Home Blog Page 1129

പ്രാർത്ഥനയും പ്രവർത്തനവും ഒന്നാകണം : ബിഷപ്പ് വി എസ് ഫ്രാൻസിസ്

കട്ടപ്പന: സ്വർഗ്ഗരാജ്യം വരേണമേ എന്ന
കർത്താവിൻ്റെ പ്രാർത്ഥന ചൊല്ലിയാൽ മാത്രം പോരാ അതിനനുസരിച്ച് പ്രവർത്തനവും ഉണ്ടാകണമെന്ന് സി എസ് ഐ ഈസ്റ്റ് കേരള ബിഷപ്പ് റൈറ്റ് റവ.വി എസ് ഫ്രാൻസിസ് പറഞ്ഞു കേരളകൗൺസിൽ ഓഫ് ചർച്ചസ്
(കെസിസി) ക്ലർജി കമ്മിഷൻ ജില്ലാ വൈദീക സമ്മേളനം കട്ടപ്പന
സി എസ് ഐ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൻ്റെ നന്മ തിരിച്ചറിഞ്ഞ് ക്രിസ്തീയ വിശ്വാസികൾകൾ പ്രവർത്തിക്കണം .രാജ്യത്തിൻ്റെ ഭരണഘടന തിരുത്തിയെഴുതാനുള്ള ഭരണാധികാരികളുടെ ഗൂഢനീക്കങ്ങൾ തിരിച്ചറിയാനുള ഇശ്ചാശക്തി
ക്രിസ്തീയ സമൂഹത്തിന് ഉണ്ടാകണമെന്നും ബിഷപ്പ് പറഞ്ഞു.
ജില്ലാ ചെയർമാൻ റവ.ബിനു കുരുവിള അധ്യക്ഷനായി.
ഓർത്തഡോക്സ് ചർച്ച് ഇടുക്കി രൂപതാ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ സേവേറിയോസ് ശുശ്രൂഷ വെല്ലുവിളികൾ മതം, വിശ്വാസം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
വാഴൂർ സോമൻ എം എൽ എ,
കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്,
സാൽവേഷൻ ആർമി പീരുമേട് ഡിവിഷണൽ കമാൻഡർ മേജർ മാത്യു ജോസ്,
കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ, റവ.എ ആർ നോബിൾ, വെരി.റവ.ഫാദർ.വർഗ്ഗീസ് ജേക്കബ് കോർ എപ്പിസ്ക്കോപ്പ, റവ.റ്റി.ദേവപ്രസാദ്, റവ.ഡോ.ബിനോയ് പി.ജേക്കബ്, ക്ലർജി കമ്മീഷൻ സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ മേജർ റ്റി.ഇ.സ്റ്റീഫൻ സൺ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിൽ

മദീന.ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൌദിയിൽ എത്തി. ആദ്യ സംഘത്തിന് ഊഷ്മളമായ വരവേൽപ്പ് ആണ് മദീനയിൽ ലഭിച്ചത്. 8 ദിവസത്തെ മദീനാ സന്ദർശനം കഴിഞ്ഞ് തീർഥാടകർ മക്കയിലേക്ക് പോകും.

ഇന്ന് രാവിലെയാണ് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ സൌദിയില് എത്തിത്തുടങ്ങിയത്. മദീനയിൽ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ സൌദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസുൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി, സൌദി ഹജ്ജ് ഉംറ സഹമന്ത്രി അബ്ദുൽ അസീസ് അൽ വസ്സാൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മദീനയിലെ വിവിധ സംഘടനാ പ്രതിനിധികളും തീർഥാടകരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ലക്നോവിൽ നിന്നുള്ള 288-ഉം ഹൈദരാബാദിൽ നിന്നുള്ള 262-ഉം തീർഥാടകരാണ് രാവിലെ മദീനയിൽ എത്തിയത്. വൈകുന്നേരം മുംബെയിൽ നിന്നുള്ള വിമാനം ഉൾപ്പെടെ സൌദി എയർലൈൻസിന്റെ 3 വിമാനങ്ങളിലായി ആയിരത്തോളം തീർഥാടകർ ആണ് ആദ്യ ദിവസം മദീനയിൽ എത്തുന്നത്. 8 ദിവസത്തെ മദീനാ സന്ദർശനം കഴിഞ്ഞ് ഇവർ മക്കയിലേക്ക് പോകും.

