റിസര്‍വ് ബാങ്കില്‍ സമ്മര്‍ പ്ലേസ്മെന്റ്; പ്രതിമാസം സ്‌റ്റൈപ്പെന്‍ഡ്, വിദ്യാര്‍ഥികള്‍ക്ക് അവസരം

Advertisement

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനും ബാങ്കിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും മാര്‍ഗനിര്‍ദേശത്തില്‍ പ്രസക്തമായ മേഖലകളില്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തു ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരം.

ബാങ്കിന്റെ വിവിധ ഓഫീസുകളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ പ്ലേസ്മെന്റ് പദ്ധതി വഴിയാണ് അവസരം. ഏപ്രില്‍മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പരമാവധി മൂന്നു മാസത്തേക്കായിരിക്കും സമ്മര്‍ പ്ലേസ്മെന്റ്.

യോഗ്യത
മാനേജ്‌മെന്റ്/സ്റ്റാറ്റിസ്റ്റിക്‌സ്/ലോ/കൊമേഴ്‌സ്/ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്/ബാങ്കിങ്/ഫൈനാന്‍സ് എന്നിവയിലൊന്നിലെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിലോ ഇന്റഗ്രേറ്റഡ് അഞ്ചുവര്‍ഷ കോഴ്‌സിലോ അല്ലെങ്കില്‍ നിയമത്തിലെ മൂന്നുവര്‍ഷ ഫുള്‍ ടൈം പ്രൊഫഷണല്‍ ബാച്ച്ലര്‍ പ്രോഗ്രാമിലോ രാജ്യത്തെ പ്രമുഖസ്ഥാപനത്തിലോ കോളേജിലോ പഠിക്കുന്നവര്‍ ആയിരിക്കണം. പഠനം, ഇവയില്‍ ഒരു പ്രോഗ്രാമിന്റെ അന്തിമ വര്‍ഷത്തിന്റെ തൊട്ടുതലേവര്‍ഷം ആയിരിക്കണം.

റിസര്‍വ് ബാങ്കിന്റെ നിശ്ചിത കണ്‍ട്രോള്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് പ്രോജക്ട് ചെയ്യേണ്ടത്. പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ കണ്‍ട്രോള്‍ ഓഫീസിലാണ് തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രവര്‍ത്തിക്കേണ്ടത്. അപേക്ഷയില്‍ ഒരു കണ്‍ട്രോള്‍ ഓഫീസേ രേഖപ്പെടുത്താവൂ. കേരളത്തില്‍ പഠിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ തിരുവനന്തപുരത്തുള്ള റിസര്‍വ് ബാങ്ക് ഓഫീസിലാണ് പ്രോജക്ട് ചെയ്യേണ്ടത്.

സ്‌റ്റൈപ്പെന്‍ഡ്
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ നിരക്കില്‍ സ്‌റ്റൈപ്പെന്‍ഡ് അനുവദിക്കും.

അപേക്ഷ
opportunities.rbi.org.in വഴി ഡിസംബര്‍ 15 വരെ നല്‍കാം. ബിരുദതലത്തിലെ മാര്‍ക്ക് ശതമാനം രണ്ടു ദശാംശസ്ഥാനങ്ങളിലേക്ക് കറക്ട് ചെയ്ത് അപേക്ഷയില്‍ രേഖപ്പെടുത്തണം. സിജിപിഎ/എസ്ജിപിഎ എങ്കില്‍ അത് ശതമാനമാക്കിമാറ്റി നല്‍കണം.

ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കുള്ള ഇന്റര്‍വ്യൂ ജനുവരി/ഫെബ്രുവരിയില്‍ നടത്തും. ഔട്ട് സ്റ്റേഷന്‍ അപേക്ഷകര്‍ക്ക് സമ്മര്‍ പ്ലേസ്മെന്റ് പ്രോജക്ടില്‍ പങ്കെടുക്കുന്നതിലേക്ക് വേണ്ടിവരുന്ന യാത്രാചെലവ് തിരിച്ചുനല്‍കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here