Home Blog Page 1200

‘സ്വർണവും പണവുമെല്ലാം കൊണ്ടുപോയി’; 4 കുട്ടികളുടെ അമ്മ മകളുടെ അമ്മായിയച്ഛനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

ലഖ്നൌ: നാല് കുട്ടികളുടെ അമ്മ മകളുടെ ഭർത്താവിന്‍റെ അച്ഛനൊപ്പം ഒളിച്ചോടിയെന്ന് പരാതി. ഉത്തർപ്രദേശിലെ ബദൗണിൽ നിന്നുള്ള 43കാരിയായ മംമ്ത എന്ന സ്ത്രീയാണ് മകളുടെ അമ്മായിയച്ഛനായ ശൈലേന്ദ്രയ്ക്കൊപ്പം (46) പോയത്. ശൈലേന്ദ്രക്കെതിരെ മംമ്തയുടെ ഭർത്താവ് സുനിൽ കുമാർ പൊലീസിൽ പരാതി നൽകി.

അലിഗഢിൽ നിന്നുള്ള സ്ത്രീ മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയതിന് പിന്നാലെയാണ് യുപിയിൽ നിന്ന് തന്നെ ഈ സംഭവവും പുറത്തുവന്നത്. ട്രക്ക് ഡ്രൈവറായ സുനിൽ കുമാർ മാസത്തിൽ രണ്ടു തവണ മാത്രമേ വീട്ടിൽ വരാറുള്ളൂ. താനില്ലാത്തപ്പോൾ ശൈലേന്ദ്ര വീട്ടിൽ വന്നിരുന്നുവെന്ന് സുനിൽ കുമാർ നൽകിയ പരാതിയിൽ പറയുന്നു. ശൈലേന്ദ്ര വരുമ്പോഴെല്ലാം മറ്റൊരു മുറിയിലേക്ക് പോകാൻ അമ്മ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് മകൻ പറഞ്ഞു.

2022ലാണ് മംമ്തയുടെ മകൾ വിവാഹിതയായത്. തനിക്ക് മാസത്തിൽ രണ്ട് തവണ മാത്രമേ വീട്ടിൽ വരാൻ കഴിഞ്ഞിരുന്നുള്ളൂവെന്നും പണം കൃത്യമായി വീട്ടിലേക്ക് അയക്കാറുണ്ടായിരുന്നുവെന്നും ട്രക്ക് ഡ്രൈവറായ സുനിൽ കുമാർ പറഞ്ഞു. ഭാര്യ ആഭരണങ്ങളും പണവും എടുത്താണ് ഒളിച്ചോടിയതെന്ന് സുനിൽ കുമാർ നൽകിയ പരാതിയിൽ പറയുന്നു. സുനിൽ കുമാറിന്‍റെ പരാതി ലഭിച്ചതായി ദാതഗഞ്ച് സർക്കിൾ ഓഫീസർ കെ കെ തിവാരി പറഞ്ഞു. അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുർഷിദാബാദ് കലാപം; ഉചിതമായ ശുപാർശ കേന്ദ്ര സർക്കാരിന് നല്‍കുമെന്ന് ഗവർണർ സി വി ആനന്ദബോസ്

ന്യൂഡൽഹി: മുർഷിദാബാദ് കലാപത്തില്‍ ഉചിതമായ ശുപാർശ കേന്ദ്ര സർക്കാരിന് നല്‍കുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. കലാപം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് തയ്യാറാക്കുമെന്നും സംസ്ഥാന സർക്കാരിനും നിർദ്ദേശങ്ങൾ നല്‍കുമെന്നും ആനന്ദബോസ് പറഞ്ഞു.

ക്യാമ്പുകളിൽ ഉള്ളവർക്ക് റെഡ്ക്രോസ് സഹായം ഏർപ്പാടാക്കുമെന്നും അദ്ദേഹം അറിയിച്ചു. കരളലിയിക്കുന്ന സംഭവങ്ങളാണ് ക്യാമ്പിലുള്ളവർ വിവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുർഷിദാബാദിൽ നിന്ന് പലായനം ചെയ്തവരുടെ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സി വി ആനന്ദബോസ്.

