Home Blog Page 1100

പത്മശ്രീ അവാര്‍ഡ് ജേതാവ് ബാബ ശിവാനന്ദ് അന്തരിച്ചു

പ്രശസ്ത ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ അവാര്‍ഡ് ജേതാവ് ബാബ ശിവാനന്ദ് അന്തരിച്ചു. 128 വയസായിരുന്നു. വാരണാസിയില്‍ വച്ച് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ബാബയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഏപ്രില്‍ 30 നാണ് ബാബ ശിവാനന്ദിനെ ബിഎച്ച്യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കാശി (വാരണാസി) നിവാസിയായ ബാബ ശിവാനന്ദ് യോഗ, ധ്യാനം, ആത്മീയ പരിശീലനം എന്നിവയെ കേന്ദ്രീകരിച്ചുള്ള അച്ചടക്കമുള്ള ജീവിതശൈലിക്ക് പേരുകേട്ടവനായിരുന്നു. സമഗ്രമായ ക്ഷേമത്തിനും പരമ്പരാഗത ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം, യോഗയിലൂടെ സമൂഹത്തിന് നല്‍കിയ അസാധാരണ സംഭാവനകള്‍ക്ക് 2022 ല്‍ അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 28 കാരിയായ യുവതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 28 കാരിയായ യുവതി അറസ്റ്റില്‍. ഹൈദരാബാദ് ജൂബിലി ഹില്‍സിലാണ് സംഭവം. 17 കാരനെ പീഡിപ്പിച്ച കേസില്‍ വീട്ടുജോലിക്കാരിയായ യുവതിയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
യുവതി ജോലി ചെയ്തിരുന്ന വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിയും പീഡനത്തിന് ഇരയായ ആണ്‍കുട്ടിയുടെ കുടുംബവും ഒരേ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. അവിവാഹിതയായ യുവതി മാര്‍ച്ച് ഏപ്രില്‍ മാസത്തിനിടെയാണ് ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ചത്.
പ്രതി ആണ്‍കുട്ടിയെ ചുംബിക്കുന്നത് കണ്ട വീട്ടുമാനേജര്‍ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ കുട്ടിയെ തന്റെ ഇളയ സഹോദരനായിട്ടാണ് കാണുന്നതെന്നാണ് യുവതി മറുപടി നല്‍കിയത്. തുടര്‍ന്ന് മേലില്‍ ഇത്തരത്തില്‍ ചെയ്യരുതെന്ന് കുട്ടിയുടെ അമ്മ യുവതിക്ക് താക്കീത് നല്‍കി.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടി കരയുകയാണ് ചെയ്തത്. പീഡനത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. രണ്ടു ദിവസത്തിന് ശേഷം വീണ്ടും ചോദിച്ചപ്പോഴാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പീഡനക്കാര്യം പുറത്തു പറഞ്ഞാല്‍ മോഷണക്കേസില്‍ കുടുക്കുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അമ്മ പറഞ്ഞു.

30 കോടി രൂപയുടെ വികസനം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം വികസനത്തിന് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

അനേകം ഭക്തജനങ്ങൾ ദിനംപ്രതി എത്തുന്ന കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം വികസനത്തിന് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം നൽകി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ദീർഘകാല അടിസ്ഥാനത്തിലുള്ള ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുള്ള പദ്ധതിയാണ് നടപ്പാക്കുക. ഇവിടെ എത്തുന്ന സന്ദർശകർക്കായി പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും  നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ അഞ്ചു കോടി വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേ  ദേവസ്വം ബോർഡിന്റെ 25 കോടിയുടെ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയാകും പദ്ധതി തയ്യാറാക്കുക.

