ന്യൂഡൽഹി: ഒരു പ്രത്യേക മതന്യൂനപക്ഷ വിഭാഗത്തിന് നേരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെടിയുതിർക്കുന്നതായി ചിത്രീകരിച്ച വിവാദ വീഡിയോയുടെ പേരിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ. ഇത്തരം വീഡിയോകൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകണമെന്നും കോടതികൾ ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്‌ചയും കാണിക്കരുതെന്നും അദ്ദേഹം ഞായറാഴ്‌ച പറഞ്ഞു.
ബിജെപിയുടെ ഉന്നത നേതൃത്വം പ്രചരിപ്പിക്കുന്ന “വിഷമാണ്” ഈ വീഡിയോ എന്ന് എക്‌സ് പോസ്റ്റിലൂടെ കെ.സി. വേണുഗോപാൽ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വീഡിയോയെ അപലപിക്കുമെന്ന് തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും നീതിന്യായ വ്യവസ്ഥ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ന്യൂനപക്ഷങ്ങളെ പോയിൻ്റ് ബ്ലാങ്കിൽ കൊലപ്പെടുത്തുന്നതായി കാണിക്കുന്ന വീഡിയോ ബിജെപിയുടെ ഔദ്യോഗിക ഹാൻഡിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത് വംശഹത്യയ്ക്കുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല – ദശകങ്ങളായി ഈ ഫാസിസ്റ്റ് ഭരണം മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നമാണിത്. ഇതൊരു സാധാരണ ട്രോൾ വീഡിയോ ആയി കണ്ട് തള്ളിക്കളയാനാവില്ല. ഏറ്റവും മുകളിൽ നിന്നുള്ളവർ പ്രചരിപ്പിക്കുന്ന വിഷമാണിത്, ഇതിന് ശിക്ഷ ലഭിച്ചേ തീരൂ. നരേന്ദ്ര മോദി ഇതിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷയില്ല, പക്ഷേ നീതിന്യായ വ്യവസ്ഥ ഇടപെടണം,” വേണുഗോപാൽ കുറിച്ചു.
‘പോയിൻ്റ് ബ്ലാങ്ക് ഷോട്ട്’ എന്ന് പേരിട്ടിരുന്ന ഈ വീഡിയോ ഇപ്പോൾ അസം ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. ഭരണഘടനയുടെ നെഞ്ചിലേക്കാണ് വെടിയുതിർക്കുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്‌ഗർഹി ആരോപിച്ചു. “ബഹുമാനപ്പെട്ട പ്രധാനമന്ത്രി, താങ്കളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി മുസ്ലീങ്ങളുടെ നെഞ്ചിലേക്ക് വെടിയുതിർക്കുന്നത്, പക്ഷേ യഥാർത്ഥത്തിൽ അദ്ദേഹം വെടിവെക്കുന്നത് ഭരണഘടനയ്ക്ക് നേരെയാണ്. ഗാന്ധിജിയുടെ നെഞ്ചിലേക്ക് ഗോഡ്‌സെ വെടിയുതിർത്തതുപോലെയാണിത്. വീഡിയോ നീക്കം ചെയ്തിട്ടുണ്ടാകാം, എങ്കിലും നരേന്ദ്ര മോദിജി, താങ്കൾ ഇതൊന്നും കാണുന്നില്ലേ?” എന്ന് അദ്ദേഹം ചോദിച്ചു.
ഈ വീഡിയോ നിർമ്മിച്ചവർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് തൻ്റെ എക്‌സ് ഹാൻഡിലിൽ ഇങ്ങനെ കുറിച്ചു. “ലജ്ജാകരം. ഈ വീഡിയോ നിർമ്മിച്ചവർ ഉടനടി അറസ്റ്റ് ചെയ്യപ്പെടണം. നിങ്ങൾ നടപടിയെടുക്കണം.” പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്.
കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ബിജെപിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ഈ “വിഷത്തിനും വിദ്വേഷത്തിനും അക്രമത്തിനും” കാരണം പ്രധാനമന്ത്രി മോദിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു. നമ്മുടെ നിയമസംവിധാനം ഉറങ്ങുകയാണോ എന്നും അവർ ചോദിച്ചു.
“മുസ്‌ലിങ്ങളെ വെടിവയ്ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ‘പോയിൻ്റ് ബ്ലാങ്ക് ഷോട്ട്’ എന്ന അടിക്കുറിപ്പോടു കൂടിയ വീഡിയോ നീക്കം ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ല. ഇതാണ് ബിജെപിയുടെ യഥാർത്ഥ മുഖം. മിസ്റ്റർ മോദി, ഈ വിഷത്തിനും വിദ്വേഷത്തിനും അക്രമത്തിനും താങ്കളാണ് ഉത്തരവാദി. കോടതികളും മറ്റ് സ്ഥാപനങ്ങളും ഉറങ്ങുകയാണോ?” – സുപ്രിയയുടെ പോസ്റ്റിൽ പറയുന്നു.
കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് എക്സിൽകുറിച്ചത് ഇങ്ങനെയാണ്: “മോദി, നിങ്ങൾ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നതിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവനായ ഹിമന്ത ബിശ്വ ശർമ്മ മുസ്ലീങ്ങളെ വെടിവെക്കുന്ന ഒരു വീഡിയോ നിർമ്മിക്കുകയും ബിജെപി അസമിൻ്റെ ഔദ്യോഗിക ഹാൻഡിലിൽ അത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഇന്ത്യൻ സുപ്രീം കോടതി ഒരു നിശബ്ദ സാക്ഷിയായി നിലകൊള്ളുന്നതിൽ ഞാൻ ഞെട്ടിപ്പോകുന്നു. കോടതിയുടെ നിശബ്ദതയും സ്വമേധയാ നടപടിയെടുക്കുന്നതിലെ പരാജയവും അതിൻ്റെ പങ്കിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ്,” ഷമ കുറിച്ചു.
ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദിയും ബിജെപിയെ അപലപിച്ചു. “ബിജെപി അസം പ്രദേശ് എക്സ് ഹാൻഡിൽ ‘പോയിൻ്റ് ബ്ലാങ്ക് ഷോട്ട്’ എന്ന തലക്കെട്ടിൽ അങ്ങേയറ്റം വിദ്വേഷം നിറഞ്ഞതും ലക്ഷ്യം വെച്ചുള്ളതുമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. പ്രതിഷേധത്തെത്തുടർന്ന് അവർ പോസ്റ്റ് ഡീലീറ്റ് ചെയ്തെങ്കിലും, പലരും അത് ഡൗൺലോഡ് ചെയ്യാനും പ്രചരിപ്പിക്കാനും തക്ക സമയം അത് അവിടെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ലജ്ജയില്ലാതെ ഈ വിദ്വേഷരൂപത്തെയും രാഷ്ട്രീയ ലക്ഷ്യത്തെയും അവഗണിക്കും. ബിജെപിക്ക് മുന്നിൽ ഇസി അക്ഷരാർത്ഥത്തിൽ ഉപയോഗശൂന്യമാണ്,” അവര്‍ വിമര്‍ശിച്ചു.


































