Home Blog Page 1177

‘തിളച്ച്’ സ്വർണം; പവൻ ഒറ്റയടിക്ക് 2,200 രൂപ കയറി 74,000ന് മുകളിൽ, പണിക്കൂലിയടക്കം 84,000നും മേലെ

ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു. പവന് ഇന്ന് ഒറ്റയടിക്ക് 2,200 രൂപ ഉയർന്ന് വില 74,320 രൂപയും ഗ്രാമിന് 275 രൂപ വർധിച്ച് 9,290 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 9,015 രൂപയും പവന് 72,120 രൂപയുമെന്ന റെക്കോർഡ് തകർന്നു. ഇന്നലെയായിരുന്നു ഗ്രാം 9,000 രൂപയും പവൻ 72,000 രൂപയും ആദ്യമായി ഭേദിച്ചത്.

സ്വർണത്തിന് ഒരുദിവസം കേരളത്തിൽ ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തിൽ ആദ്യം. നിലവിലെ ട്രെൻഡ് തുടരുമെന്നും പവന് വൈകാതെ 75,000 രൂപയെന്ന നാഴികക്കല്ലും മറികടക്കുമെന്നുമാണ് വിലയിരുത്തലുകൾ. അക്ഷയതൃതീയ പടിവാതിലിൽ നിൽക്കേയുള്ള ഈ വിലക്കുതിപ്പ് ആഭരണപ്രിയരെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 8,520 രൂപയും ഗ്രാമിന് 1,065 രൂപയും കൂടി. 2025ൽ ഇതുവരെ പവന്റെ മുന്നേറ്റം 17,440 രൂപ; ഗ്രാമിന് 2,180 രൂപയും. കഴിഞ്ഞവർഷം ഏപ്രിൽ 22ന് പവന് 54,040 രൂപയേ വിലയുണ്ടായിരുന്നുള്ളൂ; ഗ്രാമിന് 6,755 രൂപയും. തുടർന്ന് ഇതുവരെ പവൻ കുതിച്ചുകയറിയത് 20,280 രൂപ. ഗ്രാമിന് ഇക്കാലയളലിൽ‌ 2,535 രൂപയും ഉയർന്നു.

18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 280 രൂപ ഉയർന്ന് റെക്കോർഡ് 7,690 രൂപയായി. മറ്റു ചില കടകളിൽ വില ഇതേ നിലവാരത്തിൽ മുന്നേറി 7,650 രൂപയാണ്. വെള്ളിവില അതേസമയം ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ട്രംപിന്റെ ഭീഷണിയിൽ കുതിച്ച് സ്വർണം

യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ് രാജ്യത്തിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ മേധാവി ജെറോം പവലിനെ ‘വൻ തോൽവി’ (major loser) എന്ന് വിളിച്ചതും ഉടനടി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടതും സ്വർണവില കുതിച്ചുകയറാൻ വഴിയൊരുക്കി. രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 170 ഡോളറിലധികം മുന്നേറി എക്കാലത്തെയും ഉയരമായ 3,496.50 ഡോളർ വരെയായി. 3,500 ഡോളർ‌ എന്ന നാഴികക്കല്ല് വൈകാതെ കടന്നേക്കും.

പവലിനെ പുറത്താക്കാനുള്ള ഉദ്ദേശ്യവും ട്രംപിനുണ്ടെന്നാണ് സൂചനകൾ. ഇതും ട്രംപിന്റെ താരിഫ് നയങ്ങളും യുഎസിൽ നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയതും മൂലം ഓഹരി വിപണി‌ തകർന്നടിഞ്ഞു. ഡൗ ജോൺസ് 2.48%, എസ് ആൻഡ് പി 500 സൂചിക 2.36%, നാസ്ഡാക് 2.55% എന്നിങ്ങനെ കൂപ്പുകുത്തി. യുഎസ് ഡോളർ 98 നിലവാരത്തിലേക്ക് വീണു. ഓഹരികളുടെ തകർച്ച, ഡോളറിന്റെ വീഴ്ച, ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത എന്നിവ നിക്ഷേപകരെ നിരാശയിലാക്കി. അവർ ഈ നിക്ഷേപ പദ്ധതികളിൽ നിന്ന് പണം പിൻവലിച്ച് ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്നോണം ഗോൾഡ് ഇടിഎഫിലേക്ക് നിക്ഷേപം മാറ്റുന്നതും സ്വർണവില കൂടാനിടയാക്കുകയാണ്.

