കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് (സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ്) കോണ്‍സ്റ്റബിള്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. 25,487 ഒഴിവുണ്ട്.
ഇതില്‍ 2020 ഒഴിവ് വനിതകള്‍ക്കാണ്. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാപരീക്ഷ/ ശാരീരികയോഗ്യതാപരിശോധന, മെഡിക്കല്‍ പരിശോധന, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കും. കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും.
സേനകളും ഒഴിവും: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്)-616, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്)-14,595, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്)-5490, സശസ്ത്ര സീമാബെല്‍ (എസ്എസ്ബി)-1764, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി)-1293, അസം റൈഫിള്‍സ് (എആര്‍)-1706, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്എസ്എഫ്)-23.
വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ് വിജയം.
പ്രായം: 2026 ജനുവരി ഒന്നിന് 18-23 വയസ്സ്. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.
ശാരീരികയോഗ്യത: പുരുഷന്മാര്‍ക്ക് 170 സെന്റിമീറ്ററും (എസ്ടി വിഭാഗത്തിന് 162.5) വനിതകള്‍ക്ക് 157 സെന്റിമീറ്ററും (എസ്സി വിഭാഗത്തിന് 150) ഉയരം വേണം. പുരുഷന്മാര്‍ക്ക് 80 സെ.മി. (എസ് സി-76) നെഞ്ചളവും അഞ്ച് സെ.മീ നെഞ്ചളവ് വികാസവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്കെല്ലാം പ്രായത്തിനും ഉയരത്തിനും ഒത്ത തൂക്കമുണ്ടായിരിക്കണം.
എഴുത്തുപരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഒരു മണിക്കൂറാണ് പരീക്ഷാസമയം. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ നോളജ് ആന്‍ഡ് ജനറല്‍ അവേര്‍നെസ്, എലിമെന്ററി മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്/ഹിന്ദി എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍.
കായികക്ഷമതാപരീക്ഷ: എഴുത്തുപരീക്ഷയില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് കായികക്ഷമതാപരീക്ഷയും ശാരീരികയോഗ്യതാ പരിശോധനയും ഉണ്ടാവും. കായികക്ഷമതാ പരീക്ഷയില്‍ പുരുഷന്മാര്‍ 24 മിനിറ്റില്‍ അഞ്ചുകിലോമീറ്റര്‍ ദൂരവും വനിതകള്‍ എട്ടരമിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ ദൂരവും ഓടിയെത്തണം.
അപേക്ഷ: ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം. പഴയ വെബ്‌സൈറ്റായ ssc.nicin-ല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ചെയ്തവരും പുതിയ വെബ്‌സൈറ്റായ ssc.gov.in-ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ലൈവ് ഫോട്ടോയും സ്‌കാന്‍ചെയ്ത ഒപ്പും അപേക്ഷയോടൊപ്പം വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ അപ്‌ലോഡ് ചെയ്യണം. മൊബൈല്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘mySSC’ എന്ന ആപ്പ് മുഖേനയും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31-ന് രാത്രി 11 വരെ. ശമ്പളം: 21,700-69,100 രൂപ

































