ന്യൂഡെല്‍ഹി.ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ അൽ ഫലാഹ് സർവ്വകലാശാലയിൽ ചോദ്യം ചെയ്ത ജീവനക്കാരുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം. സംഭവത്തിന് പിന്നാലെ പലരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കിയതായി കണ്ടെത്തിയതായും NiA.ധൗജ്,പല്ല,സൂരജ് കുണ്ഡ് പ്രദേശങ്ങളിൽ വ്യാപക പരിശോധനയുമായി ഫരീദാബാദ് പോലീസ്.
ചെങ്കോട്ടസ്ഫോടനത്തിലെ NIA അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. അൽ ഫലാഹ് സർവ്വകലാശാല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇതുവരെ ചോദ്യം ചെയ്ത പലരുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യം ഉള്ളതായി കണ്ടെത്തി. സ്ഫോടനത്തിന് പിന്നാലെ സംശയ നിഴലിൽ ഉള്ളവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ ഫോൺകോൾ രേഖകൾ, സമൂഹമാധ്യമങ്ങളിലൂടെയുള്ള സംഭാഷണം ഉൾപ്പെടെ പരിശോധിച്ച് വരുന്നതായാണ് അന്വേഷണ സംഘം അറിയിക്കുന്നത്. 2 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ ഉള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്.
അൽ ഫലാഹ് സർവകലാശാലയും മറയാക്കി പ്രവർത്തിച്ചിരുന്ന ഭീകരവാദ ശൃംഖലയിലെ കണ്ണികളെ കണ്ടെത്തുക എന്ന ദൗത്യവും അന്വേഷണ സംഘത്തിന് മുന്നിൽ ഉണ്ട്. ഇന്ന് പുലർച്ചെ ധൗജ്,പല്ല,സരായ് ഖ്വാജ,സൂരജ്കുണ്ഡ് പ്രദേശങ്ങളിൽ ഫരീദാബാദ് പോലീസ് വ്യാപക പരിശോധന നടത്തി. വാടകവീടുകൾ വാഹന ഡീലർമാർ സിംകാർഡ് വിൽപ്പനക്കാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ചെങ്കോട്ട സ്ഫോടനത്തെ ജമ്മു കശ്മീർ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ശക്തമായി അപലപിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.






































