26.5 C
Kollam
Thursday 18th December, 2025 | 01:30:28 AM
Home Blog Page 1107

നിര്‍ണ്ണായക തീരുമാനം! അടുത്ത സെൻസസില്‍ ജാതി വിവരങ്ങളും ശേഖരിക്കും: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ദേശീയ ജനസംഖ്യാ സെൻസസില്‍ ജാതി വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ (സിസിപിഎ) യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

കോണ്‍ഗ്രസ്, ജനതാദള്‍ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെയും എൻഡിഎയിലെ ഘടകകക്ഷികളുടെയും വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സമ്മർദ്ദത്തിന് ഒടുവിലാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനും, അർഹരായവരിലേക്ക് ക്ഷേമപദ്ധതികള്‍ കൃത്യമായി എത്തിക്കുന്നതിനും ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് അനിവാര്യമാണെന്ന് ഈ പാർട്ടികള്‍ ശക്തമായി വാദിച്ചിരുന്നു.

ഇന്ത്യയില്‍ അവസാനമായി ഒരു സമ്പൂർണ്ണ ജനസംഖ്യാ സെൻസസ് നടന്നത് 2011 ലാണ്. എന്നാല്‍ കോവിഡ്-19 മഹാമാരിയും തുടർന്നുള്ള ഭരണപരമായ തടസ്സങ്ങളും കാരണം 2021-ല്‍ നടത്താൻ നിശ്ചയിച്ചിരുന്ന സെൻസസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു. പുതിയ സെൻസസിൻ്റെ സമയക്രമം പ്രഖ്യാപിക്കുന്നതില്‍ കേന്ദ്ര സർക്കാർ വരുത്തുന്ന കാലതാമസം വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജാതി വിവരങ്ങള്‍ ശേഖരിക്കുന്നതിലുള്ള രാഷ്ട്രീയപരമായ സൂക്ഷ്മത കാരണമാണ് സർക്കാർ ഇതില്‍ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതെന്ന് ചില രാഷ്ട്രീയ പാർട്ടികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ വാദങ്ങളെയും അപ്രസക്തമാക്കി ഇപ്പോള്‍ ജാതി വിവരങ്ങള്‍ കൂടി സെൻസസില്‍ ഉള്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം രാജ്യത്തെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

രണ്ട് കിണര്‍വെട്ട് തൊഴിലാളികളെ മണ്‍വെട്ടികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചു

ഓയൂര്‍: വെളിനല്ലൂരില്‍ കിണര്‍വെട്ട് തൊഴിലാളികളെ മണ്‍വെട്ടി കൊണ്ട് വെട്ടി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. കരിങ്ങന്നൂര്‍ ഏഴാം കുറ്റിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കിണറിന്റെ വാര്‍പ്പ് തൊടി നിര്‍മ്മാണ തൊഴിലാളികളായ മരുതമണ്‍ പള്ളി അനില്‍ ദവനില്‍ അനില്‍ (49), മിഷന്‍വിള പള്ളിക്കിഴക്കതില്‍ വീട്ടില്‍ ജോണും (50) ജോലിക്കിടെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പ്രദേശവാസിയായ മാനസികരോഗിയായ യുവാവ് യാതൊരു പ്രകോപനവും കൂടാതെ മണ്‍വെട്ടിയെടുത്ത് ഇരുവരെയും വെട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമിയെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. പൂയപ്പള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

പാകിസ്താനെതിരെ കനത്ത നടപടി; പാക് വിമാനങ്ങള്‍ക്ക് ഇനി ഇന്ത്യൻ വ്യോമ അതിര്‍ത്തിയില്‍ പ്രവേശനമില്ല

ന്യൂ ഡെൽഹി :
പാകിസ്താനെതിരെ നടപടികള്‍ കടുപ്പിക്കാൻ ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും.

പാകിസ്താൻ വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തുന്നതിന് പുറമേ ഇന്ത്യൻ തുറമുഖങ്ങളില്‍ നിന്ന് പാക് കപ്പലുകള്‍ക്കും നിരോധനം ഏർപ്പെടുത്തിയേക്കും. അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും അതിർത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്.

കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക് പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പ് ഉണ്ടാവുകയും ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. ഭീകരാക്രമണത്തില്‍ പങ്കെടുത്തവർ ഒന്നര വർഷം മുൻപ് ജമ്മുകശ്മീരില്‍ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. കേസില്‍ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻഐഎ രേഖപ്പെടുത്തി. അതിനിടെ ജമ്മുകശ്മീരില്‍ പകുതിയിലധികം ടൂറിസ്റ്റ് കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചു.

വിഴിഞ്ഞം പോര്‍ട്ട് കമ്മീഷനിങ്; പ്രധാനമന്ത്രി നാളെ എത്തും, തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നാളെയും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും.

നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.

പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ കേസ്സിൽ 11 പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: പോത്തൻകോട് വീട് വെട്ടിപ്പൊളിച്ചുകയറി, യുവാവിനെ കൊന്ന് കാൽ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം. പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷാണ് കൊല്ലപ്പെട്ടത്. കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് നെടുമങ്ങാട് സ്‌പെഷ്യൽ സെഷൻസ് കോടതി ജഡ്ജി എ.ഷാജഹാൻ കഴിഞ്ഞദിവസം വിധിച്ചിരുന്നു. പ്രതികളിൽ നിന്നുള്ള പിഴ തുക സുധീഷിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതൽ 11 വരെയുള്ള പ്രതികളായ മങ്കാട്ടുമൂല എസ് എസ് ഭവനിൽ സുധീഷ് ഉണ്ണി, കുടവൂര്‍ ഊരുക്കോണം ലക്ഷംവീട് കോളനിയില്‍ ശ്യാംകുമാർ, ചിറയിൻകീഴ് വിളയിൽവീട്ടിൽ ഒട്ടകം രാജേഷ് എന്ന രാജേഷ്, ചിറയിന്‍കീഴ് ശാസ്തവട്ടം മാര്‍ത്താണ്ഡംകുഴി സുധീഷ് ഭവനില്‍ നിതീഷ്, ശാസ്തവട്ടം സീനഭവനില്‍ നന്ദിഷ്, കണിയാപുരം മണക്കാട്ടുവിളാകം പറമ്പില്‍വീട്ടില്‍ രഞ്ജിത്ത്, പിരപ്പന്‍കോട് തൈക്കാട് മുളങ്കുന്ന് ലക്ഷംവീട് കോളനിയില്‍ ശ്രീനാഥ്, കോരാണി വൈ.എം.എ. ജംഗ്ഷന്‍ വിഷ്ണുഭവനില്‍ സൂരജ്, കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴിവീട്ടില്‍ അരുണ്‍, തോന്നയ്ക്കല്‍ കുഴിന്തോപ്പില്‍വീട്ടില്‍ ജിഷ്ണു, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ അശ്വതിയുടെ സഹോദരനാണ് രണ്ടാം പ്രതി ശ്യാംകുമാർ.

പ്രതികൾക്കെതിരെ കൊലപാതകം, വീട്ടിലേക്ക് അതിക്രമിച്ച് കയറൽ, എസ്.സി/എസ്.ടി വകുപ്പുകൾ എന്നിവ നിലനിൽക്കുമെന്നും എന്നാൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നെടുമങ്ങാട് മുൻ ഡിവൈ.എസ്.പി എം.കെ.സുൽഫിക്കറിന്റെയും പോത്തൻകോട് ഇൻസ്‌പെക്ടർ ശ്യാമിന്റെയും നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറിയ കേസിൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ നേരിട്ട് കേസ് നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവൺമെന്റ് പ്ളീഡർ ഡോ.ടി.ഗീനാകുമാരി ഹാജരായി. പ്രോസിക്യൂഷനും സാക്ഷികൾക്കും ഭീഷണിയുണ്ടായിരുന്നതിനാൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 84 സാക്ഷികളെയും 58 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.

2021 ഡിസംബർ 11ന് ഉച്ചയ്ക്ക് 2.30നായിരുന്നു കൊലപാതകം. ഊരൂപൊയ്ക മങ്കാട്ടുമൂല സ്വദേശികളായ വിഷ്ണു, അഖിൽ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ, കല്ലൂരിലെ പാണൻവിളയിൽ ഒളിവിൽ കഴിയുകയായിരുന്നു സുധീഷ്. അക്രമികളെ കണ്ട് രക്ഷപ്പെടാൻ സമീപത്തെ സജീവിന്റെ വീട്ടിൽ ഓടിക്കയറിയ സുധീഷിനെ വാതിൽ വെട്ടിപ്പൊളിച്ചാണ് കൊലപ്പെടുത്തിയത്.

