കമല്‍ഹാസനേയും രജനികാന്തിനേയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അണ്‍ഫോളോ ചെയ്ത് സംവിധായകന്‍ ലോകേഷ് കനകരാജ്. കമലും രജനിയും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനംചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം സുന്ദര്‍.സിയാണ് സംവിധാനം ചെയ്യുന്നത്. കൂലിയുടെ പരാജയമാണ് ലോകേഷിനെ ഒഴിവാക്കിയതായി പറയപ്പെടുന്നത്.
മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ തുടങ്ങി വലിയ വിജയചിത്രങ്ങളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴ്‌സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് ആയിരിക്കുമെന്നായിരുന്നു വിവരം. എന്നാല്‍, ലോകേഷ് സംവിധാനംചെയ്ത ‘കൂലി’ എന്ന സിനിമ തിയറ്ററുകളില്‍ വേണ്ടത്ര വിജയിക്കാതെ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
അതേസമയം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഡി.സി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. വാമിഖ ഗബ്ബിയാണ് നായിക.































