കേന്ദ്ര ഗവൺമെന്റ് സർവീസിലേക്ക് മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള 2026-ലെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
1358 ഒഴിവാണുള്ളത്. രാജ്യത്താകെ 48 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് രണ്ടിന് പരീക്ഷനടത്തും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രങ്ങളുണ്ടാകും. എഴുത്തുപരീക്ഷയ്ക്കുശേഷം അഭിമുഖംകൂടി നടത്തിയാകും തിരഞ്ഞെടുപ്പ്.
ഒഴിവുകൾ
സെൻട്രൽ ഹെൽത്ത് സർവീസസ് -864, റെയിൽവേസ് -450, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ -14, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി -30. ഓരോ കേന്ദ്രത്തിലും നിശ്ചിതയെണ്ണം ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചിട്ടുണ്ട്. ശമ്പളസ്‌കെയിൽ: 56,100-1,77,500 രൂപ.
യോഗ്യത
എം.ബി.ബി.എസ്. ബിരുദം (എഴുത്തുപരീക്ഷയും പ്രായോഗികപരീക്ഷയും വിജയിച്ചിരിക്കണം). അവസാനവർഷ വിദ്യാർഥികൾക്കും നിശ്ചിതസമയപരിധിക്കകം സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന ഉപാധിയോടെ അപേക്ഷിക്കാം.
അപേക്ഷ
upsconline.gov.in വഴി അപേക്ഷിക്കണം. അവസാനതീയതി- മാർച്ച് 31-ന് വൈകീട്ട് ആറുവരെ. വിവരങ്ങൾക്ക്: upsc.gov.in





