പണിക്കൂലിയും ചേർന്നാൽ

സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ഇന്നു മിനിമം 5% പണിക്കൂലിക്കാണ് നിങ്ങൾ ആഭരണം വാങ്ങുന്നതെങ്കിൽ ഒരു പവനു നൽകേണ്ട വില 80,432 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,054 രൂപയും. പൊതുവേ ശരാശരി 10 ശതമാനം പണിക്കൂലിയാണ് മിക്ക ജ്വല്ലറികളും വാങ്ങാറുള്ളത്. അങ്ങനെയെങ്കിൽ ഇന്നു ഒരു പവൻ ആഭരണത്തിന്റെ വില 84,260 രൂപയായിരിക്കും. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,532 രൂപയും.

ഓടുന്ന എസി ബസിന്റെ പിൻസീറ്റിൽ ദമ്പതികളുടെ അതിരുവിട്ട സ്നേഹപ്രകടനം, എല്ലാം കാമറയിൽ പകർത്തി, ഇരുവരും പിടിയിൽ

മുംബൈ: നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് (എൻഎംഎംടി) സർവീസ് നടത്തുന്ന എയർ കണ്ടീഷൻഡ് (എസി) ബസിനുള്ളിൽ ലൈം​ഗിക ബന്ധത്തിലേർപ്പെട്ട യുവാവും യുവതിയും അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇരുപതുകൾ പ്രായമുള്ള യുവാവും യുവതിയുമാണ് പിടിയിലായത്. സംഭവത്തിൽ കണ്ടക്ടർക്കെതിരെയും നടപടിയുണ്ടായിരുന്നു.

പിന്നിലെ സീറ്റിലാണ് സംഭവം. സമീപത്തുള്ള വാഹനത്തിൽ നിന്ന് മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. കണ്ടക്ടറെ താക്കീത് ചെയ്യുകയും തന്റെ കൺമുന്നിൽ എങ്ങനെയാണ് ഇത്തരമൊരു അശ്ലീല പ്രവൃത്തി നടന്നതെന്ന് രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബസിൽ യാത്രക്കാർ വളരെ കുറവായിരുന്നുവെന്നും താൻ മുന്നിലായിരുന്നുലെന്നും പിന്നിൽ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഞായറാഴ്ച പൻവേലിൽ നിന്ന് കല്യാണിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ബസ് കാലിയായിരുന്നു. കനത്ത ഗതാഗതക്കുരുക്ക് കാരണം ബസ് വേഗത കുറച്ചു. ഈ സമയമാണ് ഇവർ ബന്ധത്തിൽ ഏർപ്പെട്ടത്. മറ്റൊരു വാഹനത്തിലെ ഒരാൾ സംഭവം കാണുകയും വീഡിയോ പകർത്തുകയും ചെയ്തു.

സംഭവത്തിൽ ഇടപെടുകയോ തടയുകയോ ചെയ്യാത്തതിന് ബസ് കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചതായി എൻഎംഎംടിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. യുവാക്കൾ പൊതുസ്ഥലത്ത് അവരുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് പൊതുസ്ഥലങ്ങളിലെ ഇത്തരം അശ്ലീല പ്രവൃത്തികൾ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്നും അധികൃതർ അറിയിച്ചു. സാഗർ വിഹാറിലും പാം ബീച്ച് റോഡിലും യുവ ദമ്പതികൾ, സ്കൂൾ വിദ്യാർത്ഥികൾ പോലും, കൈകോർത്ത് പിടിക്കുകയും ചുംബിക്കുകയോ ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. രക്ഷിതാക്കളും അധ്യാപകരും പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് ഇവരെ ബോധ്യപ്പെടുത്തണമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങൾ രണ്ടു മുറികളിലായി, വസ്ത്രങ്ങളില്ല

കോട്ടയം: തിരുവാതിൽക്കലിൽ ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളുണ്ട്. നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാർ. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയിൽ അടിയേറ്റിട്ടുണ്ട്. സംഭവത്തിൽ വീട്ടിൽ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചിൽ ആരംഭിച്ചു. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഇതേ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് ഉടൻ എത്തും.

