കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യ യാത്രാമൊഴിയേകി ലോകം. പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു വത്തിക്കാനില്‍ തുടക്കമായി. ഒന്നര മണിക്കൂറോളം നീണ്ട ദിവ്യബലിക്കു ശേഷം പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റര്‍ അകലെ, സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരം.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കുള്ള കാരുണ്യ വിതരണം നടന്നിരുന്നു. ചത്വരത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളില്‍ സംസ്‌കാര ശുശ്രൂഷ തത്സമയം കാണാനായി സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അന്തിമോപചാരമര്‍പ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അടക്കം 168 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ആരംഭിച്ചത്. രണ്ട് ലക്ഷത്തിലധികം പേര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.
മാര്‍പാപ്പയ്ക്ക് അന്ത്യ യാത്രാമൊഴിയേകി ലോകം
അൽഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായി മർദിച്ച ഹോം നഴ്സ് അറസ്റ്റിൽ
പത്തനംതിട്ട. തട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായി മർദ്ദിച്ച ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം കുന്നിക്കോട് സ്വദേശിയായ ഹോംനേഴ്സ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.. ഭാരതീയ ന്യായസംഹിത അനുശാസിക്കുന്ന ജാമ്യമില്ല വകുപ്പുകൾ ആണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്.. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.. വിഷ്ണു ഏതെങ്കിലും ലഹരിക്ക് അടിമപ്പെട്ടാണോ 59 കാരനായ രോഗിയോട് ഈ ക്രൂരത കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.. ക്രൂരമായ മർദ്ദനമാണ് ശശിധരൻ നായർ വിഷ്ണുവിൽ നിന്ന് ഏറ്റുവാങ്ങിയത്. എന്തിനാണ് ഈ ക്രൂരത നടത്തിയത് എന്ന് പോലിസ് പുറത്തുകൊണ്ടുവരണമെന്നും ആവശ്യമുയരുന്നു.
അതേസമയം വിഷ്ണുവിനെ ജോലിക്ക് നിയോഗിച്ച ഏജൻസിയുടെ ഉൾപ്പെടെ പശ്ചാത്തലം പോലീസ് പരിശോധിച്ചുവരികയാണ്..അടൂരിലെ ഏജൻസി വഴി ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ഹോം നഴ്സിനെ ബന്ധുക്കൾ ജോലിക്ക് നിർത്തിയത്. ഇക്കഴിഞ്ഞ 22ാം തീയതി ശശിധരൻപിള്ളയ്ക്ക് വീണു പരിക്കുപറ്റിയെന്നാണ് വിവരം തിരുവന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ ഹോം നഴ്സ് അറിയിച്ചത്. ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്കും മാറ്റി.ഗുരുതരമായി പരിക്കേറ്റതിൽ സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. അതേ സമയം മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
കാർഷികമേഖലയുടെ നവീകരണത്തിനായി ലഭിച്ച ലോക ബാങ്ക് വായ്പ സർക്കാർ വക മാറ്റി ചെലവഴിച്ചു
തിരുവനന്തപുരം. കാർഷികമേഖലയുടെ നവീകരണത്തിനായി ലഭിച്ച ലോക ബാങ്ക് വായ്പ സർക്കാർ വക മാറ്റി ചെലവഴിച്ചു. കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിക്കായി അനുവദിച്ച 139.66 കോടി രൂപയാണ് വകുപ്പിന് നൽകാതെ മറ്റ് കാര്യങ്ങൾക്ക് ചെലവിട്ടത്. പണം ലഭിച്ചാൽ പദ്ധതി നടത്തിപ്പിനുള്ള അക്കൗണ്ടിലേക്ക് നൽകണമെന്ന വ്യവസ്ഥ ലംഘിച്ചാണ് വക മാറ്റിയത്.
