25.6 C
Kollam
Thursday 18th December, 2025 | 03:20:53 AM
Home Blog Page 1108

വാർത്താനോട്ടം



2025 ഏപ്രിൽ 30 ബുധൻ

BREAKING NEWS

?പഹൽഗാമിലെ സ്ഥോടനം: പാക് ഭീകരർ ഉപയോഗിച്ചത് ഇന്ത്യ നിരോധിച്ച ചൈനീസ് നിർമ്മിത ആശയ വിനിമയ ഉപകരണങ്ങളെന്ന് വിവരം.

?സാറ്റ് ലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിത ഉപകരണങ്ങൾ എന്ന് ഇൻ്റലിജൻസ് വിഭാഗം



?അതിർത്തിയിൽ പ്രതിരോധമൊരുക്കി പാകിസ്ഥാൻ

?പഹൽഗാം ആക്രമണത്തിലെ ഭീകരരെ ജീവനോടെ പിടികൂടാൻ സൈന്യവും, പോലീസും


?അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള


?റാപ്പർ വേടനുമായി തെളിവെടുപ്പ് തുടങ്ങി


? കെ എം ഏബ്രഹാമിൻ്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.


?കണ്ണൂർ കൈതപ്രത്ത് ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ


?ആന്ധ്രയിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് പേർ മരിച്ചു.





      ? കേരളീയം ?


?  ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് കര്‍ണാടകയിലെ മംഗളൂരുവിനടുത്ത് കുടുപ്പു കല്ലുട്ടിയില്‍ ആള്‍ക്കൂട്ടം മലയാളി യുവാവിനെ തല്ലിക്കൊന്നു. വയനാട് പുല്‍പ്പള്ളി സാന്ദീപനി കുന്നിലെ മുച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന്‍ അഷ്റഫ് (36) ആണ് കൊല്ലപ്പെട്ടത്.  സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

?പുലിപ്പല്ലുമാലയുടെ ഉറവിടം അന്വേഷിക്കാന്‍ റാപ്പര്‍ വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ട് കോടതി. ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ്  വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. 

?  വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി വെള്ളിയില്‍ ലോക്കറ്റ് പണിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിര്‍മ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നല്‍കിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാര്‍ പറഞ്ഞു.

?  അറസ്റ്റിലായ റാപ്പ് ഗായകന്‍ വേടന് പിന്തുണയുമായി മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും ഗായകന്‍ ഷഹബാസ് അമനും. വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള വേടന്റെ കലാവിപ്ലവം തുടരട്ടെയെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.



?  കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. പുലിപ്പല്ലുമാല ഉപയോഗിച്ച കേസില്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ ഇത്തരത്തില്‍ ഒരു പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം.



? കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.


? ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ വായ്പ ബാധ്യത വര്‍ധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാന്‍ സാധിച്ചതെന്നും 50 കോടി ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി മാറ്റിയെന്നും മുന്‍ ഗതാഗതമന്ത്രി ആരോപിച്ചു. 


?  ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷീലാ സണ്ണിയെ കുടുക്കിയ വ്യാജലഹരിക്കേസില്‍ ഷീലയുടെ മരുമകളുടെ സഹോദരിയെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കാലടി സ്വദേശി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി ബാഗില്‍ വയ്ക്കുന്നതിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.

?  കണ്ണൂര്‍ ജില്ല ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടര്‍ സിറോഷ് പി. ജോണിനെ സസ്പെന്‍ഡ് ചെയ്തത്.

?  പാലക്കാട് മീന്‍വല്ലം തുടിക്കോട് ആദിവാസി കോളനിയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളായ ഏഴും നാലും ആറും വയസുള്ള പ്രദീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. തുടിക്കോട് സ്വദേശി പ്രകാശിന്റെയും അനിതയുടെയും രണ്ട് മക്കളാണ് പ്രതീഷ്,പ്രദീപ് എന്നിവര്‍. പ്രകാശന്റെ സഹോദരിയുടെ മകളാണ് രാധിക.