പശ്ചിമബംഗാൾ സർക്കാരിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും കടുത്ത അതൃപ്തിക്കിടെയാണ് ബംഗാൾ ഗവർണർ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. സംഘർഷ ബാധിത പ്രദേശമായ മാൾഡയിലെ സ്ഥിതിഗതികൾ ഗവർണർ വിലയിരുത്തി. മാൽഡയിലെ ക്യാമ്പുകളിൽ കഴിയുന്ന സംഘർഷബാധിതരുമായി ഗവർണർ സംസാരിച്ചു. മേഖലയിൽ സമാധാനം അനിവാര്യമാണെന്ന് ഗവർണർ പറഞ്ഞു. സന്ദർശനം കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ ശാന്തമായ ശേഷം താൻ അവിടെ സന്ദർശനം നടത്തുമെന്നും മമതാ ബാനർജി പറഞ്ഞു. അതേസമയം ഗവർണറുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

ഇതിനിടെ, ദേശീയ വനിത കമ്മീഷനും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച സംഘവും മാൾഡയിലെത്തി സംഘർഷബാധിതരെ സന്ദർശിച്ചു. ദേശിയ വനിത കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹാത്കർ ക്യാമ്പുകളിലെത്തി സ്ത്രീകളുമായി സംസാരിച്ചു. മാൽഡയിലെയും മുർഷിദാബാദിലെയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ നിയമിച്ച സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് മുർഷിദാബാധിൽ കേന്ദ്രസേനയുടെ കാവൽ തുടരണമെന്ന് കൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

കണ്ണൂർ/കാസർകോട്: ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പൂർണമായി റദ്ദാക്കില്ല. ക്രമക്കേട് കണ്ടെത്തിയ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിലെ പരീക്ഷ മാത്രം റദാക്കാനാണ് തീരുമാനം. എന്നാൽ ആരോപണം നിഷേധിച്ച് രംഗത്ത് വന്ന കോളേജ് പ്രിൻസിപ്പൽ, കോപ്പിയടിച്ച് പിടിച്ച വിദ്യാർത്ഥിയുടെ മൊഴി തെറ്റിദ്ധാരണ പരത്തിയതാകാമെന്നും പ്രതികരിച്ചു.

അതേസമയം അൺ എയ്ഡഡ് കോളേജുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള ഒരു ജീവനക്കാരനെ കോളേജുകളിലേക്ക് പരീക്ഷാ ചുമതലയിൽ നിയോഗിക്കാനാണ് തീരുമാനം. ഇവരുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കും ചോദ്യപ്പേപ്പറുകളുടെ ഡൗൺലോഡും വിതരണവുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി 60 ജീവനക്കാരെ തിങ്കളാഴ്ച മുതൽ നിയോഗിക്കും.

എന്നാൽ, അധ്യാപകർ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർത്തിയിട്ടില്ലെന്ന് കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അജീഷ് പറയുന്നു. മുൻവ‍ർഷങ്ങളിലെ ചോദ്യപേപ്പറുകളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകാറുണ്ട്. അക്കൂട്ടത്തിൽ ദൗർഭാഗ്യകരമായി ചിലപ്പോൾ ഇത്തവണത്തെ ചോദ്യപേപ്പറുകളും ഉൾപ്പെട്ടതാവാം. ഒരു കുട്ടി കോപ്പിയടിച്ചിരുന്നു. കുട്ടിയുടെ കൈയ്യിൽ നിന്ന് പിടിച്ച കുറിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. കുട്ടി സ‍ർവകലാശാലയിൽ നിന്നുള്ള സ്ക്വോഡ് അംഗങ്ങളോട് പറ‌ഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നും പ്രിൻസിപ്പൽ പറയുന്നു.

കണ്ണൂർ സർവകലാശാലയിൽ നിന്ന് അയച്ച ബിസിഎ ആറാം സെമസ്റ്റർ ചോദ്യപ്പേപ്പർ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ചോർന്നതായാണ് പരാതി. പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുൻപ് കോളേജ് പ്രിൻസിപ്പലിന്റെ ഇ-മെയിൽ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതർ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്കാണ് ചോർന്നത്. ഇത് വിദ്യാർഥികൾക്ക് വാട്‌സാപ്പ് വഴി ഉൾപ്പെടെ ലഭ്യമായെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ.

തൃശൂർ പൂരം കലങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം; ഗൂഢാലോചനക്കാരെ ഇനിയും കണ്ടെത്താനായില്ല, എങ്ങുമെത്താതെ അന്വേഷണം

തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. വിവാദമായ പൂരം അട്ടിമറി ആരോപണ വിധേയനായ എം ആർ അജിത് കുമാറിനെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇടത് മുന്നണിക്കുള്ളിൽ നിന്ന് ഉയർന്നത് വ്യാപക എതിർപ്പാണ്. ഒടുവിൽ പ്രഖ്യാപിച്ച ത്രിതല അന്വേഷണം മെല്ലെപ്പോക്കിലാണ്.

