മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി മരിച്ചു

Advertisement

മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി മരിച്ചു. ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞിരുന്ന 20കാരിയാണ് മരിച്ചത്. മണിപ്പൂര്‍ കലാപത്തിനിടെ പുറത്തുവന്ന നടുക്കുന്ന വാര്‍ത്തയായിരുന്നു മെയ്തേ വിഭാഗക്കാരായ ഒരു സംഘം കുക്കി വിഭാഗത്തില്‍ നിന്നുള്ള 18കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. 2023 മെയ് മാസത്തിലായിരുന്നു സംഭവം. നീതിക്കായി പോരാടിയ യുവതി നീതി ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ഗുവാഹത്തിയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പീഡിപ്പിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ് മാത്രമാണുണ്ടായിരുന്നത്. 2023 ഡിസംബര്‍ 15ന് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോവുകയായിരുന്ന യുവതിയെ ആക്രമണകാരികള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് യുവതിയെ ആയുധധാരികളായ മറ്റൊരു സംഘത്തിന് കൈമാറുകയും അവിടെവച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി അക്കാലം മുതല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആദ്യഘട്ടത്തില്‍ മണിപ്പൂരില്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കും തുടര്‍ച്ചയായ അണുബാധയുമാണ് യുവതിയുടെ മരണത്തിന് കാരണമായത്. ഗര്‍ഭാശയത്തിന് ഉള്‍പ്പെടെ പരിക്കേറ്റ നിലയിലാണ് പെണ്‍കുട്ടിയുണ്ടായിരുന്നത്. മരിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 20 വയസായിരുന്നു.

മെയ്‌തേ തീവ്ര വിഭാഗത്തില്‍പ്പെട്ട നാല് പേരുടെ സംഘമാണ് കുന്നിന്‍മുകളിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട പെണ്‍കുട്ടി വിവസ്ത്രയായാണ് നഗരത്തിലേക്ക് എത്തിയത്. പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here