1,22,518 തീർഥാടകരാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ 50,000-ത്തോളം തീർഥാടകർ മദീനയിലേക്കും ബാക്കിയുള്ളവർ ജിദ്ദയിലേക്കുമാണ് വരുന്നത്. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വിമാന സർവീസുകൾ മെയ് 10-ന് ആരംഭിക്കും. അതേസമയം ജിദ്ദ വിമാനത്താവളം വഴിയും വിദേശ ഹജ്ജ് തീർഥാടകർ എത്തിത്തുടങ്ങി. ബംഗ്ലാദേശിൽ നിന്നുള്ള 396 തീർഥാടകർ അടങ്ങുന്ന ആദ്യ സംഘത്തെ ജിദ്ദ വിമാനത്താവളത്തിൽ സൌദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മക്ക റൂട്ട് ഇനീഷ്യേറ്റീവ് വഴിയുള്ള ആദ്യ സംഘവും ഇന്ന് മലേഷ്യയിൽ നിന്നും മദീനയിൽ എത്തി. സൌദിയില് പൂർത്തിയാക്കേണ്ട ഇമിഗ്രേഷൻ നടപടിക്രമങ്ങൾ, പുറപ്പെടൽ കേന്ദ്രങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് ഇനീഷ്യേറ്റീവ്.

ടോള്‍ പുനസ്ഥാപനം,പാലിയേക്കരയിൽ സംഘർഷം

തൃശൂര്‍.ടോൾപ്പിരിവ് നിർത്തിവെച്ച ഉത്തരവ് കളക്ടർ പിൻവലിച്ചതിൽ പ്രതിഷേധം. എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസയിലെ ബാരിക്കേറ്റുകൾ തകർത്തു. വാഹനങ്ങൾ കടത്തിവിട്ടു. ഫാസ്റ്റാഗ് പ്രവർത്തിക്കുന്ന ക്യാമറകൾ തിരിച്ചുവച്ചു. പോലീസും പ്രവർത്തകനും തമ്മിൽ ഉന്തും തള്ളും. ടോൾ പിരിവ് തുടർന്നാൽ സമരം ശക്തമാക്കുമെന്ന് എഐവൈഎഫ്

ജലവിതരണം മുടങ്ങും

തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ പിടിപി നഗറിലെയും പാറമലയിലെയും
ഭൂതല സംഭരണിക ലൂടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പിടിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്,
വാഴോട്ടുകോണം, മണ്ണാറക്കോണം, മേലേ ത്തു മേലെ, സി പി ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള,
പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈറോഡ്,, പ്രേം നഗർ, ശാസ്താ നഗർ, കുഞ്ചാലുംമൂട്, മുടവൻമുകൾ, കരമന, നെടുംകാട്, കാലടി,
നീറമൺകര, മരുതൂർ കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാല മുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന് എന്നീ പ്രദേശങ്ങളിൽ 06.05.3025 ചൊവ്വാഴ്ച പൂർണമായും 07.05.2025 ബുധനാഴ്ച ഭാഗികമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ലു കെട്ടിയ മാല

തൃശൂര്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ലു കെട്ടിയ മാല ഉണ്ടെന്ന് പരാതി. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം ആണ് ഡിജിപിക്ക് പരാതി നൽകിയത്. സുരേഷ് ഗോപി കണ്ണൂരിലും, തൃശ്ശൂരിലും ഷർട്ട് ധരിക്കാതെ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. സുരേഷ് ഗോപിയുടെ കഴുത്തിൽ പുലിപ്പല്ല് കെട്ടിയ മാല ഉണ്ടെന്നും ഇതിൽ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം.

പുലിപ്പല്ലു കഴുത്തിലിട്ടതിന് കഞ്ചാവുകേസില്‍അറസ്റ്റിലായ വേടനെതിരെ കേസെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്ത അന്തരീക്ഷത്തിലാണ് പുതിയ ആക്ഷേപം.

പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്യവും സമയവും രീതിയും കരസേനയ്ക്ക് തീരുമാനിക്കാം. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും പ്രധാനമന്ത്രിയെ കണ്ടു.
പാക്കിസ്ഥാനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചനനല്‍കി ഏതാനും മണിക്കൂറുകള്‍ക്കകം ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമസേനാ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

കൊല്ലത്ത് തിരയില്‍പ്പെട്ട് യുവാവ് മരിച്ചു

കൊല്ലം: കൊല്ലത്ത് തിരയില്‍പ്പെട്ട് യുവാവ് മരിച്ചു. ഇരവിപുരം തെക്കുംഭാഗം കാക്കത്തോപ്പ് സ്വദേശി സാജന്‍ ഫ്രെഡി (42) ആണ് മരിച്ചത്. കാക്കത്തോപ്പ് തീരത്ത് ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. കാല്‍ നനയ്ക്കാന്‍ ഇറക്കിയപ്പോള്‍ തിരയില്‍പ്പെട്ടാതാകാം എന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും.

ചിറയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

ചിറയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. പാലക്കാട് മീന്‍വല്ലം തുടിക്കോട് ആദിവാസി കോളനിയിലെ രാധിക(6), പ്രതീഷ്(4), പ്രദീപ്(7) എന്നിവരാണ് മരിച്ചത്. പ്രകാശന്‍-അനിത ദമ്പതികളുടെ മക്കളാണ് മുങ്ങി മരിച്ചത്. പ്രതീഷും പ്രദീപും സഹോദരങ്ങളാണ്. പ്രകാശന്റെ അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് രാധിക.
പ്രദേശത്തെ ചിറയില്‍ വീണ കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രാവിലെ കുളിക്കാന്‍ പോയ കുട്ടികളെ ഉച്ചയായിട്ടും കാണാതായതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചെത്തിയത്. ചിറയുടെ കരയില്‍ ചെരുപ്പ് കണ്ടതിനെത്തുടര്‍ന്നാണ് ചിറയില്‍ പരിശോധന നടത്തിയത്. ചിറയിലെ ചെളിയില്‍ മുങ്ങിത്താഴ്ന്നാകാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. വീട്ടില്‍ കുട്ടികളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഞ്ചാവ് കേസില്‍ യുവാവിന് അഞ്ച് വര്‍ഷം കഠിനതടവ്

കൊല്ലം: കഞ്ചാവ് കേസില്‍ യുവാവിന് അഞ്ച് വര്‍ഷം കഠിനതടവ്. വടക്കേവിള പള്ളിമുക്ക് ഗോപാലശേരി ഹബീസുള്ള മന്‍സിലില്‍ ഷീബു (38) വിനെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് അഞ്ചുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2023ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. കിളികൊല്ലൂര്‍ ഇരട്ടക്കുളങ്ങര ജങ്ഷനില്‍ വച്ച് സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തവേ കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റ്ി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ അമ്മായിയമ്മ ഷാഹിദാ ബീവിയുടെ പേരിലുള്ള സ്‌കൂട്ടറാണ് കഞ്ചാവ് കടത്താനായി ഉപയോഗിച്ചത്. ഷാഹിദാ ബീവിയടക്കം ഏഴ് സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രതിയെ പിടികൂടിയത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ് ആയിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി. ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍ രാജഗോപാലന്‍ ചെട്ടിയാര്‍ പ്രോസിക്യൂഷന്‍ സഹായിയായി.

ചര്‍മ്മത്തെ വേനല്‍ക്കാലത്തും സംരക്ഷിക്കാം

വേനല്‍ക്കാലമാണ്…. വിയര്‍പ്പ്, ചൂട്, ഈര്‍പ്പം എന്നിവ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ചില ലളിത ജീവിത മാറ്റങ്ങള്‍ വഴി നിങ്ങളുടെ ചര്‍മ്മത്തെ വേനല്‍ക്കാലത്തും സംരക്ഷിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

വായുസഞ്ചാരമുള്ള വസ്ത്രം ധരിക്കാം

ഇളം കോട്ടണ്‍ വസ്ത്രങ്ങള്‍ വിയര്‍പ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചര്‍മ്മത്തിനെ ശ്വസിക്കാന്‍ അനുവദിക്കുകയും വരളാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട് തവണ കുളിക്കുക

ദിവസം രണ്ടു തവണ കുളിക്കുന്നത് വിയര്‍പ്പ് ബാക്ടീരിയ അലര്‍ജികള്‍ എന്നിവയില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നു. ഇത് ചൊറിച്ചിലും ചുണങ്ങും ഉണ്ടാക്കുന്നത് കുറയ്ക്കുന്നു.
കടുത്ത ലോഷനുകള്‍ ഒഴിവാക്കുക

ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ അടഞ്ഞു പോകുന്നതും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ലോഷനുകള്‍ ഒഴിവാക്കി നേര്‍ത്ത മോയ്‌സ്ചറൈസറുകള്‍ മാത്രം ഉപയോഗിക്കുക.
കലാമിന്‍ ലോഷന്‍ പുരട്ടാം

ചൊറിച്ചില്‍ ചൂട് എന്നിവ മൂലം ഉണ്ടാകുന്ന അലര്‍ജിക്ക് കലാമിന്‍ ലോഷന്‍ പുരട്ടുന്നതും നല്ലതാണ്.
ധാരാളം വെള്ളം

വേനല്‍ കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാനും ആന്തരിക ചൂടു കുറയ്ക്കാനും സഹായിക്കുന്നു.
ആന്റി ഫംഗല്‍ പൗഡറുകള്‍ ഉപയോഗിക്കാം

കക്ഷങ്ങള്‍, തുടകള്‍ തുടങ്ങിയ ശരീര മടക്കുകളില്‍ വിയര്‍പ്പ് തിണര്‍പ്പ് എന്നിവ തടയാന്‍ ആന്റി ഫംഗല്‍ പൗഡറുകള്‍ ഉപയോഗിക്കാവുന്നതാണ്.
എരിവുള്ള ഭക്ഷണം ഒഴിവാക്കാം.

ഒരുപാട് എരിവുള്ള നോണ്‍വെജ് ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പകരം തൈര് വെള്ളരിക്ക പുതിന നാരങ്ങ എന്നിവ ധാരാളമായി കഴിക്കാവുന്നതാണ്.
വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരു പരിധിവരെ ഇവയെല്ലാം സഹായിക്കുമെങ്കിലും കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറെ കാണുന്നത് തീര്‍ച്ചയായും നല്ലതാണ്.