കൊച്ചി.സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കി. ഇതോടെ കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികളിലേക്ക് കടക്കുകയാണ് ഇഡി.
സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതിയില്‍ അപേക്ഷ നല്‍കി ഇഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പരിശോധിച്ചതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇഡി ഇപ്പോള്‍ വീണ്ടും കേസുമായി മുന്നോട്ട് പോകുന്നുവെന്ന സൂചന നല്‍കുന്നത്. ഇപ്പോള്‍ ആവശ്യപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം ഇനി നോട്ടീസ് അയച്ച് തുടര്‍നടപടികളിലേക്ക് നീങ്ങുകയാകും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുക. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പദ്ധതിയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം ആകും ഇഡി നടപടികൾ.
വീണ വിജയനടക്കമുള്ളവരുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
പട്ടികജാതിക്ഷേമത്തിന് ഒരു കൊല്ലത്തിനുള്ളില്‍ 62 കോടി രൂപ
ജില്ലയില്‍ 2024-25 സാമ്പത്തിക വര്‍ഷം വിവിധ വികസന-വിദ്യാഭ്യാസക്ഷേമ പദ്ധതികള്‍ക്കായി 62 കോടി രൂപ ചെലവഴിച്ച് പട്ടികജാതി വികസന വകുപ്പ്. 158 പേര്‍ക്ക് ഭൂമി, 506 സേഫ്, 493 പഠനമുറി, 12 പേര്‍ക്ക് സ്വയംതൊഴില്‍ ധനസഹായം, 153 പേര്‍ക്ക് വിദേശ തൊഴില്‍ ധനസഹായം, 466 വിവാഹധനസഹായം, 1512 പേര്‍ക്ക് ചികിത്സാ ധനസഹായം, ഏകവരുമാനദായക അംഗം മരണപ്പെട്ട 134 കുടുംബങ്ങള്‍ക്ക് ധനസഹായം, 60 ദമ്പതികള്‍ക്ക് മിശ്രവിവാഹ ധനസഹായം, അതിക്രമത്തിനിരയായ 29 പേര്‍ക്ക് ആശ്വാസ ധനസഹായവും ഇക്കാലയളവില്‍ അനുവദിച്ചു.
ദുര്‍ബലവിഭാഗ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ വേടര്‍, ചക്ലിയര്‍ വിഭാഗത്തില്‍പ്പെട്ട 18 പേര്‍ക്ക് ഭൂമിയും 96 പേര്‍ക്ക് ഭവനനിര്‍മാണ ധനസഹായവും, 41 പേര്‍ക്ക് പഠനമുറി, 110 പേര്‍ക്ക് ഭവന പുനരുദ്ധാരണത്തിനുള്ള ധനസഹായവും 21 പേര്‍ക്ക് ശുചിമുറിക്കുള്ള ധനസഹായവും 22 പേര്‍ക്ക് 100 ശതമാനം സബ്‌സിഡിയോടെ മൂന്ന് ലക്ഷം സ്വയംപദ്ധതികള്‍ക്കും മൂന്ന് പേര്‍ക്ക് 10 ലക്ഷം രൂപ നിരക്കില്‍ കൃഷിഭൂമി പദ്ധതി നിര്‍വഹണത്തിനായും നല്‍കി.
പ്രീ-മെട്രിക് വിദ്യാഭ്യാസത്തിന് 4,31,273 വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം അനുവദിച്ചു. 400 ഓളം സ്ഥാപനങ്ങളില്‍ പഠിക്കുന്ന 14889 വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് മുഖേന പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ സഹായം നല്‍കി. മെഡിക്കല്‍/എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രാരംഭചെലവ്, ലാപ്ടോപ്പ്, സ്പെഷ്യല്‍ ഇന്‍സെന്റീവ്, മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരിശീലനം, പഠനയാത്രാ പദ്ധതി, അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്, സ്റ്റെതസ്‌കോപ്പ്, അഡ്വക്കേറ്റ് ഗ്രാന്റ് എന്നീ പദ്ധതികള്‍ക്കായി 2010 പേര്‍ക്കും തുക അനുവദിച്ചു.
