രാജാ രവിവര്‍മ്മയുടെ വിഖ്യാത ചിത്രം ‘യശോദയും കൃഷ്ണനും’ ലേല ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. മുംബൈയില്‍ നടന്ന സാഫ്രണ്‍ ആര്‍ട്ടിന്റെ സ്പ്രിംഗ് ലൈവ് ലേലത്തില്‍ 167.20 കോടി രൂപയ്ക്കാണ് ഈ എണ്ണച്ചായ ചിത്രം വിറ്റുപോയത്. ഏകദേശം 1.8 കോടി യുഎസ് ഡോളര്‍ മൂല്യം വരും.
ഇതോടെ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്ന ആധുനിക ഇന്ത്യന്‍ കലാസൃഷ്ടിയായി ഈ ചിത്രം മാറി. കഴിഞ്ഞ വര്‍ഷം 118 കോടി രൂപയ്ക്ക് വിറ്റുപോയ എം എഫ് ഹുസൈന്റെ ‘ഗ്രാം യാത്ര’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ സൈറസ് എസ് പൂനവല്ല ആണ് ഈ ചരിത്ര ചിത്രം സ്വന്തമാക്കിയത്. 80 മുതല്‍ 120 കോടി രൂപ വരെയായിരുന്നു ലേലത്തിന് മുന്‍പ് ഈ ചിത്രത്തിന് പ്രതീക്ഷിച്ചിരുന്ന വില.
1890-കളില്‍ രാജാ രവിവര്‍മ്മയുടെ സര്‍ഗ്ഗജീവിതത്തിന്റെ ഔന്നത്യത്തില്‍ വരച്ച ചിത്രമാണ്. യശോദ പശുവിനെ കറക്കുന്നതും പിന്നിലൂടെ വന്ന് കൃഷ്ണന്‍ പാല്‍പാത്രം ചോദിക്കുന്നതുമായ മനോഹരമായ രംഗമാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.






























