ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് നല്‍കി വന്നിരുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷാ ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ മെറ്റ തീരുമാനിച്ചു. 2026 മെയ് 8 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചു.
ഉപയോക്താക്കളുടെ സ്വകാര്യത മുന്‍നിര്‍ത്തി 2023 ഡിസംബറിലായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചര്‍ ആഗോളതലത്തില്‍ ലഭ്യമാക്കിയിരുന്നത്. ഫീച്ചര്‍ നീക്കം ചെയ്യുന്നതോടെ ഇന്‍സ്റ്റഗ്രാം വഴി അയക്കുന്ന സന്ദേശങ്ങളും കോളുകളും എന്‍ക്രിപ്ഷന്‍ പരിധിക്ക് പുറത്താകും.
അതായത്, ആവശ്യമെങ്കില്‍ മെറ്റയ്ക്ക് ചാറ്റുകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സാധിക്കും. നിലവിലുള്ള എന്‍ക്രിപ്റ്റഡ് ചാറ്റുകളിലെ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം നല്‍കുമെന്നും ഇതിനായി ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരുമെന്നും മെറ്റ വ്യക്തമാക്കി.
മാറ്റത്തിന് പിന്നിലെ ഔദ്യോഗിക കാരണം മെറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്റര്‍നെറ്റ് വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയാനുള്ള സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് സൂചന. എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ സന്ദേശങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തത് കുറ്റവാളികളെ കണ്ടെത്താന്‍ തടസ്സമാകുന്നുവെന്ന് യുഎസ്, യുകെ സര്‍ക്കാരുകളും യൂറോപ്യന്‍ യൂണിയനും പരാതിപ്പെട്ടിരുന്നു.
യുകെയിലെ ഓണ്‍ലൈന്‍ സുരക്ഷാ നിയമം (2023), ഇയു ചാറ്റ് കണ്‍ട്രോള്‍ റെഗുലേഷന്‍ തുടങ്ങിയ കര്‍ശന നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ നീക്കം. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് ഈ മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്. മെറ്റയുടെ തന്നെ മറ്റ് പ്ലാറ്റ്ഫോമുകളായ വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയില്‍ എന്‍ക്രിപ്ഷന്‍ തുടരുമോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
സ്വകാര്യത മൗലികാവകാശമായി കാണുന്ന വലിയൊരു വിഭാഗം ഉപയോക്താക്കള്‍ക്കിടയില്‍ മെറ്റയുടെ പുതിയ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.






























