ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം. ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു.
അതേസമയം, പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകി.
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ രണ്ട് മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ കണ്ടത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി കെ പ്രകാശ്, നടനും അവതാരകനുമായ മിഥുൻ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ കുടുംബത്തിന്‍റെ നിലപാട് വ്യക്തമാക്കി സഹോദരൻ സി ജെ ബാബുവാണ് രംഗത്തെത്തിയത്. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു വിവരിച്ചു. കർണാടക പൊലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, തന്നെ മൂന്ന് തവണ വിളിച്ചിരുന്നെന്നും കൂട്ടിച്ചേർത്തു.





