വിഖ്യാതമായ തൃശൂർ പൂരത്തിൽ കഴിഞ്ഞ വർഷം അരങ്ങേറിയത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. എഴുന്നള്ളിപ്പ് തടഞ്ഞും പൂരപ്രേമികളെ ലാത്തി വീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വെച്ച് കെട്ടി അടച്ചും പൊലീസ്. ആനകൾക്ക് തീറ്റയുമായി വന്ന ജീവനക്കാരെ പോലും ബലം പ്രയോഗിച്ച് നീക്കി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പുലർച്ച നടക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂർ വൈകി നടന്നത് പകൽ വെളിച്ചത്തിൽ. പൂരം കലങ്ങിയതിനും പൂര നഗരിയിലേക്കുള്ള തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആംബുലൻസിലെ എൻട്രിക്കും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു പ്രധാന ആക്ഷേപം. തെരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയാൻ കാരണം പൂരം കലക്കലാണെന്ന് സിപിഐ ഇപ്പോഴും വിശ്വസിക്കുന്നു. പൂരം കഴിഞ്ഞ് ഒരുവർഷമായിട്ടും കലക്കലിന് പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്തിയില്ല.

വിവാദങ്ങൾക്കിടെ സർക്കാർ അന്വേഷണം ഏൽപ്പിച്ചത് പൂരം കലക്കലിൽ ആരോപണം നേരിട്ട എഡിജിപി എംആർ അജിത് കുമാറിനെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടന്നെന്നായിരുന്നു റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വത്തെ വിമർശിക്കുന്ന റിപ്പോർട്ടിൽ ഒരു രാഷ്ട്രീയപ്പാർട്ടിയെയും പേരെടുത്ത് പറഞ്ഞില്ല. അജിത് കുമാറിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഡിജിപി റിപ്പോർട്ട് തള്ളി. സ്ഥലത്തുണ്ടായിരുന്ന അജിത് കുമാർ എന്ത് ചെയ്യുകയായിരുന്നുവെന്നായിരുന്നു ഡിജിപിയുടെ ചോദ്യം. ഡിജിപി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഒക്ടോബർ മൂന്നിന് സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിൽ പൊലീസ് ഒഴികെയുള്ള വകുപ്പുകൾക്ക് വീഴ്ച പറ്റിയോ എന്ന മനോജ് ഏബ്രഹാമിൻ്റെ അന്വേഷണം മാത്രമാണ് പൂർത്തിയായത്. അജിത് കുമാറിൻ്റെ പങ്കിനെ കുറിച്ചുള്ള ഡിജിപിയുടെ അന്വേഷണവും ഗൂഢാലോചനയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഒന്നുമായില്ല.

അമേരിക്കക്ക് വേറെ പണിയുണ്ട്! റഷ്യക്കും യുക്രൈനും ട്രംപിൻ്റെ അന്ത്യശാസനം, എത്രയും വേഗം സമാധാന കരാറിൽ ഒപ്പിടണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറായി വീണ്ടും അധികാരമേറ്റതുമുതൽ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഡോണൾഡ് ട്രംപ് പരിശ്രമം ആരംഭിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കാത്തതിൽ ട്രംപ് അസ്വസ്ഥനാണെന്ന് റിപ്പോർട്ട്. ഏറ്റവും ഒടുവിലായി വൈറ്റ് ഹൗസിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ അതാണ് സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ റഷ്യക്കും യുക്രൈനും അമേരിക്കൻ പ്രസിഡൻറ് അന്ത്യശാസനം നൽകിക്കഴിഞ്ഞെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സമാധാനത്തിനായുള്ള ശ്രമങ്ങൾ നീണ്ടുപോകുന്നതിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അതൃപ്തിയുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇനിയും നീണ്ടുപോകുകയാണെങ്കിൽ സമാധാന ചർച്ചയിൽ നിന്ന് പിന്മാറാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഫ്രാൻസ് സന്ദർശന വേളയിൽ റൂബിയോ വ്യക്തമാക്കി. സമാധാന ചർച്ച കൂടുതൽ നീളുന്നത് അംഗീകരിക്കാനാകില്ലെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് ട്രംപെന്നാണ് വ്യക്തമാകുന്നത്.