? ലൊക്കേഷന്‍ സ്‌കെച്ചിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ ജയപ്രകാശ് ആണ് പിടിയിലായത്. ലൊക്കേഷന്‍ സ്‌കെച്ചിന് 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഇടപെടല്‍.



?  ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചങ്ങനാശ്ശേരി എന്‍എസ്എസ് മിഷന്‍ ആശുപത്രിയില്‍ എത്തിയാണ് സുകുമാരന്‍ നായരെ കണ്ടത്.



?  ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്റര്‍ പതിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നാഗരാജ്, മോഹന്‍, അഭിജിത് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരും ബിജെപി പ്രവര്‍ത്തകരാണ്.

?  ലഹരി ഉപയോഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നല്‍കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. അഭിനേതാക്കളേക്കാള്‍ സാങ്കേതിക പ്രവര്‍ത്തകരാണ് ലഹരി കൂടുതലായി ഉപയോഗിക്കുന്നതെന്ന് സജി നന്ത്യാട്ട് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.



?  സംവിധായകന്‍ ഷാജി എന്‍. കരുണിന് വിട നല്‍കി സാംസ്‌കാരിക കേരളം. സിനിമാ- സാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേര്‍ വഴുതക്കാട് കലാഭവനില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഇന്നലെ വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടന്നു.

?  ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പരാതിക്കാരിയായ വനിതാ നിര്‍മ്മാതാവ് സാന്ദ്ര തോമസ്. നേതാവ് യുദ്ധം ജയിച്ചതുപോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

?  അതിരപ്പിള്ളി പദ്ധതിക്ക് ആരോപിക്കപ്പെടുന്ന ദോഷങ്ങളില്ലെന്ന് കെഎസ്ഇബി. ദീര്‍ഘകാലമായി കെഎസ്ഇബിയുടെ പരിഗണനയിലുള്ള ജലവൈദ്യുത പദ്ധതിയാണ് 163 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അതിരപ്പിള്ളി പദ്ധതി.

  ?മാനന്തവാടി കാട്ടിക്കുളത്ത് രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കര്‍ണാടക ആര്‍ടിസി ബസും ടൂറിസ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. 25 ഓളം പേരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

??   ദേശീയം   ??




?പഹല്‍ഗാമിലെ ഭീകാരക്രമണത്തിന് തിരിച്ചടിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.



?  ജമ്മുവിലെ അഖ്നൂരില്‍ ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. പര്‍ഗ്വാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് പ്രകോപനം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം.




?പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പങ്കുവച്ച ട്വീറ്റ് കോണ്‍ഗ്രസ് പിന്‍വലിച്ചു. ബിജെപിയുടെ ശക്തമായ പ്രചാരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമമായ എക്സിലെ പോസ്റ്റ് പിന്‍വലിച്ചത്.


?  പഹല്‍ഗാമില്‍ വിനോദസഞ്ചാരികളടക്കം 26 പേരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് സിപ് ലൈന്‍ ഓപറേറ്റര്‍ മുസമ്മില്‍ എന്‍ഐഎയോട് പറഞ്ഞതായി വിവരം. സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ത്ഥന ചൊല്ലിയാണ് വിടാറുള്ളതെന്നും വെടിയൊച്ചയും, പ്രാര്‍ത്ഥനയുമായി ബന്ധമില്ലെന്നും മുഹമ്മില്‍ വ്യക്തമാക്കിയതായും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.

?  പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബീഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. 26കാരനായ സുനില്‍ എന്നയാളെയാണ് ആര്‍മി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. പാകിസ്ഥാനി വനിതയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിനെക്കുറിച്ചുള്ള പരിശോധനക്കൊടുവിലാണ് ഈ വിവരം ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്.

