Home News Breaking News ഇന്ത്യ ക്ഷമയോടെ കാത്തിരുന്നു, അതിന്റെ ഫലം ലഭിച്ചു,ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നയതന്ത്ര വിജയമെന്ന് പ്രധാനമന്ത്രി...

ഇന്ത്യ ക്ഷമയോടെ കാത്തിരുന്നു, അതിന്റെ ഫലം ലഭിച്ചു,ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നയതന്ത്ര വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Advertisement

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നയതന്ത്ര വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ ക്ഷമയോടെ കാത്തിരുന്നു. അതിന്റെ ഫലം ലഭിച്ചു, പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപ്രധാനമായ വ്യാപാര കരാര്‍ നിരന്തരമായ ക്ഷമയുടെ ഫലമാണ്. താരിഫ് ചര്‍ച്ചകളെക്കുറിച്ചുള്ള മുന്‍ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഒരു നല്ല ഫലത്തിലേക്ക് എത്തിച്ചേര്‍ന്നു. വ്യാപാര കരാര്‍ അനുകൂലമായ ഒരു സാമ്പത്തിക അന്തരീക്ഷം സൃഷ്ടിച്ചുവെന്നും മോദി പറഞ്ഞു.

ആഗോള വ്യാപാര ചര്‍ച്ചകളോടുള്ള സര്‍ക്കാരിന്റെ സ്ഥിരതയുള്ളതും കണിശവുമായ സമീപനത്തെ കരാര്‍ പ്രതിഫലിപ്പിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ലോകക്രമം മാറിക്കൊണ്ടിരിക്കുന്നു, അതിന്റെ പാത ഇന്ത്യയിലേക്ക് കൂടുതല്‍ കൂടുതല്‍ ചായുകയാണ്. ഇന്ന് പല രാജ്യങ്ങളിലെയും വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ നേട്ടമുണ്ടാക്കുന്നു. മോദി പറഞ്ഞു.

വ്യാപാരക്കരാറിൽ തീരുമാനമായതിനു പിന്നാലെ ചേർന്ന എൻഡിഎ പാർലമെൻ്ററി യോഗത്തിൽ നിറഞ്ഞ കരഘോഷത്തോടെയും അഭിനന്ദനങ്ങളോടെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത്.

എല്ലാ പുരോഗതിക്കും പിന്നിലെ പ്രേരകശക്തി ആത്മവിശ്വാസമാണെന്ന് എന്‍ഡിഎ യോഗത്തിന് മുമ്പായി പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരുന്നു. ‘എല്ലാം സാധ്യമാകുന്ന ശക്തിയാണ് ആത്മവിശ്വാസം. വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാട്ടുകാരുടെ ഈ ശക്തി തന്നെ വളരെയധികം ഉപയോഗപ്രദമാകും.’ മോദി അഭിപ്രായപ്പെട്ടു.

Advertisement