ന്യൂഡൽഹി: മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വിഡിയോയുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകന്റെ പരാതിയിൽ ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ്സ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്നാണ് പരാതി.
ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്ത ആണ് പരാതിക്കാരൻ. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. എന്നാൽ വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നും പ്രധാനമന്ത്രിയുടെ അമ്മയെ വീഡിയോയിൽ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.






