PKG
കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും നവീകരണത്തിനും വേണ്ടിയാണ് കൃഷിവകുപ്പ് ലോകബാങ്കിന്റെ ബൈപ്പാസ് സ്വീകരിച്ചത്. കേര എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി 139.66 കോടി രൂപ ലോകബാങ്ക് സംസ്ഥാനത്തിന് കൈമാറിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിൽ നിന്ന്
മാർച്ച് പകുതിയോടെ പണം ട്രഷറിയിൽ എത്തി. എന്നാൽ ഈ തുക ഇതുവരെ പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടില്ല. പണം ലഭിച്ചാൽ 5 ആഴ്ചയ്ക്കകം പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് പണം വക മാറ്റിയത്
സാമ്പത്തിക വർഷത്തിന്റെ അവസാനം ഉണ്ടായ ചെലവുകൾക്ക് വേണ്ടി വായ്പാപ്പണം ഉപയോഗിച്ചെന്നാണ് കരുതുന്നത്. പണം ആവശ്യപ്പെട്ട കൃഷി വകുപ്പിനോട് ഉടൻ കൈമാറുമെന്നാണ് ധനവകുപ്പ് നൽകുന്ന മറുപടി. പദ്ധതി പുരോഗതി വിലയിരുത്താൻ മെയ് ആദ്യവാരം ലോക ബാങ്ക് സംഘം കേരളത്തിൽ എത്തുന്നുണ്ട്. അതിന് മുമ്പ് പണം പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറിയേക്കും. പണം വകമാറ്റിയന്ന ആക്ഷേപത്തോട് ധനവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല
കേരളത്തിലുള്ളത് 104 പാകിസ്ഥാൻകാര്‍,ആശയക്കുഴപ്പത്തില്‍ പൊലീസ്
തിരുവനന്തപുരം.പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയുള്ള തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള
പാകിസ്ഥാൻകാരുടെ വിവരം ശേഖരിച്ചു. പോലീസ്.ഇന്ത്യൻ വിസയുമായി കേരളത്തിലുള്ളത് 104 പാകിസ്ഥാൻകാരാണ്.
ഇവരിൽ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നൽകി.എട്ടു താത്കാലിക
വിസക്കാർ ഇതിനോടകം മടങ്ങിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ നിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്നവരിൽ
ചിലർ പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്.
കുട്ടികളടക്കം വിസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഇവരുടെ തുടർനടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കേരള പോലീസ് ഉപദേശം തേടിയിട്ടുണ്ട്.
പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന് സുരക്ഷ കൂട്ടും,പൂരം കാണാൻ മുഖ്യമന്ത്രി എത്തിയേക്കും
തൃശ്ശൂർ. പൂരം മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഡിജിപിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നു. വെടിക്കെട്ട് നടക്കുന്ന തെക്കിൻകാട് മൈതാനിയും ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് സന്ദർശിച്ചു. പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന് സുരക്ഷ കൂട്ടിയതായി ഡിജിപി പറഞ്ഞു. അതിനിടെ പൂരം കാണാൻ മുഖ്യമന്ത്രിയെ തിരുവമ്പാടി ദേവസ്വം നേരിട്ട് ക്ഷണിച്ചു.
കഴിഞ്ഞവർഷം തൃശ്ശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ പ്രശ്നത്തിൽ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമാണ് പോലീസും ജില്ലാ ഭരണകൂടവും നടത്തുന്നത്. ഇതിൻറെ ഭാഗമായാണ് ഡിജിപിയുടെ നേതൃത്വത്തിൽ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. പൂരം നടത്തിപ്പിനായിരത്തിലധികം പോലീസുകാരെ വിന്യസിപ്പിക്കും. പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കമാൻഡോമാരെ അടക്കം നിയോഗിച്ച സുരക്ഷ വർദ്ധിപ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
രാവിലെ തെക്കിൻകാട് മൈതാനിയിൽ വെടിക്കെട്ടിന്റെ ഫയർ ലൈനായി നിശ്ചയിച്ച മേഖലയും, പൂരം വരുന്ന മേഖലകളും ഡിജിപിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. അതിനിടെ മുഖ്യമന്ത്രിയെ പൂരം കാണാൻ തിരുവമ്പാടി ദേവസ്വം നേരിട്ട് ക്ഷണിച്ചു. പൂരം കാണാൻ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ,നല്ല രീതിയിൽ പൂരം നടക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും
തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദർ മേനോൻ പറഞ്ഞു.
