വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് പിന്നാലെ അമ്മായിയമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി നവവധു. രാജസ്ഥാനിലെ അല്‍വാറിലാണ് നാടിനെ നടുക്കിയ സംഭവം. രേഖ കൗര്‍ എന്ന യുവതിയാണ് അമ്മായിയമ്മക്ക് വിഷം നല്‍കിയ ശേഷം ആഭരണങ്ങളും പണവുമായി രക്ഷപ്പെട്ടത്.
2025 മെയിലായിരുന്നു രേഖ കൗറിന്റെയും വിക്രംജീത്ത് സിങ്ങിന്റെയും വിവാഹം നടന്നത്. രേഖയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. കഴിഞ്ഞ ജൂണ്‍ 23 നാണ് വിക്രംജീത്തിന്റെ അമ്മയെ രേഖ വിഷം നല്‍കി കൊലപ്പെടുത്തിയത്. ശേഷം ആഭരണങ്ങളും 30,000 രൂപയുമായി കടന്നുകളയുകയായിരുന്നു. വിവാഹത്തിന് പിന്നാലെ രേഖയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. മെയ് 23 ന് രേഖയുണ്ടാക്കിയ കിച്ച്ഡി വിഭവത്തില്‍ ഫിനൈല്‍ എന്ന വിഷവസ്തു ചേര്‍ത്ത് അമ്മായിയമ്മയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതിക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതി വേണമെന്ന് ആവശ്യപ്പെട്ട് വിക്രംജീത്ത് സിങ്ങ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. രേഖ കൗറിന്റെ അമ്മായിയായ പിങ്ക് കൗറിനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് പിന്നീട് കണ്ടെത്തി. ഇരുവരും ചേര്‍ന്ന് സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.






