?  ഇന്ത്യന്‍  കരസേനയുമായി ബന്ധപ്പെട്ട സെറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കം തകര്‍ത്തതായി കരസേന. ശ്രീനഗര്‍ ,റാണികേത് എന്നിവിടങ്ങളിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകര്‍ത്തത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഐ ഒ കെ ഹാക്കര്‍ എന്ന സംഘമാണ് നീക്കം  നടത്തിയത്.

? പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ പൗരന്മാരെ നാടുകടത്താനുള്ള കേന്ദ്ര നടപടിയില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സ്ത്രീകളുടെയും വയോധികരുടെയും കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി വേണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

? വാഹനാപകടത്തില്‍
പ്പെടുന്നവരെ ചികിത്സിക്കുന്നതിനായി ‘കാഷ്ലെസ്’ പദ്ധതി രൂപവത്കരിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി..ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേന്ദ്രം നിര്‍ദേശം പാലിക്കുകയോ സമയംനീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന്  കോടതി വിമര്‍ശിച്ചു.

? രാജ്യസുരക്ഷയ്
ക്കായി ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് സുപ്രീംകോടതി. രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും  പെഗാസസ് പോലെ വിവരം ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഇതിന്റെ ഭാഗമായി കാണാമെന്നും സുപ്രീംകോടതി പറഞ്ഞു.



?? അന്തർദേശീയം ??

?  ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷ സാധ്യതയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്.

?  കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. വിജയത്തിന് മാര്‍ക്ക് കാര്‍ണിക്കും ലിബറല്‍ പാര്‍ട്ടിക്കും അഭിനന്ദനങ്ങള്‍ എന്നാണ് മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്.


?  അമേരിക്കയിലെ ഡയറി ഫാമുകളില്‍ H5N1 പക്ഷിപ്പനി വ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. 2024 മാര്‍ച്ച് മുതല്‍ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളില്‍ പടരുകയും എഴുപത് മനുഷ്യരില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

?  വ്യാപാരത്തിനിടെ ഡോളറിനെതിരെ ശക്തമായ നില കൈവരിച്ച് രൂപ. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയര്‍ന്ന് 84.96 ആയി. 2025ല്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. വിദേശ ഫണ്ടുകളുടെ വരവ് കൂടിയതും ആഭ്യന്തര സാമ്പത്തിക ഘടങ്ങള്‍ അനുകൂലമായതുമാണ് രൂപയുടെ മുന്നേറ്റത്തിന് കാരണം.

?  ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷകനായ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടുന്ന നാലംഗ സംഘം ബഹിരാകാശ നിലയത്തിലേക്ക യാത്ര ചെയ്യുന്ന ആക്‌സിയം 4 ന്റെ വിക്ഷേപണം മെയ് 29ന് രാത്രി പത്തരയ്ക്ക്. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാന്‍ഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം.

?  ഭീകരവാദം ആസൂത്രണം ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍. ഇന്ത്യ പാകിസ്ഥാനില്‍ ഒരു ഭീകര ശൃംഖല നടത്തുകയാണെന്നും സാധാരണക്കാരെയും സൈന്യത്തെയും ലക്ഷ്യമിടാന്‍ ഭീകരര്‍ക്ക് സ്ഫോടക വസ്തുക്കളും ഉപകരണങ്ങളും നല്‍കുകയാണെന്നും ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.




    ?കായികം?


?  ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 14 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

36 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ സൈനിക നടപടി: ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെന്ന് പാക്ക് മന്ത്രി