വീട്ടിൽ ഒരു സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും പ്രായാധിക്യവും കേൾവി പരിമിതിയുമുള്ള അദ്ദേഹം വിവരം അറിഞ്ഞത് നാട്ടുകാർക്കൊപ്പം മാത്രമാണെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി

പാലക്കാട്: വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത (68), അമ്മിണി (76) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു ഇരുവരും. രണ്ട് പേരുടെയും മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് പോയത് ക്ഷേത്ര ദർശനത്തിനായി പോയത്. ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഇരുവരും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വീട്ടില്‍ നിന്ന് പോയത്. വൈകിട്ടായിട്ടും തിരിച്ച് എത്താതെ വന്നതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇരുവരും ഞായറാഴ്ച വൈകീട്ട് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ എത്തിയെന്ന് കണ്ടെത്തി.

ബസ് ഡ്രൈവറോട് തിരുപ്പതിക്ക് എപ്പോഴാണ് ബസെന്ന് അന്വേഷിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് തന്നെ ഇരുവരും പാലക്കാട് നിന്ന് ബസ് കയറി. കോയമ്പത്തൂരിലേക്കാണോ മധുരയിലേക്കാണോ എന്ന സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്.

കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പത്തനാപുരം .അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.
പത്തനാപുരം കടയ്ക്കാമൺ സ്വദേശി 30 വയസ്സുള്ള മഹേഷ് ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ പാതയിൽ നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിന് മുൻപിലായിരുന്നു അപകടം. പത്തനാപുരത്ത് നിന്നും പുനലൂരിലേക്ക് വരികയായിരുന്ന കാറും പുനലൂരിൽ നിന്നും പത്തനാപുരത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ എത്തിയ കാർ, ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ തൊട്ടു പുറകിലായി വന്ന മറ്റൊരു കാറിൽ ഇടിച്ചു. രണ്ട് വാഹനങ്ങളുടെയും ഇടയിൽ പെട്ട് ഓട്ടോറിക്ഷ പൂർണമായും തകർന്നു. മഹേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി മരണം സംഭവിച്ചു.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സ്വര്‍ണം വീണ്ടും കുതിച്ചു

കൊച്ചി.പൊന്ന് പൊള്ളുകയാണിപ്പോള്‍,.സ്വർണവില വീണ്ടും സർവകാല റെക്കോഡ് കടന്നു. പവന് 2200 രൂപ കൂടി 74,320 രൂപ ഗ്രാമിന് 275 രൂപ കൂടി 9290 രൂപയായി. ഇടയ്ക്ക് ഒന്നു നിലച്ചെന്ന് തോന്നലുണ്ടാക്കിയ സ്വര്‍ണം കുതിപ്പിലാണ്. വിലക്കയറ്റത്തിന് കാരണം താരിഫ് തർക്കങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളും

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി,അപകടത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു,ദൃശ്യം

പത്തനംതിട്ട. ഭാഗ്യം എന്നാല്‍ ഇതാണ്. എരുമേലിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കാൽനട യാത്രക്കാരായ മൂന്നുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ
പുറത്ത്.നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലും ഇടിച്ചു. ഓട്ടോയില്‍ കാറിടിക്കുന്ന ശബ്ദംകേട്ട് തിരിഞ്ഞതിനാലാണ് വഴിയാത്രക്കാരായ പെണ്‍കുട്ടികള്‍ രക്ഷപ്പെ. അപകടത്തിൽ ഓട്ടോറിക്ഷാ യാത്രക്കാർക്കും പരിക്കേറ്റു.സംഭവത്തിൽ എരുമേലി പൊലീസ് കേസെടുത്തു.