കൊല്ലം- ചെങ്കോട്ട റോഡിൽ ചന്തമുക്കിൽ ക്ഷേത്രത്തിന് 400 മീറ്റർ മുൻപിലായി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള 93 സെന്റ് സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടത്തുക. ആദ്യഘട്ടമായി അടിയന്തരമായി പാർക്കിംഗ് സംവിധാനമൊരുക്കുന്നതിന് നടപടി സ്വീകരിക്കും. ഇവിടെ നാലുനിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ പാർക്കിംഗ്, മുകൾ നിലകളിലായി കല്യാണമണ്ഡപം, ഊട്ടുപുര, തീർത്ഥാടകർക്ക് താമസിക്കാനുള്ള മുറികൾ, ഫെസിലിറ്റേഷൻ സെന്റർ, റസ്റ്റോറന്റ്, ശുചിമുറികൾ തുടങ്ങിയവ പണിയും. ഏറെ പഴക്കമുള്ള അസിസ്റ്റന്റ് കമ്മീഷണർ, അസിസ്റ്റന്റ് എൻജിനീയർ ഓഫീസുകളും മാറ്റി സ്ഥാപിക്കും. ഈ സ്ഥലത്തിനോട് ചേർന്ന് തന്നെ ബജറ്റിൽ അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ച് പിൽ ഗ്രിം ഹൗസും അമിനിറ്റി സെന്ററും ഒരുക്കും. ഇവിടെനിന്നും ക്ഷേത്രത്തിലേക്ക് സുഗമമായി എത്തുന്നതിനുള്ള പാസ്സേജ് ഒരുക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കാനും മന്ത്രി നിർദ്ദേശിച്ചു.

ക്ഷേത്രത്തിലും അനുബന്ധ പരിസരങ്ങളിലും നവീകരണ- നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. ഭക്തജനങ്ങൾക്ക് പരമാവധി സൗകര്യം ലഭ്യമാക്കും. ക്ഷേത്രക്കുളം നവീകരണം ഇരിപ്പിടങ്ങൾ ഉൾപ്പെടെ ഒരുക്കി കൂടുതൽ മനോഹരമാക്കും. ശ്രീകോവിൽ നവീകരണം പൂർത്തിയായി. വലിയമ്പലം, തിട്ടമ്പലം, പ്രദർശന വഴി, ഉപദൈവ പ്രതിഷ്ഠകൾ ഉൾപ്പെട്ടവയുടെ നവീകരണം, ഓഡിറ്റോറിയം, സ്റ്റേജ്, കമ്പ്യൂട്ടർവത്കരണത്തിന്റെ ഭാഗമായുള്ള കൗണ്ടറുകൾ, ഓയിൽ മിൽ, തുടങ്ങിയവയെല്ലാം ഒരുക്കുന്ന വിധത്തിലുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നതെന്നും കോടതിയുടെ അനുമതിയോടെ പ്രവർത്തികൾ പൂർത്തിയാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. 

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം വികസനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി. വിജയമോഹൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വീണ്ടും ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാൻ,ഡൽഹിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച

ഇന്ത്യക്കെതിരെ വീണ്ടും ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാൻ ആണവമടക്കം എല്ലാ ശക്തിയും പാകിസ്ഥാൻ ഉപയോഗിക്കുമെന്ന് റഷ്യയിലെ പാക് അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി.
പാകിസ്ഥാൻ റേഞ്ചർ ബിഎസ്എഫ് കസ്റ്റഡിയിൽ എന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ.
സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാക്കിസ്ഥാനിൽ നാളെ പാർലമെൻറ് സമ്മേളനം.ഡൽഹിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച

വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കെതിരെ
ആണവായുധമടക്കമുള്ള എല്ലാ ശക്തികളും ഉപയോഗിക്കുമെന്ന റഷ്യയിലെ പാക് അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലിയുടെ പരാമർശം. പാക്കിസ്ഥാനെതിരെ ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഭീഷണി

ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ ഇന്ത്യ പിടികൂടിയതായി പാകിസ്ഥാൻ
സ്ഥിരീകരിച്ചു. പാകിസ്ഥാൻ അതിർത്തിക്ക് ഉള്ളിൽ നിന്നാണ് പിടികൂടിയത് എന്നാണ് പാക് സർക്കാരിന്റെ ആരോപണം. കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ വിട്ടു നൽകാൻ പാക്കിസ്ഥാൻ ഇനിയും തയ്യാറാകാതെ സാഹചര്യത്തിലാണ് പാക്ക് റേഞ്ചർ ബിഎസ്എഫിൻ്റെ കസ്റ്റഡിയിൽ ആകുന്നത്.
സംഘർഷ സാഹചര്യം തുടരുന്നതിനിടെ സ്ഥിതിഗതികൾ ചർച്ചചെയ്യാൻ പാക്കിസ്ഥാനിൽ നാളെ പാർലമെൻറ് സമ്മേളനം ചേരും.അർദ്ധ രാത്രിയോടെയാണ് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി വിജ്ഞാപനം ഇറക്കിയത്

ഇതിനിടെ ഡൽഹിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച നടന്നു. വ്യോമസേന മേധാവി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. എയർ ചീഫ് മാർഷൽ എപി സിംഗ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തുന്നത്.
ഇന്നലെ നാവികസേന മേധാവി പ്രധാനമന്ത്രിയെ കണ്ടിരുന്നു.

പട്ടത്ത് കാറും ഓട്ടോയും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് തീപടർന്ന് ഒരാൾ വെന്തുമരിച്ചു

തിരുവനന്തപുരം. പട്ടത്ത് കാറും ഓട്ടോയും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് തീപടർന്ന് ഒരാൾ വെന്തുമരിച്ചു. ഓട്ടോയിൽ സഞ്ചരിച്ച തിരുമല മങ്കാട്ട്കടവ് സ്വദേശി ശിവകുമാർ ആണ് മരിച്ചത്.

പുലർച്ചെ 3.45ഓടെ പട്ടം സെൻറ് മേരീസ് സ്കൂളിന് സമീപമാണ് അപകടം. കേശവദാസപുരം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ഓട്ടോറിക്ഷയും. ഇടവഴിയിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും കത്തി നശിച്ചു. ഓട്ടോയിലുണ്ടായിരുന്ന കോൺക്രീറ്റ് വൈബ്രേറ്റർ മെഷീനിലെ പെട്രോളിൽ നിന്നാണ് തീ പടർന്നത്.

അപകടത്തിൽ ഓട്ടോ ഡ്രൈവർ മങ്കാട്ടുകടവ് സ്വദേശി ശിവകുമാർ വെന്ത് മരിച്ചു. കാർ ഓടിച്ചിരുന്നത് ശ്രീകാര്യം സ്വദേശിയായ 19കാരൻ അയാനാണ്. സക്കൂട്ടറിൽ സഞ്ചരിച്ച യുവതിയും യുവവും അടക്കം നാല് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ച ശിവകുമാറിന്റെ മൃതദേഹം തിരു മെഡി.കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് യാത്ര പോയ നാല് സുഹൃത്തുക്കൾ തമിഴ്നാട്ടിൽ അപകടത്തിൽ മരിച്ചു

തിരുവനന്തപുരം. വേളാങ്കണ്ണിയിലേക്ക് യാത്ര പോയ നാല് സുഹൃത്തുക്കൾ തമിഴ്നാട്ടിൽ അപകടത്തിൽ മരിച്ചു. നെയ്യാറ്റിൻകര കാഞ്ഞിരംകുളം സ്വദേശികളാണ് മരിച്ചത്. ടൂറിസ്റ്റ് വാൻ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

തിരുവാരൂർ ജില്ലയിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള പ്രദേശത്താണ് അപകടം. രാവിലെ 6 മണിയോടെയാണ് സംഭവം.
നാഗൈയിൽ നിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു സർക്കാർ ബസ്. ഏഴ് പേരായിരുന്നു ടൂറിസ്റ്റ് വാനിൽ ഉണ്ടായിരുന്നത്. എതിർദിശയിൽ നിന്നും വന്ന ബസ് വാനിൽ ഇടിച്ചാണ് അപകടം. നാലുപേർ തൽക്ഷണം മരിച്ചു. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ച നാലുപേർ. റജീനസ്,സാബി, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും നെയ്യാറ്റിൻകര കാഞ്ഞിരംകുളം സ്വദേശികളാണ്. സുഹൃത്തുക്കളായ ഇവർ ഇന്ന് പുലർച്ചെയാണ് വേളാങ്കണ്ണിയിലേക്ക് തീർത്ഥയാത്ര പോയത്. മൃതദേഹം ഉടൻ കേരളത്തിലെത്തിക്കും.