തൃശ്ശൂർ പൂരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയേക്കും എന്നാണ് ഓഫീസിൽനിന്ന് ലഭിക്കുന്ന വിവരം. മെയ് ആറിനാണ് തൃശ്ശൂർ പൂരം.
ഐ.എം. വിജയൻ പൊലീസിൽ നിന്നു വിരമിച്ചു… വിരമിക്കൽ പിറന്നാൾ ദിനത്തിൽ
ഇതിഹാസ ഇന്ത്യൻ ഫുട്ബോൾ താരവും മുൻ നായകനുമായ ഐഎം വിജയൻ പൊലീസിൽ നിന്നു വിരമിച്ചു. 56ാം പിറന്നാൾ ദിനത്തിലാണ് 38 വർഷം നീണ്ട സേവനത്തിനൊടുവിലാണ് വിജയൻ പൊലീസിന്റെ കാക്കിക്കുപ്പായം അഴിക്കുന്നത്. മലപ്പുറത്ത് എംഎസ്പി അസി. കമാൻഡന്റ് പദവിയിൽ നിന്നാണ് വിജയന്റെ പടിയിറക്കം. ഈ മാസം 30ഓടെ അദ്ദേഹത്തിന്റെ സർവീസ് കാലാവധി പൂർത്തിയാകും.
ഫുട്ബോൾ മികവുമായി 18ാം വയസിലാണ് ഐഎം വിജയൻ അതിഥി താരമായി പൊലീസിലെത്തുന്നത്. കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ നെടുംതൂണുകളിൽ ഒന്നായി വിജയൻ പിൽക്കാലത്ത് മാറി. ഇന്നലെ ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽ നിന്നു വിജയൻ സല്യൂട്ട് സ്വീകരിച്ചു. വിപി സത്യൻ, യു ഷറഫലി, സിവി പാപ്പച്ചൻ, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ സുവർണ സംഘത്തിലെ അവസാന കണ്ണിയും പടിയിറങ്ങി.
1986ൽ കേരള പൊലീസിൽ അതിഥി താരമായി എത്തിയ വിജയൻ 1987ൽ 18 വയസ് പൂർത്തിയായപ്പോൾ കോൺസ്റ്റബിളായാണ് ജോലിയിൽ പ്രവേശിച്ചത്. 1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻ ബഗാനിലേക്ക് കളിക്കാൻ പോയി. 1992ൽ പൊലീസിൽ തിരിച്ചെത്തി. 1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജെസിടി, എഫ്സി കൊച്ചിൽ, ചർച്ചിൽ ബ്രദേഴ്സ് ക്ലബുകൾക്കായി കളിച്ചു.
1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളിൽ നിന്നു 39 ഗോളുകൾ. 2006ൽ ഈസ്റ്റ് ബംഗാളിൽ കളിക്കവെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ചു.
പിന്നീട് എഎസ്ഐ ആയി വീണ്ടും കേരള പൊലീസിൽ എത്തി. 2021ൽ എംഎസ്പി അസി. കമാൻഡന്റ് ആയി. 2002ൽ അർജുന അവർഡും ഈ വർഷം പത്മശ്രീ നൽകിയും രാജ്യം ആദരിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനൈ ‘സ്നേഹക്കൂട് -25’ മെയ് 3 ന്
തിരുവനന്തപുരം:കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനൈ തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സ്നേഹക്കൂട് -25’ മെയ് 3 -ന് ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ ഐ എം ജി ഡയറക്ടർ ഡോ കെ ജയകുമാർ ഉദ്‌ഘാടനം ചെയ്യും.
പ്രസിഡന്റ് ടി എം മാത്യു അധ്യക്ഷനാകുന്ന ‘ഓർമ്മക്കളം’ വേദിയിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, കോളേജ് പ്രിൻസിപ്പൽ ഡോ ജോർജ് കെ അലക്സ്, വിക്ടർ ടി തോമസ് കോഴഞ്ചേരി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.
