ഡെല്‍ഹി സ്ഫോടനം,ജമ്മുവിലും ഫരീദാബാദിലും പിടികൂടിയവരുടെ അന്തര്‍സംസ്ഥാന ഭീകര മൊഡ്യൂള്‍ വകയോ

Advertisement

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ വിവിഐപി സോണുകളിലൊന്നായ മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമുള്ള ഒരു കാറിലാണ് സ്ഫോടനം ഉണ്ടായത്. അതിനാല്‍ തന്നെ ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നത് എന്ന സംശയം ബലപ്പെടുന്നുണ്ട്.

ഇതിന് കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ സേന സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവമാണ്. ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്ത സംഘം നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന ഭീകര മൊഡ്യൂള്‍ കണ്ടെത്തി.

ഹരിയാനയിലെ ഫരീദാബാദിലെ ഒരു മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരില്‍ നിന്ന് 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ്, സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു, ഒരു അസോള്‍ട്ട് റൈഫിള്‍, വലിയൊരു ആയുധശേഖരം എന്നിവ കണ്ടെടുത്തിരുന്നു. കണ്ടെടുത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച നൂറുകണക്കിന് ശക്തിയേറിയ ഐഇഡികള്‍ ഉപയോഗിച്ച് ഡല്‍ഹിയെ ഭീതിയിലാഴ്ത്താനുള്ള ഗൂഢാലോചന നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മുസമില്‍ ഷക്കീല്‍ എന്ന ഡോക്ടറില്‍ നിന്ന് ഞായറാഴ്ച അല്‍ ഫലാഹ് ആശുപത്രിക്ക് സമീപം വാടകയ്ക്കെടുത്ത വീട്ടില്‍ നിന്ന് രാസവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. പിന്നാലെ അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറില്‍ നിന്ന് ഒരു ക്രിങ്കോവ് അസോള്‍ട്ട് റൈഫിളും കണ്ടെത്തി. ചോദ്യം ചെയ്യുന്നതിനായി അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഖ്നൗവിലെ ലാല്‍ ബാഗില്‍ താമസിക്കുന്ന ഡോ. ഷഹീന്‍ എന്നാണ് സ്ത്രീയുടെ പേര് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്്. ഡോ. ഷഹീന്‍ ഷാഹിദിന്റെ കാറാണ് ഡോ. മുസമ്മില്‍ ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കാറില്‍ നിന്നാണ് ഒരു റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തത്. ശ്രീനഗറിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചതിന് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് മറ്റൊരു ഡോക്ടറായ ഡോ. അദീല്‍ അഹമ്മദ് റാത്തറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍ ലഭിച്ച നിര്‍ണായക സൂചനകളുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റെയ്ഡ് നടത്തിയത്. മുസമ്മിലുമായി പതിവായി ബന്ധപ്പെട്ടിരുന്ന ഫരീദാബാദിലെ ഒരു പള്ളിയിലെ ഇമാം (മുഖ്യ പുരോഹിതന്‍) ഇഷ്തിയാഖ് എന്നയാളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആരോപണവിധേയനായ മറ്റൊരു ഡോക്ടര്‍ക്കായി ഫരീദാബാദിലും പരിസരത്തും തിരച്ചില്‍ തുടരുകയാണ്. പിടിച്ചെടുത്ത വസ്തുക്കളില്‍ മൂന്ന് മാഗസിനുകളും 83 ലൈവ് റൗണ്ടുകളും, എട്ട് ലൈവ് റൗണ്ടുകളുള്ള ഒരു പിസ്റ്റള്‍, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകള്‍, രണ്ട് എക്‌സ്ട്രീ മാഗസിനുകള്‍, എട്ട് വലിയ സ്യൂട്ട്‌കേസുകള്‍, നാല് ചെറിയ സ്യൂട്ട്‌കേസുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. ബാറ്ററികളുള്ള 20 ടൈമറുകള്‍, 24 റിമോട്ട് കണ്‍ട്രോളുകള്‍, അഞ്ച് കിലോഗ്രാം ഹെവി മെറ്റല്‍, വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിംഗ്, ബാറ്ററികള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. വനിതാ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തു. ഫരീദാബാദിലെ ധോജ് പ്രദേശത്ത് ഡോ. ഷക്കീല്‍ ഒരു മുറി വാടകയ്ക്കെടുത്തിരുന്നുവെന്നും അവിടെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഏകദേശം 15 ദിവസം മുമ്പ് എത്തിച്ച രാസവസ്തു എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്‌കേസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. കശ്മീര്‍ താഴ്വരയിലെ ഡോ. റാത്തറിന്റെ ഒരു ലോക്കറില്‍ നിന്ന് പോലീസ് നേരത്തെ ഒരു എകെ-47 റൈഫിളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.

ശ്രീനഗറില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഷക്കീലിനെ അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞതായി ഫരീദാബാദ് കമ്മീഷണര്‍ സതേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞു. ജയ്ഷെ മുഹമ്മദുമായും (ജെ.ഇ.എം) അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എ.ജി.യു.എച്ച്)യുമായും ബന്ധപ്പെട്ട ‘വൈറ്റ് കോളര്‍ ടെറര്‍ ഇക്കോസിസ്റ്റം’ എന്നാണ് ഇതിനെ പൊലീസ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണ് ഫരീദാബാദിലെ അറസ്റ്റുകള്‍ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നടന്ന അറസ്റ്റുകളില്‍ നിരവധി സംശയാസ്പദമായ വസ്തുക്കള്‍ പിടിച്ചെടുത്തു. ഗുജറാത്തില്‍ നടത്തിയ മറ്റ് അറസ്റ്റുകളില്‍ വിഷം ഉണ്ടാക്കുന്ന വസ്തുക്കളും പിസ്റ്റളുകളും കണ്ടെടുത്തു. ഈ രണ്ട് അറസ്റ്റുകളും ഒരു ദിവസത്തെ വ്യത്യാസത്തിലാണ് നടന്നത്. എന്നാല്‍ അവ തമ്മില്‍ ബന്ധമുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണ്.

Advertisement