ഡൽഹി സ്ഫോടനം: പൊട്ടിത്തെറിച്ചത് പുതിയ വാഹനം?കാറിനുള്ളിൽ ഒന്നിലധികം പേ‍ർ, കേന്ദ്ര ആഭ്യന്തര മന്ത്രി എൽഎൻജെ പി ആശുപത്രി സന്ദർശിച്ചു, രാജ്യമെമ്പാടും ജാഗ്രതാ നിർദ്ദേശം

Advertisement

ന്യൂ ഡെൽഹി : രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്നത് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒന്നര കിലോമീറ്ററോളം സ്ഫോടന ശബ്ദം കേട്ടു .സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ദില്ലി കമ്മീഷണർ പറഞ്ഞു. കാറിനുള്ളിൽ ഒന്നിലധികം പേ‍ർ ഉണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൽ എൻ ജെ പി ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു. ഡോക്ടർമാരുമായി അദ്ദേഹം ചർച്ച നടത്തി.
ദില്ലിയിൽ പൊട്ടിത്തെറിച്ചത് പുതിയ വാഹനമാണെന്നും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവന്നിട്ടുണ്ട്. എന്നാൽ പുതിയ വാഹനമാണെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊട്ടിത്തെറിച്ചത് ഹ്യുണ്ടായ് ഐ20 കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് പറഞ്ഞു.

അതേസമയം ദില്ലിയെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 13 പേർ മരിച്ചതായി പുറത്ത് വരുന്ന വിവരം.10 മരണം സ്ഥിരീകരിച്ചു. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്.രാജ്യത്താകെ ജാഗ്രതാ നിർദ്ദേശം നൽകി.പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധന തുടങ്ങി. എന്താണ് സംഭവിച്ചത് എന്ന വിവരം ദേശീയ അന്വേഷണ ഏജൻസികൾ പരിശോധിച്ച് വരുന്നു.

Advertisement