ഏറ്റവും വേഗത്തിൽ, കൂടിപ്പോയാൽ ആഴ്ചകൾക്കകം തന്നെ റഷ്യയും യുക്രൈനും സമാധാന കരാറിൽ ഒപ്പുവയ്ക്കണമെന്നതാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന നി‍ർദ്ദേശം. അതല്ലാത്ത പക്ഷം റഷ്യ – യുക്രൈൻ സമാധാന ചർച്ചകളിൽ നിന്ന് യു എസ് പിന്മാറുമെന്ന നിലപാടിലാണ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ഇനിയും വൈകുകയാണെങ്കിൽ സമാധാന ചർച്ചയിൽ നിന്നും പിന്മാറേണ്ടി വരുമെന്നും തങ്ങൾക്ക് മറ്റ് വിഷയങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നുമുള്ളതാണ് അമേരിക്കയുടെ നിലപാടെന്ന് മാർക്കോ റൂബിയോ വിവരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. റഷ്യയുമായി നടത്തിയ നീക്കുപോക്കുകളും വിജയം കാണാതായതോടെയാണ് ട്രംപ്, സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

എല്ലാം റീൽസിന് വേണ്ടിയായിരുന്നു, പീഡന ശ്രമം കെട്ടുകഥ, എങ്ങനെയാണ് ട്രെയിനിൽ നിന്ന് വീണതെന്ന് വിശദീകരിച്ച് യുവതി

ഹൈദരാബാദ്: ട്രെയിന്‍ യാത്രക്കിടെയുണ്ടായ പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയെന്ന യുവതിയുടെ അവകാശവാദം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തൽ. ഹൈദരാബാദിലാണ് സംഭവം. റീൽസെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി വീണതെന്നും ഇക്കാര്യം മറച്ചുവെക്കാനാണ് വ്യാജ പീഡന ശ്രമമെന്ന് ആരോപിച്ചതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

എംഎംടിഎസ് ട്രെയിനിൽ നിന്നാണ് 23 കാരിയായ യുവതി വീണത്. മെഡ്ചലിലെ ഹോസ്റ്റലിൽ താമസക്കാരിയായ യുവതി ഒരു ഫുഡ് ഡെലിവറി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സെക്കന്തരാബാദിൽ നിന്ന് മെഡ്ചലിലേക്ക് എംഎംടിഎസ് ട്രെയിനിന്റെ വനിതാ കോച്ചിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ അജ്ഞാതൻ തന്നെ ആക്രമിച്ചതായി ആരോപിച്ചു. ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടിയെന്നും തലയ്ക്കും താടിക്കും വലതുകൈയ്ക്കും അരക്കെട്ടിനും പരിക്കേറ്റതായും യുവതി പറഞ്ഞു. വഴിയാത്രക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഗവൺമെന്റ് റെയിൽവേ പൊലീസ് നടപടി സ്വീകരിച്ചു, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം ക്രിമിനൽ ബലപ്രയോഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്തു. അന്വേഷണത്തിനായി നിരവധി ടീമുകൾ രൂപീകരിച്ചു. ഏകദേശം 250 ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയിക്കപ്പെടുന്ന നൂറിലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ യുവതിയുടെ ആരോപണങ്ങൾക്ക് ശരിവെക്കുന്ന തെളിവൊന്നും കണ്ടെത്താൻ പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നപ്പോൾ യുവതിയെ കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.

എംഎംടിഎസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി റീൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വീണുപോയെന്നും അങ്ങനെയാണ് പരിക്കേറ്റതെന്നും ഹൈദരാബാദ് സ്വദേശിയായ യുവതി സമ്മതിച്ചു. വീട്ടുകാരെ ഭയന്നാണ് ബലാത്സം​ഗകഥ ചമച്ചതെന്നും യുവതി പറഞ്ഞു.

ആശുപത്രിയിലേക്കിറങ്ങിയ വയോധികനോട് പണം ചോദിച്ചു, നൽകാത്തതിന് മ‌ർദിച്ച് കൊലപ്പെടുത്തി അക്രമികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാരയിലെ വീടിനടുത്ത് വച്ച് വയോധികനെ മ‍ർദിച്ച് കൊലപ്പെടുത്തി ഒരു സംഘമാളുകൾ. 67 വയസ്സുള്ള വയോധികനെയാണ് സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഏകദേശം ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്. ചന്ദ്ര ഗുപ്ത എന്നയാളാണ് മരിച്ചത്. അടുത്തിടെ ബൈപാസ് സർജറിക്ക് വിധേയനായ ഇദ്ദേഹം ഡോക്ടറുടെ അപ്പോയിന്റ്മെന്റിനായി പുറത്തുപോയപ്പോൾ 4-5 പേർ ചേർന്ന് അദ്ദേഹത്തെ വളഞ്ഞിട്ട് പണം ആവശ്യപ്പെട്ടതായി മരുമകൾ ജ്യോതി പറഞ്ഞു. വീടിനടുത്ത് നിന്ന് ഒരു സ്ഥലത്ത് വച്ച് ആക്രമി സംഘം ഇദ്ദേഹത്തെ തടയുന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് ഉദ്യോ​ഗസ്ഥ‌ർ പറഞ്ഞു.

