സന്തോഷ് ട്രോഫി പോരാട്ടത്തില്‍ മേഘാലയയെ തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. നാല് കളിയില്‍ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. കേരളത്തിനായി മുഹമ്മദ് സിനാന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സല്‍ എന്നിവരാണ് ഗോള്‍ നേടിയത്.
കളി തുടങ്ങി 37-ാം മിനിറ്റില്‍ തന്നെ മുഹമ്മദ് സിനാനിലൂടെ കേരളം ലീഡെടുത്തു. ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ നേടിയത്. കിക്കെടുത്ത വി അര്‍ജുന്‍ ബോക്‌സിനുള്ളില്‍ കാത്തു നിന്ന സിനാനിലേക്ക് പന്തെത്തിച്ചു. താരം ഹെഡ്ഡറിലൂടെ പന്ത് വലയിലിട്ടു. പിന്നീട് രണ്ട് ഗോളുകളും വന്നത് രണ്ടാം പകുതിയില്‍.
79-ാം മിനിറ്റില്‍ ഇടതു വിങില്‍ നിന്നു ജി സഞ്ജുവിന്റെ പാസ്. റിയാസ് അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. പിന്നീട് ആറ് മിനിറ്റിനുള്ളില്‍ മൂന്നാം ഗോളും വന്നു. 85ാം മിനിറ്റില്‍ ബോക്‌സില്‍ വച്ച് ദില്‍ഷാദിന്റെ കാലില്‍ തട്ടി പന്ത് നേരെ അജ്‌സലിലേക്ക്. താരത്തിന്റെ ഷോട്ട് കൃത്യം വലയില്‍. മറുഭാഗത്ത് ഗോള്‍ മടക്കാനുള്ള ശ്രമം മേഘാലയ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ കേരളം പ്രതിരോധം കടുപ്പിച്ച് അതെല്ലാം വിഫലമാക്കി.





