ന്യൂഡൽഹി: അടുത്ത 24-36 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി ആരംഭിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. അത്തരം നടപടി ഉണ്ടായാൽ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ പാക്ക് മന്ത്രി, ഇന്ത്യ സ്വയം ജഡ‍്ജിയും ആരാച്ചാരുമാകുകയാണെന്നും ആരോപിച്ചതായും റിപ്പോർട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണസ്വാതന്ത്ര്യം നൽകിയെന്ന റിപ്പോർട്ടു പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്ക് മന്ത്രിയുടെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടു ചേർന്ന 90 മിനിറ്റ് ഉന്നതതല യോഗത്തിലാണ് തിരിച്ചടിക്കാൻ സൈന്യത്തിനു പൂർണ സ്വതന്ത്ര്യം നൽകിയത്.ലക്ഷ്യവും സമയവും രീതിയും സേന നിശ്ചയിക്കും. ഇന്നു രാവിലെ മന്ത്രിതല സുരക്ഷാസമിതി വീണ്ടും യോഗം ചേരും. കേന്ദ്ര മന്ത്രിസഭാ യോഗവുമുണ്ട്. തിരിച്ചടി നീക്കങ്ങൾക്ക് അന്തിമ അംഗീകാരം നൽകുക കാബിനറ്റിലാകും. 1999 ലെ കാർഗിൽ യുദ്ധത്തിനുമുൻപ് കാബിനറ്റ് അനുമതി നൽകിയിരുന്നു; നിയന്ത്രണരേഖ മറികടക്കരുതെന്നും നിർദേശിച്ചിരുന്നു. ഇക്കുറി ഏതു തരത്തിലാണു തിരിച്ചടി നീക്കമെന്നതിൽ വ്യക്തതയില്ല.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി, അസം റൈഫിൾസ്, എൻഎസ്ജി എന്നിവയുടെ മേധാവികളുമായി ചർച്ച നടത്തി. പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിലെ സാഹചര്യത്തെക്കുറിച്ച് ബിഎസ്എഫും ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തെക്കുറിച്ച് സിആർപിഎഫും യോഗത്തിൽ വിശദീകരിച്ചു.

കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ മലയാളി ഉൾപ്പെടെ 26 പേരാണു കൊല്ലപ്പെട്ടത്. തുടർച്ചയായ അഞ്ചാം ദിവസവും നിയന്ത്രണരേഖയിൽ പാക്ക് പ്രകോപനം തുടർന്നു. ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങൾക്കു പുറമേ ജമ്മുവിലെ അഖ്നൂർ സെക്ടറിലും വെടിനിർത്തൽ ലംഘിച്ച പാക്ക് പട്ടാളത്തിനുനേരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ചർമ്മത്തെ സുന്ദരമാക്കാൻ തക്കാളി മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ചർമ്മത്തിന് തിളക്കം നൽകാനും, എണ്ണമയം കുറയ്ക്കാനും തക്കാളി സഹായിച്ചേക്കാം. തക്കാളിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ..

മുഖക്കുരു, കണ്ണിന് ചുറ്റും കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ ഇന്ന് മിക്കവരിലും കാണുന്നുണ്ട്. ചർമ്മത്തെ സുന്ദരമാക്കാൻ എപ്പോഴും പ്രൃകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ആസിഡുകൾ എന്നിവയാൽ സമ്പന്നമായതിനാൽ തക്കാളി ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. വീക്കം കുറയ്ക്കാനും, അൾട്രാവയലറ്റ് രശ്മികൾക്കെതിരെ സംരക്ഷണം നൽകാനും ഇവയ്ക്ക് കഴിയും. ചർമ്മത്തിന് തിളക്കം നൽകാനും, എണ്ണമയം കുറയ്ക്കാനും തക്കാളി സഹായിച്ചേക്കാം. തക്കാളിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ..

ഒന്ന്…

രണ്ട് സ്പൂൺ തക്കാളി നീരിലേക്ക് അൽപം അൽപം റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പാക്ക് മുഖം സുന്ദരമാക്കാൻ സഹായിക്കും.

രണ്ട്…

രണ്ട് സ്പൂൺ തക്കാളി നീരും അൽപം മഞ്ഞൾ പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ‌ കഴുകി കളയുക. കറുത്ത പാടുകൾക്കും മറ്റ് തരത്തിലുള്ള ഹൈപ്പർപിഗ്മെന്റേഷനും കാരണമാകുന്ന പിഗ്മെന്റ് മെലാനിൻ ഉൽപാദനത്തെ മഞ്ഞൾ തടയുന്നു.

