സീരിയല്‍- സിനിമാ നടിയെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. കന്നഡ നടി ചൈത്രയെയാണ് തട്ടിക്കൊണ്ടുപോയത്. മകളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ എത്തിയത്. ചൈത്രയുടെ സഹോദരി ലീലയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ ഏഴ് മാസമായി തര്‍ക്കങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ചൈത്രയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ഹര്‍ഷവര്‍ദ്ധന്‍ ഹാസനിലും ചൈത്രയും ഒരു വയസുള്ള മകളും മഗഡി റോഡിലെ വാടക വീട്ടിലുമാണ് താമസിച്ചിരുന്നത്. 2023ലാണ് ഇവര്‍ വിവാഹിതരായത്.
ഡിസംബര്‍ 7 ന്, താന്‍ മൈസൂരുവിലേക്ക് ഷൂട്ടിംഗിനായി പോകുകയാണെന്ന് ചൈത്ര വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ ഇത് ഹര്‍ഷവര്‍ധന്റെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് ചൈത്രയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഹര്‍ഷവര്‍ധന്‍ തന്റെ സഹായിയായ കൗശിക്കിന് 20,000 രൂപ അഡ്വാന്‍സായി നല്‍കിയതായും കൗശിക് മറ്റൊരാളുടെ സഹായത്തോടെ രാവിലെ ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചശേഷം കാറില്‍ ബലമായി കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു.
ചൈത്ര തന്റെ സുഹൃത്തായ ഗിരീഷിനെ സംഭവം അറിയിക്കുകയും ഉടന്‍ തന്നെ കുടുംബത്തെ അറിയിക്കുകയും ചെയ്തു. വൈകുന്നേരത്തോടെ, ഹര്‍ഷവര്‍ധന്‍ ചൈത്രയുടെ അമ്മയെ വിളിച്ച് ചൈത്രയെ തട്ടിക്കൊണ്ടുപോയതായും കുട്ടിയെ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ചൈത്രയെ വിട്ടയക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട് മറ്റൊരു ബന്ധുവിനെ വിളിച്ച് കുട്ടിയെ അര്‍സികെരെയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്നും പിന്നാലെ അറിയിച്ചു. ചൈത്രയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. വര്‍ധന്‍ എന്റര്‍പ്രൈസസിന്റെ ഉടമയും സിനിമാ നിര്‍മാതാവുമാണ് ഹര്‍ഷവര്‍ധന്‍.
































