തിരുവനന്തപുരം. പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്യാമ്പിൽ വീഴ്ചയുണ്ടായോ എന്നതിൽ അന്വേഷണം നടത്താൻ ബറ്റാലിയൻ ഡിഐജിക്ക് നിർദേശം നൽകി. മരിച്ച ആനന്ദിന് ക്യാമ്പിൽ വെച്ച് ജാതി അധിക്ഷേപവും മാനസിക ശാരീരിക പീഡനങ്ങൾ ഏറ്റു എന്നും ആണ് കുടുംബത്തിന്റെ പരാതി
പൊലീസ് ട്രെയിനിയായ തിരുവനന്തപുരം മീനാങ്കൽ സ്വദേശി ആനന്ദ് ആത്മഹത്യ ചെയ്തതിൽ എസ്എപി ക്യാമ്പിനെതിരെയാണ് ഗുരുതര ആരോപണമുയരുന്നത്. കുടുംബം ആരോപണത്തിൽ ഉറച്ചുനിന്നതോടെയാണ് ഉന്നതതല അന്വേഷണം നടത്താനുള്ള തീരുമാനം. ബറ്റാലിയൻ ഡിഐജി അരുൾ ബി കൃഷ്ണയുടെ മേൽനോട്ടത്തിൽ വനിതാ ബറ്റാലിയൻ കമാൻഡന്റ് അന്വേഷിക്കും. അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എഡിജിപി എസ് ശ്രീജിത്തിന്റെ നിർദേശം.
കുടുംബത്തിന്റെ ആരോപണം പൂർണമായും തള്ളുകയാണ് പേരൂർക്കട പൊലീസ്. ക്യാമ്പിൽ ജാതി പീഡനവും ശാരീരിക പീഡനവും നടന്നിട്ടില്ല. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നു. ട്രെയിനിങ്ങിന്റെ ഭാഗമായി ബി കമ്പനിയുടെ ഈ പ്ലാത്തൂൺ ലീഡറായി തെരഞ്ഞെടുത്തതോടെയാണ് ആനന്ദ് മാനസിക സമ്മർദ്ദത്തിൽപ്പെട്ടത്. ആനന്ദ് സ്വയം ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു. ആദ്യ ആത്മഹത്യാശ്രമത്തിനുശേഷം ആനന്ദനെ വീട്ടിലേക്ക് പറഞ്ഞയക്കാൻ നോക്കിയെങ്കിലും തയ്യാറായില്ല. താൻ ക്യാമ്പിൽ നിന്നുകൊള്ളാമെന്ന് ആനന്ദ് രേഖാമൂലം എഴുതി നൽകി. ആദ്യ ആത്മഹത്യാ ശ്രമത്തിനുശേഷം രണ്ടുതവണ ആനന്ദിന് ക്യാമ്പിൽ വച്ച് കൗൺസിലിംഗ് നൽകിയിരുന്നെന്നും പേരൂർക്കട പൊലീസ് പറയുന്നു.





