പണം തരില്ലെന്ന് പറഞ്ഞപ്പോഴാണ് സംഘം വയോധികനെ മ‌‌ർദ്ദിക്കാനാരംഭിച്ചത്. പകൽ ആയിരുന്നതു കൊണ്ട് തന്നെ ചുറ്റിലും ആളുകളുണ്ടായിരുന്നു. നിരവധി ആളുകൾ ആക്രമണം തടയാൻ ശ്രമിച്ചു. സംഭവ സമയത്ത് മകൻ വിശാലും ഭാര്യ വിമലയും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഭാര്യ വിമലയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു ചിലർ ഒളിവിലാണ്. പ്രതികളിലൊരാളായ രാജീവ് കുമാർ ജെയിൻ ഒരു ആഴ്ച മുമ്പ് ഒരു ലക്ഷം ആവശ്യപ്പെട്ട് ചന്ദ്ര ഗുപ്തനടുത്തേക്ക് വന്നിരുന്നതായി ഭാര്യ വിമല മൊഴി നൽകി. രാജീവും ഭാര്യ പായലും ക്രിമിനൽ പശ്ചാത്തലമുള്ളയാളുകളാണെന്നും മുമ്പ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മരിച്ച വയോധികന്റെ മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

വത്തിക്കാനിലെ പ്രത്യേക ധ്യാന ശ്ലോകത്തിൽ ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്‌വ്യവസ്ഥയുടെ സന്ദേശവുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി: മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയിൽ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. കുരിശിന്റെ വഴിയിലും പ്രാർത്ഥനകളിലും വിശ്വാസി സമൂഹം അണിനിരന്നു. വത്തിക്കാനിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ വിശ്വാസികൾക്ക് സന്ദേശവും പകർന്നു നൽകി.

സങ്കീർണമായ അൽഗോരിതങ്ങൾ നയിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്‌വ്യവസ്ഥയെ ഉൾക്കൊള്ളാൻ തയാറാകണമെന്നാണ് വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തത്. വത്തിക്കാനിൽ കുരിശിന്റെ വഴിയിൽ അവതരിപ്പിച്ച പ്രത്യേക ധ്യാന ശ്ലോകത്തിലാണ് വിതയ്ക്കുകയും വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റി മാർപാപ്പ പറഞ്ഞത്.

കേരളത്തിലും വിപുലമായി ദുഃഖവെള്ളി ആചരിച്ചു

പീഢാനുഭവ സ്മരണയിൽ ക്രൈസ്തവർ സംസ്ഥാനത്തും ദുഃഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് കുരിശിന്‍റെ വഴിയും പ്രാർത്ഥനയും നടന്നു. മുനമ്പം സമരം മുതൽ സെക്രട്ടറിയേറ്റ് പടിക്കലെ ആശവർക്കർമാരുടെ പോരാട്ടത്തെവരെ ഓർമ്മിപ്പിച്ചായിരുന്നു സഭാമേലധ്യക്ഷൻമാരുടെ സന്ദേശം. മുനമ്പം വിഷയം കോടതിയ്ക്കപ്പുറം എങ്ങനെ പരിഹരിക്കാമെന്ന് സർക്കാർ ആലോചിക്കണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. ലോകത്തിന്‍റെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുത്ത് ഗാഗുൽത്താ മലയിൽ യേശു ക്രൂശിതനായതിന്‍റെ അനുസ്മരണമായിരുന്നു സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് നടന്നത്. രാവിലെ ഏഴ് മണിയോടെ നഗരം ചുറ്റി കുരിശിന്‍റെ വഴിയിൽ നടന്നു.