പേ വിഷബാധയേറ്റു മരണം, സിയയെ ചികിത്സിക്കുന്നതിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചതായി കുടുംബം

കോഴിക്കോട്.പേ വിഷബാധയേറ്റു മരിച്ച അഞ്ചര വയസ്സുകാരി സിയയെ ചികിത്സിക്കുന്നതിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചതായി കുടുംബത്തിൻറെ പരാതി. ആദ്യം ആശുപത്രിയിലെത്തിയപ്പോൾ ആഴത്തിലുള്ള മുറിവിൽ സ്റ്റിച്ച് പോലും ഇടാതെ വീട്ടിലേക്ക് വിട്ടു വെന്ന് സിഎയുടെ പിതാവ് സൽമാൻ ഫാരിസ് പറഞ്ഞു. കുഞ്ഞു മരിച്ച സമയത്ത് ന്യായീകരിച്ചു വാർത്താസമ്മേളനം നടത്താനാണ് മെഡിക്കൽ കോളേജിലെ ഡോക്ടേഴ്സ് ശ്രമിച്ചതെന്ന് ബന്ധുക്കളും ആരോപിച്ചു.

മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ അഞ്ചര വയസ്സുകാരി സിയ പേവിഷബാധയേറ്റ് മരിക്കുകയായിരുന്നു. കടിയേറ്റ ഉടൻ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളിൽ കുടുംബത്തിന് വീഴ്ച സംഭവിച്ചു വെന്ന രീതിയിലുള്ള കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വാദങ്ങളെ പൂർണമായും തള്ളുകയാണ് പിതാവ് സൽമാൻ ഫാരിസ് . കടിയേറ്റ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രത്യേകഡോക്ടർമാർ ഇല്ല എന്നാണ് അറിയിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനും പറഞ്ഞു. മെഡിക്കൽ കോളേജിൽ അരമണിക്കൂർ കാത്തു നിന്നു. ആദ്യ വാക്സിനെടുത്ത് തലയുടെ മുറിവിൽ ഒന്നും ചെയ്യാതെയാണ് അവർ വീട്ടിലേക്ക് വിട്ടത്. രണ്ടുദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു – പിന്നീടാണ് പത്തിലേറെ സ്റ്റിച്ച് ഇട്ടത്

രക്തം പുരണ്ടമണ്ണില്‍ ടിപിക്ക് സ്മാരകം

വള്ളിക്കാട്.ടി.പി ചന്ദ്രശേഖരൻ്റെ ഓർമ്മകളുമായി ടി.പി രക്തസാക്ഷി സ്ക്വയർ .രാഷ്ട്രീയാന്ധതയുടെ കൊടുംഭീകരര്‍ ഉയര്‍ത്തി വീശിയ ആയുധങ്ങള്‍ക്കുമുന്നില്‍ ടി.പി പിടഞ്ഞു മരിച്ച വള്ളിക്കാടാണ് സ്മാരകം ഉയർന്നത്. ടി.പി അവസാനമായി ഉപയോഗിച്ച ബൈക്ക്, കണ്ണട തുടങ്ങി എല്ലാം ജീവിക്കുന്ന ഓർമ്മകളായി ഇവിടെയുണ്ട്


അൻപത്തിയൊന്നു വെട്ടാൽ ടി.പി ചന്ദ്രശേഖരൻ പിടഞ്ഞു വീണത് 2012, മേയ് 4 രാത്രി 10.10ന് വള്ളിക്കാട്ടെ മണ്ണില്‍ . ആ മണ്ണിൽ തന്നെയാണ് ടി.പി യുടെ ജ്വലിക്കുന്ന ഓർമ്മകളായി സ്മാരകം പണിതത്. ടി.പി അവസാന നിമിഷം സഞ്ചരിച്ച ബൈക്ക്, ആക്രമണത്തിനിടെ തെറിച്ചു വീണ കണ്ണട, ബാഗ് , ടി.പി യുടെ രക്തം കലർന്ന മണ്ണ് അങ്ങനെ ജീവിക്കുന്ന ഓർമ്മകളാണ് സ്മാരകം നിറയെ

