23.7 C
Kollam
Wednesday 11th February, 2026 | 04:15:46 AM
Home News Breaking News  രാഹുല്‍ എടുത്തു വീശി പ്രസംഗിക്കുന്ന നരവനെയുടെ പുസ്തകം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് പ്രസാധകര്‍

 രാഹുല്‍ എടുത്തു വീശി പ്രസംഗിക്കുന്ന നരവനെയുടെ പുസ്തകം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് പ്രസാധകര്‍

Advertisement

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ സംബന്ധിച്ച് വ്യക്തതയുമായി പ്രസാധകരായ പെൻഗ്വിൻ റാണ്ടം ഹൗസ് ഇന്ത്യ. പുസ്‌തകത്തിൻ്റെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും എന്നാൽ പുസ്‌തകം ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും പ്രസാധകർ അറിയിച്ചു.

പുസ്‌തകത്തിൻ്റെ അച്ചടിച്ചതോ ഡിജിറ്റലോ ആയ ഒരു പതിപ്പും ഇതുവരെ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്‌തിട്ടില്ലെന്ന് പെൻഗ്വിൻ ഇന്ത്യ എക്‌സിലൂടെ വ്യക്തമാക്കി. നിലവിൽ ഏതെങ്കിലും പ്ലാറ്റ്‌ഫോമുകളിൽ പുസ്‌തകത്തിൻ്റെ കോപ്പികൾ പ്രചരിക്കുന്നുണ്ടെങ്കിൽ അത് പകർപ്പവകാശ ലംഘനമാണെന്നും അത്തരം നടപടികൾക്കെതിരെ നിയമപരമായ നീക്കം നടത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്‌ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ പ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്കിടെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ പുസ്‌തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസാധകരുടെ വിശദീകരണം. പ്രസാദകര്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കേണ്ടി വരും.

അതേസമയം, പുസ്‌തകത്തിൻ്റെ കരട് പതിപ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. അനുമതി ലഭിക്കാത്ത ഒരു പ്രസിദ്ധീകരണത്തിൻ്റെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആത്മകഥയിലെ വിവാദങ്ങള്‍ പരിശോധിക്കാം…

ഗാൽവൻ സംഘർഷവും ചൈനീസ് കടന്നുകയറ്റവും: പുസ്തകത്തിൽ 2020-ലെ ലഡാക്ക് അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകൾ ഉണ്ട്. 2020 ഓഗസ്റ്റ് 31-ന് രാത്രി ചൈനീസ് ടാങ്കുകൾ ഇന്ത്യൻ പോസ്റ്റുകൾക്ക് തൊട്ടടുത്തെത്തിയപ്പോൾ പ്രതികരിക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കാൻ വൈകിയെന്നും, ആ സമയം താൻ ഒറ്റപ്പെട്ടതുപോലെ തോന്നിയെന്നും അദ്ദേഹം പുസ്തകത്തിൽ സൂചിപ്പിച്ചതായി പറയപ്പെടുന്നു. ചൈനയുടെ നീക്കങ്ങൾ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ഇത് ചൂണ്ടിക്കാട്ടി ആരോപിക്കുന്നു.

അഗ്നിപഥ് പദ്ധതി: സൈന്യത്തിലേക്ക് പരിമിത കാലത്തേക്ക് യുവാക്കളെ നിയമിക്കുന്ന ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്ന ആശയം കരസേന ആദ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത് പിന്നീട് ‘അഗ്നിപഥ്’ എന്ന പേരിൽ സമഗ്രമായ ഒരു പദ്ധതിയായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് സൈന്യത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു എന്ന് അദ്ദേഹം പുസ്തകത്തിൽ സൂചിപ്പിക്കുന്നു. തുടക്കത്തിൽ വളരെ കുറച്ചു പേരെ മാത്രം ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനായിരുന്നു കരസേന ഉദ്ദേശിച്ചിരുന്നത്.

എന്നാൽ സർക്കാർ ഇത് മൂന്ന് സേനകളിലും ഒരേപോലെ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. അഗ്നിപഥ് പദ്ധതി കരസേനയ്ക്ക് അനുയോജ്യമായേക്കാമെങ്കിലും നാവിക സേനയ്ക്കും വ്യോമ സേനയ്ക്കും ഇത് വലിയ വെല്ലുവിളിയാകുമെന്ന് നരവനെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലും സാങ്കേതിക വൈദഗ്ധ്യം അത്യാവശ്യമാണ്. നാല് വർഷത്തെ ചെറിയ കാലയളവിൽ അത്തരം പരിശീലനം നൽകി സേവനമനുഷ്ഠിപ്പിക്കുന്നത് പ്രായോഗികമല്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിരീക്ഷണം.

പ്രസിദ്ധീകരണത്തിനുള്ള വിലക്ക്

പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് അനുമതി വൈകുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളതുകൊണ്ടാണ് പുസ്‌തകം തടഞ്ഞുവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here