നഴ്സിംഗ്/പാരാമെഡിക്കല്‍ കോഴ്‌സ് പാസായ 23 പേര്‍ക്ക് സ്റ്റൈപ്പന്റോടെ സര്‍ക്കാര്‍ ആശുപത്രികളിലും എല്‍.എല്‍.ബി/എല്‍.എല്‍.എം പാസായ ആറ് പേര്‍ക്ക് വിവിധ കോടതികളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും എം.എസ്.ഡബ്ല്യൂ പാസായ അഞ്ച് പേര്‍ക്ക് വിവിധ ഓഫീസുകളിലും, ബി.ടെക്ക്, ഡിപ്ലോമ, ഐ.ടി.ഐ (സിവില്‍) പാസായവര്‍ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരായി വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ പരിശീലനം ലഭ്യമാക്കി.
അംബേദ്കര്‍ ഗ്രാമവികസനപദ്ധതിപ്രകാരം ജില്ലയില്‍ 2016 മുതല്‍ തെരഞ്ഞെടുത്ത 65 നഗറുകളില്‍ 34 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി. കോര്‍പ്പസ് ഫണ്ട് പദ്ധതിപ്രകാരം കുടിവെള്ള വിതരണം, ഗതാഗതസൗകര്യ വികസനം, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം തുടങ്ങിയ പദ്ധതികള്‍ക്കായി 2024-25 സാമ്പത്തിക വര്‍ഷം 8038210 രൂപയും ചെലവഴിച്ചതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കൊട്ടാരക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു… മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കസ്റ്റഡിയിൽ
കൊട്ടാരക്കരയിൽ വഹാനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചാണ് അപകടം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറാണ് യുവാവിനെ ഇടിച്ചത്. ബൈക്കിനെ ഇടിച്ച ശേഷം കാർ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി.
പരിക്കേറ്റ ഷൈനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയിൽ എടുത്തു.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. യുവാവിന്റെ മൃതദേഹം നിയമ നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
പുനലൂരിൽ അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ചു… ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ പത്തനാപുരം കടയ്ക്കാമൺ സ്വദേശി 30 വയസ്സുള്ള മഹേഷ് ആണ് മരണപ്പെട്ടത്.
പുനലൂർ മൂവാറ്റുപുഴ പാതയിൽ നെല്ലപ്പള്ളി തിരുഹൃദയ ദേവാലയത്തിന് മുൻപിലാണ് അപകടം നടന്നത്.
പത്തനാപുരത്ത് നിന്നും പുനലൂരിലേക്ക് വരികയായിരുന്ന കാറും പുനലൂരിൽ നിന്നും പത്തനാപുരത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അമിത വേഗതയിൽ എത്തിയ കാർ ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ പിറകോട്ട് നിരങ്ങി നീങ്ങിയ ഓട്ടോറിക്ഷയുടെ തൊട്ടു പുറകിലായി വന്ന മറ്റൊരു കാറിൽ ഇടിച്ചു നിന്നു.
രണ്ട് വാഹനങ്ങളുടെയും ഇടയിൽ പെട്ട് ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഡ്രൈവറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി മരണം സംഭവിച്ചു
മൃതദേഹം താലൂക്ക് ആശുപത്രിയിൽ
പുനലൂർ ചെമ്മന്തൂർ സ്വദേശിയായ ജോമോൻ എന്ന ആളാണ് കാറ് ഓടിച്ചിരുന്നത് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
. ഫയർഫോഴ്സ് എത്തി മണിക്കൂറുകൾക്കു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വിഭജനത്തിന്റെ ലോകത്ത് ഐക്യത്തിനായി നിലകൊണ്ട വ്യക്തിത്വമാണ് മാർപാപ്പയുടേത്: മാതാ അമൃതാനന്ദമയി
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മാതാ അമൃതാനന്ദമയി. ധൈര്യം, വിനയം, സാർവത്രിക സ്നേഹം എന്നീ മൂല്യങ്ങളാണ് അദ്ദേഹം ജീവതത്തിലുടനീളം പ്രതിഫലിപ്പിച്ചതെന്നു അവർ അനുസ്മരിച്ചു. വിഭജനത്തിന്റെ ലോകത്ത് ഐക്യത്തിനായി നിലകൊണ്ട വ്യക്തിത്വമാണ് പോപ്പിന്റേതെന്നും അവർ വ്യക്തമാക്കി.
