ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന്‍ പൊങ്കലിന് റിലീസ് ചെയ്യില്ലെന്ന് ഉറപ്പായി. കടുത്ത നിരാശയിലാണ് വിജയ് ആരാധകര്‍. ‘ജനനായകന്‍ ‘ പൊങ്കലിന് മുന്‍പ് റിലീസ് ചെയ്യാനുള്ള എല്ലാ വഴിയും അടഞ്ഞിരിക്കുകയാണ്.മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്നും പരിഗണിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നും കേസ് പരാമര്‍ശിച്ചിക്കാതിരിക്കുകയായിരുന്നു. കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്ന് ആവശ്യപ്പെട്ട്, സെന്‍സര്‍ ബോര്‍ഡും തടസ്സഹര്‍ജി നല്‍കിയിരുന്നു. ഈ മാസം 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചതോടെയാണ് പ്രതിസന്ധിയിലായത്.
നാളെ മകര സംക്രാന്തി കാരണം കോടതിക്ക് അവധിയായതിനാല്‍ ഇനി മറ്റന്നാള്‍ കേസ് പരിഗണിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് തമിഴ്‌നാട്ടില്‍ പൊങ്കല്‍ അവധി.

































