ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി നടപടിക്കെതിരെ പാകിസ്ഥാന്‍ വീണ്ടും നിലപാട് കടുപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനെ പിന്തുണച്ച് ടി20 ലോകകപ്പില്‍ നിന്നു പിന്‍മാറാന്‍ പാകിസ്ഥാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്‍മാറിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നു ഐസിസി വ്യക്തമാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ ടി20 ലോകകപ്പിനുള്ള ടീമിനേയും പ്രഖ്യാപിച്ചു.
പാക് മാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബംഗ്ലാദേശിനെ പുറത്താക്കിയതിരായ പ്രതിഷേധമെന്ന നിലയില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിനു ഇറങ്ങേണ്ടതില്ലെന്ന നിലപാട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തേക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. തീരുമാനം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിഷയത്തില്‍ പാക് സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് വിവരങ്ങള്‍.




