‘അദ്ദേഹം പലർക്കും വഴികാട്ടിയായി. വിഭജനങ്ങളുടെ ലോകത്ത് ഐക്യത്തിനായി നിലകൊണ്ടു’- അവർ അനുസ്മരിച്ചു.
മനുഷ്യക്കടത്തും നിർബന്ധിത ജോലിയും ഉൾപ്പെടെയുള്ള ആധുനിക അടിമത്തത്തിനെതിരായ സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെക്കാൻ ഫ്രാൻസിസ് മാർപാപ്പയെ 2014 ൽ വത്തിക്കാൻ സന്ദർശിച്ചതും അമൃതാനന്ദമയി അനുസ്മരിച്ചു. ആ കൂടിക്കാഴ്ച ഹൃദ്യവും പ്രചോദനാത്മകവുമാണെന്ന് അവർ വിശേഷിപ്പിച്ചു.
‘അദ്ദേഹം എന്നെ തുറന്ന കൈകളാൽ സ്വീകരിച്ചു. ആ നിമിഷത്തെയും ഞങ്ങളുടെ കൂടിക്കാഴ്ചയെയും ഞാൻ വിലമതിക്കുന്നു. അദ്ദേഹത്തിന്റെ എളിമയും ഊഷ്മളതയും എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. ആ വിലയേറിയ നിമിഷത്തിൽ ഒന്നിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരു ആത്മാവിനെ, മാനവികത കുടുംബമായി സ്വീകരിച്ച ഒരു നേതാവിനെ ഞാൻ കണ്ടു.’
‘അദ്ദേഹത്തിന്റെ വിയോഗത്തിൽ നാം ദുഃഖിക്കുമ്പോഴും, അദ്ദേഹത്തിന്റെ ജീവിതം പിന്തുടരുകയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയും വേണം’- അമൃതാനന്ദമയി അനുസ്മരണ സന്ദേശത്തിൽ വ്യക്തമാക്കി.
വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പോക്സോ കേസ് അതിജീവിതയേയും മകനെയും കാണാതായി
കോഴിക്കോട്. വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പോക്സോ കേസ് അതിജീവിതയേയും മകനെയും കാണാതായി.17 കാരിയെയും മൂന്ന് വയസുള്ള മകനെയുമാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. വെള്ളിമാട് കുന്നിലെ സഖി കേന്ദ്രത്തിലായിരുന്ന ഇരുവരെയും CWC ചെയർമാൻ്റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം നഗരത്തിലെ വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് കാണാതായത്. ടൗൺ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ പ്രസ്താവന, നിഷികാന്ത് ദുബെക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി വേണം എന്ന് ആവശ്യപ്പെട്ടു അറ്റോര്‍ണി ജനറലിന് കത്ത്
ന്യൂഡെല്‍ഹി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ പ്രസ്താവനയിൽ നിഷികാന്ത് ദുബെക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി വേണം എന്ന് ആവശ്യപ്പെട്ടു അറ്റോര്‍ണി ജനറലിന് കത്ത്. വീണ്ടും വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ.മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷിക്കെതിരെയാണ് പരാമർശം.എസ് വൈ ഖുറൈഷി,മുസ്ലീം കമ്മീഷണർ’ എന്ന് നിഷിക്കാന്ത് ദുബെ.
രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ സംഘർഷങ്ങളുടെയും ഉത്തരവാദി സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കുമെന്ന വിവാദ പ്രസ്താവനയില്‍ ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ദുബെക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ട് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് കത്ത് അയച്ചു.
അഭിഭാഷകനായ അനസ് തന്‍വീറാണ് കത്ത് അയച്ചത്. നിഷി കാന്ത് ദു ബെ യുടെ പരാമർശം,കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസിനെതിരായ പ്രസ്താവനയിൽ വിവാദം തുടരുന്നതിനിടെ,മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷിക്കെതിരെ മോശം പരാമർശവുമായി ദുബെ രംഗത്ത് വന്നു.
