ന്യൂഡെല്‍ഹി. തെരുവ് നായ പ്രശ്നത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി.തെരുവ് നായ കുട്ടികളെയും പ്രായമായവരെയും ആക്രമിച്ചാൽ സംസ്ഥാനങ്ങൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്ന് കോടതിയുടെ മുന്നറിയിപ്പ്.തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർക്കും ഉത്തരവാദിത്വവും ഉണ്ടെന്നും കോടതി.കേസിൽ ആരും മനുഷ്യർക്കുവേണ്ടി വാദിച്ചില്ല എന്നതിൽ ഖേദം പ്രകടിപ്പിച്ചും സുപ്രീംകോടതി.
തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഇന്നും നായ സ്നേഹികളെ സുപ്രീംകോടതി വിമർശിച്ചത്.ആരും മനുഷ്യർക്ക് വേണ്ടി വാദിക്കുകയോ അഭിപ്രായം ഉന്നയിക്കുകയോ ചെയ്തില്ല,തെരുവുകളിലെ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നതിനെ കുറിച്ച് ആരും വാദിക്കുന്നില്ല.പകരം തെരുവു നായകളെ ദത്തെടുക്കുന്നതിനെ കുറിച്ചാണ് വാദിക്കുന്നത് എന്നും സുപ്രീം കോടതി വാക്കാൽ പരാമർശം നടത്തി.തെരുവു നായകളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന നായസ്നേഹികളുടെ നിർദ്ദേശത്തിൽ ആയിരുന്നു കോടതിയുടെ വിമർശനം.കുട്ടികളെയും പ്രായമായവരെയും തെരുവ് നായ ആക്രമിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തും എന്നും കോടതി മുന്നറിയിപ്പ് നൽകി.നായ്ക്കൾ 9 വയസ്സുള്ള കുട്ടിയെ ആക്രമിക്കുമ്പോൾ ആരാണ് ഉത്തരവാദിയാകേണ്ടത് എന്ന് കോടതി ആരാഞ്ഞു.പ്രശ്നങ്ങൾക്ക് നേരെ തങ്ങൾ കണ്ണടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും നായ സ്നേഹികളോട് കോടതി ചോദിച്ചു.കേസിൽ ഈ മാസം 20 ന് ഉച്ചയ്ക്ക് ശേഷം വീണ്ടും വാദം തുടരും.







































