Home News National ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഹർജി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും

‘ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഹർജി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും

Advertisement

ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഹർജി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയും ജസ്റ്റിസ് ജി അരുൾ മുരുകനും വിധി പറയും. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാനുള്ള ജസ്റ്റിസ് പി ടി ആശയുടെ ഉത്തരവിനെതിരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സമർപ്പിച്ച റിട്ട് അപ്പീലിലാണ് ചൊവ്വാഴ്ച വിധി പറയുക.

കോടതി വിധിയെ ആശ്രയിച്ചാകും പുതിയ റിലീസ് തീയതി തീരുമാനിക്കുക. വിജയ്‍‍യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോധാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനനായകനിൽ വിജയ്‍യ്ക്ക് പുറമെ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് ​​മേനോൻ, പ്രിയാമണി, നരേൻ എന്നിവരും അഭിനയിക്കുന്നുണ്ട്. അനിൽ രവിപുടി സംവിധാനം ചെയ്ത ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം പുറത്തിറക്കാനാവത്തതിൽ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

വിവിധ ബോർഡുകൾ നിർദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് ചിത്രം രണ്ടാമതും പരിശോധനയ്ക്കായി നൽകിയത്. പൊങ്കലിന് ചിത്രം പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും അണിയറപ്രവർത്തകരും. എന്നാൽ അനുകൂല വിധിയുണ്ടാകാതായതോടെ ചിത്രത്തിന്റെ പൊതുപ്രദർശനം അനിശ്ചിതത്വത്തിലായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here