തിരുവനന്തപുരത്ത് വിവിധ കത്തോലിക്ക സഭകൾ സംയുക്തമായാണ് കുരിശിന്‍റെ വഴി നടത്തിയത്. പാളയം സെന്‍റ് ജോസഫ് കത്തിഡ്രലിൽ നിന്ന് ആരംഭിച്ച് നഗരത്തെ വലംവെച്ചായിരുന്നു യാത്ര. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ പ്രാരംഭ സന്ദേശവും, ആ‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ സമാപന സന്ദേശവും നൽകി. കോഴിക്കോട് ദേവമാതാ കത്തിഡ്രലിൽ നിന്നാണ് കുരിശിന്‍റെ വഴി തുടങ്ങിയത്. പീഢാനുഭവത്തിന്‍റെ 14 ഇടങ്ങളിൽ പ്രാർത്ഥനകൾ പൂർത്തിയാക്കി യാത്ര സെന്‍റ് ജോസഫ് ദേവാലയത്തിൽ സമാപിച്ചു. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. യാക്കോബായ സഭാ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക്കാ ബാവ മണർകാട് സെന്‍റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഓർത്തഡോകസ്സ സഭാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വാഴുർ സെന്‍ർറ് പീറ്റേഴ്സ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ബം​ഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി, പ്രതികളെ തിരഞ്ഞ് പൊലീസ്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ദിനാജ്പൂരിലെ ബിരാൽ ഉപാസിലയിലാണ് സംഭവം. പ്രദേശത്തെ ഹിന്ദു സമൂഹത്തിലെ നേതാവായിരുന്നു ഭാബേഷ് ചന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേ​ഹം ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്തിന്റെ ബിരാൽ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു.

വ്യാഴാഴ്ച രണ്ട് മോട്ടോർ സൈക്കിളുകളിൽ എത്തിയ നാല് പേർ ഭാബേഷിനെ അവരുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് ബംഗ്ലാദേശിലെ പ്രമുഖ പത്രമായ ദി ഡെയ്‌ലി സ്റ്റാറിനോട് ചന്ദ്രയുടെ ഭാര്യ ശാന്തന റോയ് പറഞ്ഞു.

അക്രമികൾ ഭാബേഷിനെ നരബാരി ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതും അവിടെ വെച്ച് ക്രൂരമായി മർദ്ദിക്കുന്നതും കണ്ടതായി നിരവധി സാക്ഷികൾ പറഞ്ഞു. വൈകുന്നേരം അക്രമികൾ ഭാബേഷിന്റെ അബോധാവസ്ഥയിൽ വീട്ടിലെത്തിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ ബിരാൽ ഉപജില ഹെൽത്ത് കോംപ്ലക്സിലേക്ക് കൊണ്ടുപോയി. തുടർന്ന്, അദ്ദേഹത്തെ ദിനാജ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

വെൻറിലേറ്ററിൽ എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി, പ്രതി ആശുപത്രിയിലെ ടെക്നീഷ്യൻ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ വാർത്തയായിരുന്നു എയർഹോസ്റ്റസ് വെന്റിലേറ്ററിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ സംഭവം. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ എയർഹോസ്റ്റസ് വെന്റിലേറ്ററിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നൽകി അഞ്ച് ദിവസത്തിനുശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

വിശദ വിവരങ്ങൾ ഇങ്ങനെ

ആശുപത്രിയിൽ വെൻറിലേറ്റർ സഹായത്തിലായിരുന്നപ്പോൾ ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര ആരോപണവുമായി എയർഹോസ്റ്റസ് രംഗത്തെത്തിയത് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. 46 കാരിയായ എയർഹോസ്റ്റസിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഏപ്രിൽ ആറിന് പീഡിപ്പിക്കപ്പെട്ടെന്നാണ് എയർഹോസ്റ്റസ് നൽകിയ പരാതിയിൽ പറയുന്നത്.

ഏപ്രിൽ 13 ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് യുവതി ഭർത്താവിനോട് ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകി അഞ്ചാം ദിവസമാണ് ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപകിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിങിൽ പങ്കെടുക്കാനാണ് എയർ ഹോസ്റ്റസ് ഗുരുഗ്രാമിൽ എത്തിയത്. അതിനിടെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ഗുരുതരാവസ്ഥയിലായ യുവതിയെ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വെൻറിലേറ്റർ സഹായത്തിൽ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയതെന്നായിരുന്നു ഇവരുടെ പരാതി. ആ സമയത്ത് നിലവിളിക്കാനോ എതിർക്കാനോ കഴിയുന്ന അവസ്ഥയിൽ ആയിരുന്നെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റടക്കം പൊലീസ് പരിശോധിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയതെന്നാണ് വ്യക്തമാകുന്നത്. നേരത്തെ പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.