മോദി സൗദിയിലേക്ക് തിരിച്ചു

ന്യൂഡെല്‍ഹി.പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശനത്തിനായി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. പ്രധാനമന്ത്രിയുടേത് രണ്ടു ദിവസത്തെ സന്ദർശനം. സൗദി പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻറെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യക്ക് ഏറെ ഗുണ കരമായ ആറ് ഉടമ്പടികളാണ് ചര്‍ച്ചയിലുള്ളത്.സൗദി അറേബ്യയുമായുള്ള ചരിത്രപരമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നുവെന്നും സൗദി അറേബ്യയുമായുള്ള ഉപകക്ഷി ബന്ധങ്ങൾക്ക് ഗണ്യമായ വേഗത കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു

സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

മിഷൻ 2025,തദ്ദേശം പിടിക്കാന്‍ ബിജെപി തന്ത്രം ഇങ്ങനെ

തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർദ്ധന ലക്ഷ്യമിട്ട് ബിജെപി. 21,865 വാർഡുകളിൽ 10000 സീറ്റുകൾ ലക്ഷ്യം വച്ച് പ്രവർത്തിക്കാൻ ആഹ്വാനം . കഴിഞ്ഞതവണ 1,600 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പിനായി 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ചു

വോട്ടര്‍ പട്ടിക പരിശോധന, ബിഎല്‍എമാരെ തീരുമാനിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍, വികസിത വാര്‍ഡ് പ്രചാരണം, ഫണ്ട് ശേഖരണം, പദയാത്ര എന്നിങ്ങനെയാണ് പ്രവർത്തന പദ്ധതി. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ വാര്‍ഡുതലത്തില്‍ സര്‍വേ നടത്തും. ഇതിനായി സംസ്ഥാന കമ്മിറ്റി പുതിയ ആപ്പ് തയ്യാറാക്കും

പ്രവർത്തന റിപ്പോർട്ട് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന പ്രസിഡന്റിന് നല്‍കണം. വാര്‍ഡുതലത്തില്‍ ഇന്‍ ചാര്‍ജ്, ഡെപ്യൂട്ടി ഇന്‍ ചാര്‍ജ്, മൂന്ന് വികസിത കേരളം വൊളന്റിയര്‍മാര്‍ എന്നിവരെ നിയോഗിക്കും. ഒരാള്‍ സ്ത്രീയും ഒരാള്‍ പട്ടികജാതി വിഭാഗക്കാരനുമായിരിക്കും

കണത്താർകുന്നത്ത് തെരുവ് നായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ യുവതിക്ക് പരിക്ക്

ശാസ്താംകോട്ട :തെരുവ് നായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ യുവതിക്ക് പരിക്ക് പടിഞ്ഞാറേകല്ലട കണത്താർകുന്നം ലക്ഷ്മി ചൈതന്യം വീട്ടിൽ മോനിഷ (36) ന് ആണ് പരിക്കേറ്റത്.വീട്ടിൽ നിന്നും കുടുംബ വീട്ടിലേക്ക് പോകും വഴി പട്ടികൾ കൂട്ടത്തോടെ അക്രമി മിക്കാൻ വരുമ്പോൾ രക്ഷപെടാൻ ശ്രമിച്ച മോനിഷയ്ക്ക് വീഴ്ചയിൽഇടതുകാലിനു ഒടിവ് സംഭവിക്കുകയായിരുന്നു ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഒരാഴ്യ്ക്കുള്ളിൽ ഇവിടെ മൂന്ന് പേരെ തെരുവുനായ കടിച്ചിരുന്നു. രണ്ടര മാസം മുമ്പ് മോനിഷയുടെ ഭർത്താവ് അനിൽകുമാറിനെ ഉൾപ്പെടെ ആറുപേരെ നായ കടിച്ചിരുന്നു.അന്ന് കടിച്ച നായ പിന്നെ ചത്തു.ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുളങ്കാടകം പൊതു ശ്മാശാനത്തിൽ മറവ് ചെയ്തിരുന്നു.