വഖഫ് നിയമം മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സർക്കാരിന്റെ ദുഷ്ട പദ്ധതിയെന്ന് സമൂഹ മാധ്യമത്തിലൂടെ ഖുറൈഷി നടത്തിയ വിമർശനത്തിനാണ് ദു ബെ യുടെ പ്രതികരണം. ഖുറൈഷിയുടെ കാലത്ത് ജാർഖണ്ഡിലെ സന്താൽ പർഗാനയിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ചേർത്തെന്നു
ദുബെ ആരോപിച്ചു.
ഖുറേഷി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയല്ല, മുസ്ലിം കമ്മീഷണർ ആണെന്ന് ദുബെ എക്‌സിൽ പ്രതികരിച്ചു.
45 വയസുള്ള സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക പീഡനം നടത്താൻ ശ്രമിച്ച പ്രതിക്ക് 16 വർഷം കഠിന തടവും 35000 രൂപ പിഴയും
കൊട്ടാരക്കര: 45 വയസുള്ള സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക പീഡനം നടത്താൻ ശ്രെമിച്ച പ്രതിക്ക് 16 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ജു മീര ബിർല. 2023 ഒക്ടോബർ 4 ന് നടന്ന സംഭവത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ നൗഷാദ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി എസ് പ്രശാന്ത് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്. ഉമ്മന്നൂർ വില്ലേജിൽ വിലയന്തൂർ മുറിയിൽ പിണറ്റിൻ മുകൾ എന്ന സ്ഥലത്ത് വിജയസദനം വീട്ടിൽ കേശവൻപിള്ള മകൻ വിനോദ് ( 46 ) എന്നയാളിനെയാണ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 6 മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷുഗു സി തോമസ് ഹാജരായി.
കല്ലാച്ചിയിൽ വിവാഹ സംഘത്തെ ആക്രമിച്ചു,10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കോഴിക്കോട്. കല്ലാച്ചിയിൽ വിവാഹ സംഘത്തെ ആക്രമിച്ച സംഭവത്തിൽ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടുന്ന കുടുംബത്തെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിലാണ് വളയം പൊലീസ് കേസെടുത്തത്.
ജാതിയേരി -വിഷ്ണുമംഗലം പാലത്തിന് സമീപം കല്ലുമ്മലിൽ വിവാഹ വണ്ടികൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് വ്യത്യസ്ത വിവാഹങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാറും ജീപ്പും തമ്മിൽ ഉരസിയതാണ് സംഘർഷത്തിന് വഴി വച്ചത്. ചൊക്യാട് സ്വദേശികളായ പുളിയാവിലെ ചാലിൽ നിധിൻ ലാൽ, ഭാര്യ ആതിര, ഏഴു മാസം പ്രായമുള്ള ഇവരുടെ മകൾ നിതാര എന്നിവർക്കും മറ്റ് രണ്ടുപേർക്കും പരുക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച കാർ ആക്രമിസംഘം അടിച്ചു തകർക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സംഘർഷത്തിനിടെ കടന്നുകളഞ്ഞ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. അക്രമ സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ചു അക്രമികൾ രക്ഷപ്പെട്ട ഥാർ ജീപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കർശനമായ നടപടി ഉടൻ ഉണ്ടാകുമെന്നും വളയം പോലീസ് പറഞ്ഞു.
മാനാമ്പുഴ തൃക്കണ്ണാപുരം പാലവിള കിഴക്കേതിൽ അമ്മിണി നിര്യാതയായി
കുന്നത്തൂർ:മാനാമ്പുഴ തൃക്കണ്ണാപുരം പാലവിള കിഴക്കേതിൽ പരേതനായ ഫിലിപ്പിൻ്റെ ഭാര്യ അമ്മിണി (87) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:റെജി,അനിയൻ കുഞ്ഞ്പൊന്നമ്മ,സജി.മരുമക്കൾ:മേരി,കുഞ്ഞു ശോഭി,മിനി.




