ആരായിരുന്നു ടി.പി എന്തായിരുന്നു ടി.പി അദ്ദേഹത്തിൻ്റെ ജീവിത യാത്ര ഈ സ്മാരകത്തിൽ എത്തുന്നവർക്ക് അറിയാൻ സ്ക്രീനിൽ ഒരുക്കിയിട്ടുണ്ട് സ്ക്വയറിന് മുന്നിൽ ടി.പി യുടെ പൂർണകായ പ്രതിമയുണ്ട്. ഈ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ കെ.കെ രമയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു
.ടി.പി രക്തസാക്ഷി സ്ക്വയറിൻ്റെ ഉദ്ഘാടനം RMPI ദേശീയ ജനറൽ സെക്രട്ടറി മംഗത്റാംപസ്സ നിർവഹിച്ചു.വള്ളിക്കാട്ടെ ടി.പി യുടെ സ്തൂപം പല തവണ ഇവിടെ തകർക്കപ്പെട്ടതാണ്

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ പൊലീസ് ശാസ്ത്രീയമായ അന്വേഷണത്തിന്

കണ്ണൂർ. സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ പൊലീസ് ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്. ഫോണുകൾ എങ്ങനെ ജയിലിൽ എത്തുന്നുവെന്നതിൽ ചില വിവരങ്ങൾ ലഭിച്ചെന്നും കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ ജയിലിൽ ഫോണുകൾ പിടികൂടിയതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തത്

എപ്രിൽ മാസത്തിൽ മാത്രം രണ്ട് കേസുകളിലായി അഞ്ച് മൊബൈൽ ഫോണുകളാണ് സെൻട്രൽ ജയിലിൽ പിടികൂടിയത്. സെല്ലുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ വേറെയും കണ്ടെത്തിയിരുന്നു. നാല് മാസത്തെ കണക്കെടുത്താൽ ഒമ്പത് കേസുകളിലായി 15 ഫോണുകൾ പിടികൂടി. എങ്ങനെയാണ് ജയിലിലേക്ക് ഫോണുകൾ എത്തുന്നത്. ഇത്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

മതിലിന് പുറത്തുനിന്ന് ജയിൽ വളപ്പിലേക്ക് ഫോണുകൾ എറിഞ്ഞുകൊടുക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് കമ്മീഷണർ.

സെല്ലുകളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. ഫോണുകൾ ജയിലിൽ എത്തിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടോയെന്നതും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്

ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍, ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള ‘പൂര്‍ണ്ണ ശക്തിയും’ ഉപയോഗിക്കുമെന്ന് പാകിസ്ഥാന്‍

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നതിനിടെ, ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍. രാജ്യത്തിനെതിരെ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍, ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള ‘പൂര്‍ണ്ണ ശക്തിയും’ ഉപയോഗിക്കുമെന്ന് റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.

റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജമാലിയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ പ്രദേശത്ത് ഇന്ത്യ സൈനിക ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇസ്ലാമാബാദിന് വിശ്വസനീയമായ ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടുണ്ട്. ‘പാകിസ്ഥാന്റെ ചില പ്രദേശങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചതായി സൂചിപ്പിക്കുന്ന മറ്റ് ചില രേഖകള്‍ ചോര്‍ന്നു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഘര്‍ഷം ആസന്നമാണെന്ന് കരുതുന്നതായി ജമാലി പറഞ്ഞു.
അത്തരമൊരു ആക്രമണമുണ്ടായാല്‍ പാകിസ്ഥാന്‍ ആണവായുധം അടക്കം മുഴുവന്‍ ശക്തിയും പ്രയോഗിക്കും. പാകിസ്ഥാനുമായുള്ള നദീജല കരാര്‍ നിര്‍ത്തിവെച്ച ഇന്ത്യയുടെ നടപടിയേയും ജമാലി വിമര്‍ശിച്ചു.