കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന “ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം ഏപ്രിൽ 15-ന് തിയേറ്ററുകളിൽ എത്തും. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ ‘സേതു’ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്. പ്രേമവും ആക്ഷനും ഇടിയും വെടിയും പുകയും എല്ലാം ഉൾപ്പെടുന്ന ഒരു ‘ഫുൾ പാക്ക്ഡ്’ ചിത്രമായിരിക്കും ഇതെന്നാണ് മാസ് ഓഡിയൻസിനെ ആകർഷിക്കുന്ന രീതിയിലുള്ള ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റെ പേരുപോലെ തന്നെ ട്രെയിലറിലും ദുരൂഹത നിലനിർത്തുന്നുണ്ട്; കൂടാതെ വിപ്ലവകാരികളെക്കുറിച്ചുള്ള സേതുവിന്റെ സംഭാഷണവും മിലിട്ടറി രംഗങ്ങളും ട്രെയിലറിന്റെ മാറ്റുകൂട്ടുന്നു. റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.





























