പ്രശസ്ത കന്നഡ നടന്‍ എം.എസ്. ഉമേഷ് (80) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കന്നഡ സിനിമയിലെ തന്നെ മികച്ച ഹാസ്യ വേഷങ്ങള്‍ ചെയ്യുന്ന നടനായിരുന്നു ഉമേഷ്.
തപ്പു തലങ്കല്‍, കിലാഡി ജോഡി, മക്കല രാജ്യ, കഥാ സംഗമ, അന്ത, ഗുരു ശിഷ്യരു തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കരിയറില്‍ ഏകദേശം 400-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബി.ആര്‍. പന്തുലുവിന്റെ മക്കള രാജ്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഉമേഷ് സിനിമാ ലോകത്തേക്ക് കടക്കുന്നത്.
































