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ പോയത്. അജ്ഞാതന്റെ ബൈക്കിൽ ആയിരുന്നു ഷൈനിന്റെ യാത്ര. ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശൂരിലേക്ക് കടന്നതായാണ് വിവരം.

അതേസമയം, ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയത് നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയാണെന്നാണ് വിവരം. ഇയാൾ‌ ഷൈനിന്റെ മുറിയിലായിരുന്നു എന്ന നിഗമനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് സംഘം മുറിയിലെ വാതിലിൽ തട്ടിയതോടെ ഇവിടെ സർവീസ് വേണ്ട എന്നായിരുന്നു ഷൈനിന്റെ മറുപടി. പാലക്കാട് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഡാൻസാഫ് സംഘം തേടിയ ലഹരിവിതരണക്കാരനെയും പരിശോധനയിൽ കണ്ടെത്താനായില്ല.

പകൽ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങൾ തേടി. ഇതിൽ ഒരു യുവതിയുമായി ഷൈൻ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി വിശ്വാസികൾ

തിരുവനന്തപുരം: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂരിൽ ഭക്തജന പ്രവാഹമാണ്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.

ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാ‍ർമ്മികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കും.

മുനമ്പം പ്രശ്നം ; ബിഷപ്പുമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു

കൊച്ചി:
മുനമ്പം വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു. കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പും വ്യക്തമാക്കി. 

വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ. വഖഫ് ബില്ലിന് കെസിബിസി പിന്തുണ നൽകിയത് മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതിയായിരുന്നു. എന്നാൽ മുനമ്പം പ്രശ്നം തീരാന്‍ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷ മന്ത്രി നല്‍കിയത്.ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നീക്കം ശ്രദ്ധേയമാണ്.

ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ശൂരനാട് : ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ അടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു.
പന്തളം പൂഴിക്കാട് തൊടുകയിൽ പാലത്തടത്തിൽ വീട്ടിൽ ജമാലുദ്ദീൻ (65) ആണ് മരിച്ചത്. കൊല്ലം-തേനി ദേശീയപാതയിൽ ശൂരനാട് അരീക്കൽ കലുങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 3.30നാണ് അപകടം. മൈനാഗപ്പളളി വേങ്ങയിലുള്ള മകളുടെ വീട്ടിൽ പോയശേഷം തിരികെ സ്കൂട്ടറിൽ വരികയായിരുന്നു ജമാലുദീൻ. അതേദിശയിൽ പോയ ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ
എതിർവശത്തുനിന്നും കാർ വരുന്നത് കണ്ട് സ്കൂട്ടർ ലോറിയുടെ ഭാഗത്തേക്ക് ചേർത്തപ്പോഴാണ് അപകടം.
ലോറിയുടെ പിൻ ചക്രം ജമാലുദീൻ്റെ തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. ശൂരനാട് പോലിസും നാട്ടുകാരും മൃതദേഹം ചേർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ജമാലുദ്ദീന് നേരത്തെ മത്സ്യക്കച്ചവടമായിരുന്നു. ഭാര്യ: ഫാത്തിമാ ബീവി.
മക്കൾ: അബ്ദുൽ കരീം, ഖദീജ ബീവി
മരുമക്കൾ:മരുമക്കൾ: അഫ്സാന, ഷാജഹാൻ

ക്ഷേത്രോത്സവത്തിനിടെ തീക്കനലിന് മുകളിലൂടെ ഓടുന്ന ആചാരത്തിനിടെ കാല് തെറ്റി വീണ് 56കാരന് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ ക്ഷേത്രോത്സവത്തിനിടെ തീക്കനലിന് മുകളിലൂടെ ഓടുന്ന ആചാരത്തിനിടെ കാല് തെറ്റി വീണ് 56കാരന് ദാരുണാന്ത്യം. രാമനാഥപുരം ജില്ലയിലെ കുയവന്‍കുടിയിലെ സുബ്ബയ്യ ക്ഷേത്രോത്സവത്തിലെ അഗ്‌നിയോട്ട ചടങ്ങിനിടെയാണ് സംഭവം നടന്നത്. വലന്തരവൈ സ്വദേശിയായ കേശവന്‍ ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്

‘തീമിധി തിരുവിഴ’ എന്നാണ് കനലിലൂടെ ഓടുന്ന ആചാരം അറിയപ്പെടുന്നത്. സുബ്ബയ്യ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 10 മുതലാണ് ഈ ആചാരം നടത്തപ്പെടുന്നത്. ഒരു കുഴിയില്‍ കത്തുന്ന തീക്കനല്‍ നിറച്ച് അതിന് മുകളിലൂടെ നഗ്‌നപാദനായി വേഗത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നതാണ് ആചാരം.

നിരവധി ഭക്തര്‍ ഇത്തരത്തില്‍ കനലിന് മുകളിലൂടെ ഓടിയിരുന്നു. എന്നാല്‍ കേശവന്‍ ഓടുന്നതിനിടെ കാലിടറി വീഴുകയായിരുന്നു. കൈകള്‍ കുത്തി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേശവന്റെ മുഖവും കൂടി കനലില്‍ കുത്തി വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കേശവനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് രാമനാഥപുരം ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു