ന്യൂഡൽഹി: എയർ ഇന്ത്യയെയും ജീവനക്കാരെയും പ്രശംസിച്ച് ശശി തരൂർ എംപി. തൻ്റെ യാത്രക്കിടെയുണ്ടായ നല്ല അനുഭവം വ്യക്തമാക്കിക്കൊണ്ടാണ് എക്സിലെ ഹാൻഡിലിൽ അദ്ദേഹം ജീവനക്കാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. തുടർച്ചയായി രണ്ട് സർവീസുകളിൽ ശശി തരൂരിനൊപ്പം ഉണ്ടായിരുന്ന സുനിത, ലീപക്ഷി എന്നീ കാബിൻ ജീവനക്കാർക്കൊപ്പമുള്ള ചിത്രമാണ് ശശി തരൂർ പങ്കുവെച്ചത്.
തുടർച്ചയായ സർവീസുകളിൽ ഒരേ കാബിൻ ക്രൂ അംഗങ്ങളെ കാണുന്നതിലുള്ള അസാധാരണത്വം വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്. സുനിതയെയും ലീപാക്ഷിയെയും വീണ്ടും കണ്ടുമുട്ടിയപ്പോൾ വീട്ടിലേക്ക് എത്തിയ പ്രതീതിയായിരുന്നു എന്ന് അദ്ദേഹം എഴുതി. ഇരു വനിതകളോടും നന്ദിയും അവരുടെ തൊഴിലിലെ ആത്മാർപ്പണത്തിന് അഭിനന്ദനവും അറിയിച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
നേരത്തെ എയർ ഇന്ത്യ കേരളത്തിലേക്കുള്ള ശൈത്യകാല ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതിൽ ശശി തരൂർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അന്ന് സർവീസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ മാനേജ്മെൻ്റിന് അദ്ദേഹം കത്തയച്ചിരുന്നു. പിന്നീട് ഈ പ്രശ്നത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷ നേതാവുമടക്കം ഇടപെട്ടതിന് പിന്നാലെ പരിഹാരവുമുണ്ടായി.





































