ചെന്നൈ: മുതിർന്ന സി പി ഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. 1992 മുതൽ 2007 വരെ 13 വർഷം സി പി ഐ തമിഴ്നാട് സെക്രട്ടറി ആയിരുന്നു. വൃക്കസംബന്ധമായ തകരാറുകളെയും അണുബാധയെയും തുടർന്ന് ഫെബ്രുവരി ഒന്നാംതീയതി മുതൽ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിലെത്തി നല്ലകണ്ണിനെ സന്ദർശിച്ചിരുന്നു.
തൂത്തുക്കുടി ജില്ലയിലെ ക്ഷേത്രനഗരമായ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണ് ജനിച്ചത്. 15-ാം വയസിൽ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന അദ്ദേഹം നിരവധി ജനകീയ പ്രക്ഷോഭങ്ങളിൽ നായകത്വം വഹിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത അദ്ദേഹം തമിഴ്നാട്ടിൽ കർഷകപ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്.
അരികുവത്ക്കരിക്കപ്പെട്ടവർക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും വേണ്ടി അദ്ദേഹം മുന്നിൽ നിന്ന് പോരാടി. ജാതി കലാപങ്ങൾക്കെതിരെ സമരം നയിച്ചിട്ടുണ്ട്. ലളിതജീവിതം കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾകൊണ്ടും ഏറെ ജനകീയനായിരുന്നു നല്ലകണ്ണിന്‍റെ വിയോഗം തമിഴ്നാട്ടിലെ ഇടത് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്.”




























