ചെന്നൈ : കരൂർ ആൾക്കൂട്ട ദുരന്തക്കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍ വീണ്ടും 19ന് വീണ്ടും സിബിഐക്ക് മുന്നിൽ ഹാജരാകണം. തിങ്കളാഴ്ച ഡൽഹിയിലെ സിബിഐ ഓഫീസിൽ വിജയ്‍യെ 5 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊങ്കൽ പ്രമാണിച്ച് വിജയ് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്നാണ് പുതിയ നോട്ടീസ് നൽകിയത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ് വിജയ്ക്ക് നോട്ടീസ് നൽകിയത്. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെ റാലിക്കിടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. തിരക്ക് നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ച പറ്റിയെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നും ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
നേരത്തെ ഒരു തവണ വിജയിയെ സിബിഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളിലെ വൈരുദ്ധ്യം പരിഗണിച്ചാണ് വീണ്ടും വിളിപ്പിക്കുന്നത്. പാർട്ടി പരിപാടിയുടെ ആസൂത്രണം, വോളന്റിയർമാരുടെ വിന്യാസം, അനുമതി പത്രത്തിലെ നിബന്ധനകൾ പാലിച്ചോ തുടങ്ങിയ കാര്യങ്ങളിലാകും പ്രധാനമായും സിബിഐ അന്വേഷണം നടക്കുക.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂരിൽ നടന്ന റാലിക്കിടെയാണ് സെപ്തംബർ 27ന് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ചു.

































