ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ധാന-പലാഷ് മുച്ഛല്‍ വിവാഹം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹ ദിവസം തന്നെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിവാഹം മാറ്റിവെക്കുന്നത്. സ്മൃതിയുടെ അച്ഛന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ദിവസങ്ങള്‍ക്ക് പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി സ്മൃതി അറിയിക്കുകയും ചെയ്തു.
ഇതിനിടെ തന്നെ വിവാഹത്തില്‍ നിന്നും സ്മൃതി പിന്മാറാന്‍ കാരണം പലാഷിന്റെ വഴിവിട്ട ബന്ധങ്ങളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളോട് സ്മൃതിയും പലാഷും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പലാഷിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും ഉയര്‍ന്നു വന്നിരുന്നു. നടനും നിര്‍മാതാവുമായ വിധ്‌ന്യാന്‍ മാനെയാണ് പലാഷ് തന്റെ പക്കല്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
ഇതിന് പിന്നാലെ പലാഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് മാനെ. സ്മൃതിയുമായുള്ള വിവാഹം നടക്കാതെ പോയത് പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടിയതിനാലാണെന്നാണ് മാനെയുടെ ആരോപണം. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാനെയുടെ ആരോപണം.



