മൂന്ന്…

അൽപം കറ്റാർവാഴ ജെല്ലും തക്കാളി നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

പുലിപ്പല്ലിന് പിന്നാലെ വനം വകുപ്പ്, ശാസ്ത്രീയ പരിശോധനയ്ക്കയച്ചു; വേടനുമായി ജ്വല്ലറിയിൽ തെളിവെടുപ്പ്

കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുമായി വനംവകുപ്പ് തൃശൂരിൽ തെളിവെടുപ്പ് നടത്തി. വേടന്റ മാലയിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ല് വെള്ളിയിൽ പൊതിഞ്ഞ വിയ്യൂരിലെ സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഇന്നത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ വേടന്റെ ഫ്ലാറ്റിൽ ഉൾപ്പെടെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വേടനുമായി തൃശൂർ തിരൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.

പ്രാഥമിക പരിശോധനയിൽ മാലയിൽ നിന്ന് കണ്ടെത്തിയ പല്ല് യഥാർഥ പുലിപ്പല്ല് തന്നെയാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, ഇതിൽ കൂടുതൽ വ്യക്തത വരുത്താനായി പല്ല് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുള്ള കാത്തിരിപ്പിലാണ് വനംവകുപ്പ്. പുലിപ്പല്ല് ശരിക്കുള്ളതാണോ എന്ന് തനിക്ക് വ്യക്തമല്ലെന്നും ആരാധകൻ സമ്മാനിച്ചതാണെന്നുമാണ് വേടൻ പറഞ്ഞത്. രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കാലാവധി പൂർത്തിയായതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.

അതേസമയം, പുലിപ്പല്ലിൽ വെള്ളികെട്ടിക്കാനായി സമീപിച്ചത് വേടൻ ആയിരുന്നില്ലെന്ന് വിയ്യൂരിലെ ജ്വല്ലറി ഉടമ പറഞ്ഞു. കല്ലിൽ വെള്ളികെട്ടാനെന്നാണ് പറഞ്ഞിരുന്നത്. പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. ലോക്കറ്റ് തിരികെ വാങ്ങാനായി വന്നവരിൽ വേടനും ഉണ്ടായിരുന്നെന്നും ജ്വല്ലറി ഉടമ പറഞ്ഞു.

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം: 30-ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

