ന്യൂഡെല്‍ഹി. യുഎസിന്റെ പിഴത്തീരുവ ബാധിച്ചില്ലെന്നും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും കേന്ദ്ര ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിത വളർച്ച നിരക്ക് 7.4 ശതമാനം എന്നും റിപ്പോർട്ടിൽ.കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി മാതൃകാപരം എന്ന് കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. പാർലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെ പ്രകീർത്തിച്ചു.
ആഗോള സാമ്പത്തിക രംഗം കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.
നടപ്പു സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വളർച്ചനിരക്ക് 7.4 ശതമാനമാണ്. 2026-27 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ നിരക്ക് 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്തൻ നാഗേശ്വർ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്.
ഗ്രാമീണ വികസനം, സാമൂഹിക വളർച്ച
മേഖലയിലാണ് കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതി മാതൃകാപരമെന്ന് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നു.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയതും ഡിജിറ്റൽ ട്രാക്കിംഗ്, നിരീക്ഷണം എന്നിവയും നേട്ടമായി എന്നും
വിവിധ കേന്ദ്ര പദ്ധതികൾ ഉൾപ്പെടെ ഈ നേട്ടത്തിന് സഹായമായെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വലിയ അവസരങ്ങൾ മുന്നോട്ടുവയ്ക്കുന്നു എന്ന് പറഞ്ഞു. ദീർഘകാല പരിഹാരങ്ങളുടെ പാതയിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി.
കേന്ദ്ര ബജറ്റ് ഞായറാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.






