ഒന്നാംപ്രതി മഴു ഉപയോഗിച്ച് സുധീഷിന്റെ വലതുകാൽ മുട്ടിന് താഴെവച്ച് വെട്ടിയെടുത്ത് ഉയർത്തിപ്പിടിച്ച് ആർത്തുവിളിച്ച് ബൈക്കിൽ കല്ലൂർ ജംഗ്ഷനിലെത്തി. പരസ്യമായി ഇത് ഇവിടെ വലിച്ചെറിയുകയായിരുന്നു. പട്ടാപ്പകൽ നടന്ന ക്രൂരകൃത്യമായിട്ടും കോടതിയിൽ പ്രതികൾക്കെതിരെ മൊഴി നൽകാൻ ആരും തയ്യാറായില്ല. സാക്ഷികളെ ഗുണ്ടാസംഘം ഭയപ്പെടുത്തിയിരുന്നു. ക്യാമറ ദൃശ്യങ്ങളാണ് പ്രതികളുടെ അറസ്റ്റിന് സഹായകമായത്. വീട്ടുടമസ്ഥനായ സജീവ് മാത്രമാണ് കൃത്യമായ മൊഴി ആവർത്തിച്ചത്.

അഡ്വ.ബി എ ആളൂർ അന്തരിച്ചു

കൊച്ചി:  പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ (ബിജു ആൻ്റണി ആളൂർ)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പഴയ സഹപാഠിയോട് പ്രണയം മൊട്ടിട്ടു; ഭര്‍ത്താവ് അറിഞ്ഞതോടെ പ്രശ്നങ്ങള്‍ തുടങ്ങി; കണ്ണൂരിലെ മിനി നമ്പ്യാര്‍ ഭര്‍ത്താവിനെ കൊല്ലാൻ കൂട്ടുനിന്നത് കാമുകനെ സ്വന്തമാക്കാൻ

കണ്ണൂർ: പരിയാരം കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തില്‍ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത് ഗൂഢാലോചന കുറ്റം ചുമത്തി.

ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടില്‍ മിനി നമ്പ്യാരെ(42) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനും കേസിലെ ഒന്നാം പ്രതിയുമായ സന്തോഷുമായി ചേർന്ന് ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കേസില്‍ മൂന്നാം പ്രതിയാണ് ഇന്നലെ അറസ്റ്റിലായ മിനി നമ്ബ്യാർ. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടില്‍വച്ച്‌ മാർച്ച്‌ 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്.

മിനിയുമായുള്ള സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാൻ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണൻ എതിർത്തു.

ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നല്‍കിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച്‌ സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. കൊലപാതകം നടന്ന ദിവസം വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സന്തോഷ് വീട്ടില്‍ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ഐസിഎസ്ഇ, ഐഎസ് സി ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ (10-ാം ക്ലാസ്), ഐഎസ് സി (12-ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org. എന്ന വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.

12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 99,551 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 98,578 വിദ്യാര്‍ഥികളും വിജയിച്ചതായി കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് അറിയിച്ചു. 99.02 ശതമാനമാണ് വിജയശതമാനം. പത്താംക്ലാസില്‍ 99.09 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചതായും അധികൃതര്‍ അറിയിച്ചു.
12-ാം ക്ലാസ് പരീക്ഷയില്‍ 98.84 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 99.45 ശതമാനമാണ് പെണ്‍കുട്ടികളുടേത്. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെയും 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ അഞ്ചുവരെയുമാണ് നടന്നത്. ഡിജിലോക്കര്‍ പോര്‍ട്ടല്‍ വഴിയും ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അഭിനവ് ബിന്ദ്രയുടെ പരിശീലകൻ ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് അന്തരിച്ചു

കോട്ടയം:
പ്രശസ്ത ഷൂട്ടിം​ഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ്. ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. ബിന്ദ്രയടക്കം നിരവധി അന്താരാഷ്ട്ര ഷൂട്ടർമാരെ അദ്ദേഹം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള ദേശീയ ഷൂട്ടിംഗ് ചാംപ്യൻ കൂടിയായിരുന്നു. 1993 മുതൽ 2012 വരെ നീണ്ട 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.