കൊല്ലം: പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 30-ാം പ്രതി അടൂര്‍ ഏറം സ്വദേശി അനുരാജിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
പ്രത്യേക കോടതിയുടെ ചുമതലയുള്ള നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി എസ്. സുഭാഷാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ഇനി ഇയാളെ ഒഴിവാക്കിയായിരിക്കും കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുക. നിരവധി തുടര്‍ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇന്നലെ അനുരാജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ വാറണ്ടില്‍ പിടിക്കുന്നതിന് നിര്‍വാഹമില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അടൂര്‍ ഏറം പഞ്ചായത്തിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നോട്ടീസ് പതിക്കുകയുണ്ടായി. അറസ്റ്റ് ഭയന്ന് രണ്ട് വര്‍ഷം മുമ്പ് നാടുവിട്ട് പോയതാണെന്നുള്ള ബന്ധുക്കളും നാട്ടുകാരും നല്‍കിയ വിവരങ്ങളും പോലീസ് കോടതിയെ ധരിപ്പിച്ചു.
ഇത് കൂടാതെ പ്രതിയെ വാറണ്ടില്‍ കിട്ടാത്ത വിവരം പോലീസ് ചൂരക്കോട് പഞ്ചായത്ത് വായനശാലയുടെ നോട്ടീസ് ബോര്‍ഡിലും ഏറം പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡിലും പതിക്കുകയുണ്ടായി.
പോലീസിന്റെ അപേക്ഷ പ്രകാരം പ്രതിയുടെ പേരില്‍ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഒന്നുമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും വില്ലേജ് ഓഫീസറും റിപ്പോര്‍ട്ട് നല്‍കുകയുമുണ്ടായി. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ടും സത്യവാങ്മൂലവും ഫയല്‍ ചെയ്തു. തുടര്‍ന്നാണ് പ്രതിയെ ഇന്നലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ജഡ്ജി ഉത്തരവായത്.
കേസില്‍ ആകെ 59 പ്രതികളാണുള്ളത്. ഇതില്‍ 13 പേര്‍ മരിച്ചു. 28 പ്രതികള്‍ ഇന്നലെ ഹാജരായി. 17 പ്രതികള്‍ അവധിക്ക് അപേക്ഷ നല്‍കി. 32-ാം പ്രതി ഹാരിസിനെതിരെ കോടതി വാറണ്ടും പുറപ്പെടുവിച്ചു.
പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട 30-ാം പ്രതിയുടെ ജാമ്യക്കാരുടെ പിഴ തുക നിശ്ചയിക്കുന്നതിന് കേസ് മേയ് മൂന്നിന് പരിഗണിക്കും. 30-ാം പ്രതിക്കെതിരായ ജപ്തി പ്രഖ്യാപിച്ച് മറ്റു നടപടികള്‍ക്കായി കേസ് മേയ് ഏഴിനും മാറ്റി വച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. ജബ്ബാര്‍, അഡ്വ.അമ്പിളി ജബ്ബാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങ്; വിഡി സതീശൻ പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്തേക്കില്ല. വിഷയം വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് കോൺഗ്രസിലെ പൊതുവികാരം. അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ല എന്നാണ് പാർട്ടി വിലയിരുത്തൽ. വി ഡി സതീശൻ ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്നകാര്യത്തിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഇന്ന് അന്തിമ തീരുമാനം എടുക്കും.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പ്രതിപക്ഷ വിമർശനങ്ങൾക്കൊടുവിൽ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കുകയായിരുന്നു. സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിൻറെ ഭാഗമായാണ് കമ്മീഷനിംഗ് എന്നും ആഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ട് ക്ഷണിച്ചില്ലെന്നുമായിരുന്നു തുറമുഖ മന്ത്രിയുടെ ആദ്യ വിശീദകരണം. വിവാദമായതിന് പിന്നാലെ തിങ്കളാഴ്ചയിലെ തീയതി വച്ച് ഇന്നലെ ഉച്ചയോടെ പ്രതിപക്ഷനേതാവിന്‍റെ വീട്ടിൽ കത്ത് എത്തിക്കുകയായിരുന്നു.

കാത്തിരിക്കുന്ന സ്വപ്നപദ്ധതിയുടെ കമ്മീഷനെ ചൊല്ലിയാണ് പുതിയ വിവാദവും പ്രതിഷേധവും. പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷത്ത് നിന്ന് ആദ്യം ക്ഷണിച്ചത് സ്ഥലം എംപി ശശി തരൂരിനെയും എംഎൽഎ എം വിൻസെൻറിനെയും മാത്രം. വിഡി സതീശനെ ഒഴിവാക്കാൻ സർക്കാർ നൽകിയ വിശദീകരണമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. സർക്കാറിന്‍റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചതാണ് കാരണമെന്നായിരുന്നു തുറമുഖ മന്ത്രിയുടെ രാവിലത്തെ വിശദീകരണം. കോൺഗ്രസ് ശക്തമായി വിമ‍ർശിച്ചതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്.

2023 ൽ ആദ്യ ചരക്ക് കപ്പലെത്തിയപ്പോൾ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നു. അന്ന് ക്രെഡിറ്റ് മുഴുവൻ ഉമ്മൻചാണ്ടിക്ക് നൽകിയ സതീശന്‍റെ പ്രസംഗത്തിൽ എൽഡിഎഫിന് അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ട്രയൽ റണ്ണിന് പ്രതിപക്ഷനേതാവിനെ വിളിച്ചിരുന്നില്ല.

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍: പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന് രാവിലെ ഒമ്പതിന് കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും.

തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്ന് പകല്‍ 11നും 11.30നും ഇടയ്ക്കും പാറമേക്കാവില്‍ പകല്‍ 12.30നുമാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനാവും. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പകല്‍ മൂന്നിന് ക്ഷേത്രത്തില്‍ നിന്നുള്ള പൂരപ്പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30ന് നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.
മേയ് അഞ്ചിന് ഉച്ചക്ക് മുമ്പ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി വരുന്ന ആന വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരവാതിൽ തുറന്നിടുന്നതോടെ പൂരത്തിന്‍റെ ചടങ്ങുകൾ ആരംഭിക്കും.

പൂരം നാളായ ആറിന് രാവിലെ നേരത്തേ കണിമംഗലം ശാസ്താവാണ് വടക്കുംനാഥനെ വണങ്ങാൻ ആദ്യം എത്തുക. ഏഴിന് ഉച്ചയോടെ വടക്കുംനാഥന്‍റെ ശ്രീമൂല സ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം അവസാനിക്കുന്നത്.

എഡിഎം നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്പെൻഷൻ ആരോ​ഗ്യവകുപ്പ് നീട്ടി. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ആറുമാസം മുമ്പാണ് ഇയാളെ സസ്പെന്റ് ചെയ്തിരുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ വിഭാഗം ജീവനക്കാരനായിരുന്ന പ്രശാന്തിനെ ജോലിയിൽ നിന്ന് ആറുമാസം മുൻപാണ് ആരോ​ഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവും ചൂണ്ടിക്കാണിച്ചായിരുന്നു സസ്പെൻഷൻ.

ഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തിന്‍റെ പേരിൽ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹതയാണ് നിലനിൽക്കുന്നത്. എകെജി സെന്‍ററിലെ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് പരാതി വാട്സ് ആപ്പ് വഴി കൈമാറിയെന്നാണ് നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർക്ക് പ്രശാന്ത് മൊഴി നൽകിയത്. വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നൽകിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീൻ ബാബുവിനെതിരായ പ്രചാരണങ്ങൾ.

പെട്രോൾ പമ്പിന്‍റെ അനുമതിക്കായി നവീൻ ബാബുവിന് 98500 രൂപ നൽകിയെന്ന് ടിവി പ്രശാന്ത് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ ആരോപിക്കുന്നുണ്ട്. പക്ഷേ, പണം നൽകിയതിന് തെളിവില്ലെന്നാണ് മൊഴി. അനുമതി കിട്ടാൻ പണം നൽകിയെന്ന് പി പി ദിവ്യയോടും ബന്ധുവായ ബിജു കണ്ടക്കൈയോടും പറഞ്ഞു. ദിവ്യ പരാതി നൽകാൻ ആവശ്യപ്പെട്ടു. 2024 ഒക്ടോബര്‍ പത്തിന് പരാതി എഴുതിയെങ്കിലും അയച്ചില്ല. അന്ന് തന്നെ ബിജുവിനെ വിളിച്ചപ്പോഴും പരാതി നൽകാനാവശ്യപ്പെട്ടു.

പിറ്റേന്ന് പരാതി ബിജുവിന് വാട്സ് ആപ്പ് ചെയ്തു. പക്ഷെ ചില തിരുത്തലുകൾ ബിജു ആവശ്യപ്പെട്ടു. 12ന് തിരുത്തിയ പരാതിയും ബിജുവിന് വാട്സ്ആപ്പിൽ അയച്ചു. 14ന് വിജിലൻസിൽ നിന്ന് വിളിച്ചെന്നാണ് പ്രശാന്തിന്‍റെ മൊഴി. അപ്പോഴും പണം നൽകിയതിന് തെളിവില്ലെന്നാണ് പ്രശാന്ത് പറഞ്ഞത്. ഇതോടെ വാട്സ് ആപ്പിൽ നൽകിയ പരാതിയല്ലാതെ വിജിലൻസിനോ മുഖ്യമന്ത്രിക്കോ പ്രശാന്ത് പരാതി നൽകിയിട്ടില്ലെന്ന് മൊഴിയിൽ നിന്ന് വ്യക്തമാവുകയാണ്.