കോളേജിന്റെ പൂർവ വിദ്യാർഥികളായ മുൻ പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ടി കെ എ നായർ, മുൻ മേയർ കെ ചന്ദ്രിക, സാഹിത്യകാരൻ കെ പി ഗോപാലകൃഷ്ണൻ, ഡോ രാജൻ വർഗീസ്, സ്പോർട്സ് രംഗത്ത് പ്രതിഭ തെളിയിച്ച റിട്ട. ഡി വൈ എസ് പി അലക്സ് എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിക്കും.
തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ അലുംനൈ അംഗങ്ങളും , അധ്യാപകരും അനധ്യാപകരും പങ്കെടുക്കുന്ന ഈ അനുപമ ‘സ്നേഹക്കൂടിൽ’ സൗഹൃദ സല്ലാപം, കലാ-സാംസ്കാരിക – വിനോദ പരിപാടികൾ, ‘ഓർമ്മപ്പൂക്കൾ’ എന്ന സ്മരണികയുടെ പ്രകാശനം തുടങ്ങിയവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, ജനറൽ കൺവീനർ ടി ജെ മാത്യു (8592020735), സെക്രട്ടറി വിൽസൺ ടി തോമസ് (9847533055) എന്നിവരുമായി ബന്ധപ്പെടാം.
കുടിവെള്ളവിതരണം മുടങ്ങും
എന്‍.എച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ചാത്തന്നൂര്‍, മീനാട്, ചിറക്കര, കൊട്ടിയം, പൂതക്കുളം, മയ്യനാട്, പറവൂര്‍, ഇരവിപുരം, വടക്കേവിള ഭാഗങ്ങളില്‍ ഏപ്രില്‍ 28 മുതല്‍ മെയ് ഒന്നുവരെ ജിക്ക മീനാട് കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജല വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി വാളകം സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
സംസ്ഥാന മോട്ടോർ വാഹനവകുപ്പിൽ കൂട്ടസ്ഥലംമാറ്റം… 48 മണിക്കൂറിനുള്ളിൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കണം
സംസ്ഥാന മോട്ടോർ വാഹനവകുപ്പിൽ കൂട്ടസ്ഥലംമാറ്റം. 221 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയാണ് (എഎംവിഐ) സ്ഥലം മാറ്റി ഉത്തരവിറക്കിയത്. 48 മണിക്കൂറിനുള്ളിൽ എല്ലാവരോടും പുതിയ സ്ഥലത്ത് ചുമതലയേൽക്കാനാണ് ഉത്തരവ്.
എന്നാൽ ഈ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. വകുപ്പിൽ ജനറൽ ട്രാൻസ്ഫർ വരുന്നതിന് മുൻപ്പ് ചട്ടവിരുദ്ധമായാണ് എഎംവിഐമാരെ ഇപ്പോൾ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. അതേസമയം, കോടതി ഉത്തരവ് പാലിച്ചാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്ന് ഗതാഗത കമ്മീഷണറും വ്യക്തമാക്കി.
പുഴയരികിൽ നടക്കാനിറങ്ങിയപ്പോൾ അപകടം: പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു
കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫർഹത്തിനെ (15) നാട്ടുകാർ രക്ഷപ്പെടുത്തി.
ഫാത്തിമയും ഫർഹത്തും രാവിലെ പുഴയരികിൽ നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയ്ക്ക് സമീപത്തുള്ള ഒരു പാറക്കെട്ടിൽ വിശ്രമിക്കാനായി ഫാത്തിമയും ഫർഹത്തും കയറി. തുടർന്ന് ഇരുവരും കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഫർഹത്തിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി.
രണ്ടുമണിക്കൂറോളം ഫാത്തിമയ്ക്ക് വേണ്ടി തിരച്ചിൽ നടത്തി. ഒടുവിൽ ഫയർഫോഴ്സിന്റെ സ്കൂബ സംഘം എത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്.






