പത്തിന് തന്നെ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു ഇടത് കേന്ദ്രങ്ങളുടെ പ്രചാരണം. പരാതി കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നില്ല. പ്രചരിച്ച പരാതിയിലെ പ്രശാന്തിന്‍റെ പേരും ഒപ്പും വ്യാജമാണെന്നും തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസും പരാതിയില്ലെന്ന് വ്യക്തമാക്കി. വിവാദ യാത്രയയപ്പിനുശേഷം പിപി ദിവ്യ കണ്ണൂർ കളക്ടറെ വിളിച്ച് നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി കിട്ടിയെന്ന് പറഞ്ഞിരുന്നു. അതായത് ആർക്കും കിട്ടാത്ത ഒരു പരാതിയാണ് പിപി ദിവ്യ അടക്കം നവീൻ ബാബുവിനെതിരെ ആയുധമാക്കിയത്. പരാതി തയ്യാറാക്കിയതും പ്രചരിപ്പിച്ചതുമെല്ലാം ആസൂത്രിതമാണെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. മരിച്ചിട്ടും ഈ പരാതി ഉയർത്തിയായിരുന്നു എഡിഎമ്മിനെ വേട്ടയാടിയത്.

ഇതുപോലൊരു അവസരം ഇനി ഒരിക്കലും നൽകില്ലെന്ന് കെഎസ്ഇബി ; വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു, ഈ അവസരം പാഴക്കല്ലേ…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മെയ് 20 മുതൽ മൂന്ന് മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ദീർഘകാല കുടിശ്ശിക തീർക്കാൻ കഴിയും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കെഎസ്ഇബി തയ്യാറാക്കിയത്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീർക്കാനുള്ള സുവർണ്ണാവസരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കെഎസ്ഇബി ഒരുക്കുന്നത്. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീർപ്പാക്കാൻ കഴിയുക. വൈദ്യുതി ബിൽ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകൾ കുടിശ്ശിക അടച്ചുതീർത്ത് പുനഃസ്ഥാപിക്കാനുമാകും.

10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. അഞ്ച് മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം നാല് ശതമാനം, രണ്ടു മുതൽ അഞ്ചു വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ആറ് ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഒറ്റത്തവണയായി തീർപ്പാക്കാൻ കഴിയും.

പലിശ തുക ആറ് മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബിൽ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേർത്ത് ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് ആദ്യമായി ബിൽ കുടിശ്ശികയിൽ (Principal Amount) അഞ്ച് ശതമാനം ഇളവും ലഭിക്കും. അതായത് ബിൽ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാൽ മതിയാകും. കെഎസ്ഇബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കാൻ അവസരമൊരുക്കുന്നത് ഇതാദ്യമാണ്.

റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാനാകും. കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീർപ്പാക്കാൻ അവസരമുണ്ട്. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്‌പെഷ്യൽ ഓഫീസർ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്‌പോർട്ടൽ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങൾ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കും. പൂർണ്ണമായ കുടിശ്ശിക നിവാരണം ലക്ഷ്യമിട്ടാണ് ഇത്രയേറെ ഉദാരമായ വ്യവസ്ഥകളിലൂടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവതരിപ്പിക്കുന്നത്. ഇനി ഇത്തരമൊരു അവസരം ലഭ്യമാകുന്നതല്ല.

കോട്ടയത്ത് നിന്ന് മടങ്ങും വഴി ആശുപത്രിയിലേക്ക്,എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ട് മുഖ്യമന്ത്രി

കോട്ടയം: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശ്ശേരി എൻഎസ്എസ് മിഷൻ ആശുപത്രിയിൽ എത്തിയാണ് സുകുമാരൻ നായരെ കണ്ടത്. കോട്ടയത്തെ പൊതു പരിപാടി കഴിഞ്ഞ് മടങ്ങു വഴിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കാണാൻ എത്തിയത്.