വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് ബാത്റൂം. എന്നാൽ എന്നും വൃത്തിയാക്കി സൂക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ബാത്റൂം കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. എളുപ്പത്തിന് വേണ്ടി എപ്പോഴും ഉപയോഗിക്കുന്ന വസ്തുക്കൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇവ ബാത്റൂമിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
മരുന്നുകൾ
മരുന്നുകൾ ഒരിക്കലും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. എപ്പോഴും ചൂടും ഈർപ്പവും തങ്ങി നിൽക്കുന്നത് മരുന്നുകളുടെ ഗുണത്തെ ബാധിക്കുകയും പിന്നീടിത് ഉപയോഗിക്കാൻ കഴിയാതാവുകയും ചെയ്യുന്നു.
സൗന്ദര്യ വർധക ഉത്പന്നങ്ങൾ
ബാത്‌റൂമിൽ പോയി ഒരുങ്ങുന്ന ശീലം പലർക്കുമുണ്ട്. ഉപയോഗിക്കാൻ എളുപ്പം കരുതി സൗന്ദര്യ വർധക ഉത്പന്നങ്ങൾ ബാത്റൂമിനുള്ളിൽ തന്നെ സൂക്ഷിക്കുന്ന ശീലമുണ്ട്. ഓരോ ഉത്പന്നത്തിനും വ്യത്യസ്തമായ പരിചരണമാണ് വേണ്ടത്. ബാത്റൂമിനുള്ളിലെ ഈർപ്പവും വെളിച്ചവും ഉത്പന്നങ്ങൾ കേടുവരാൻ കാരണമാകുന്നു.
ആഭരണങ്ങൾ
കുളിക്കുമ്പോൾ ആഭരണങ്ങൾ ബാത്റൂമിനുള്ളിൽ അഴിച്ചു വെയ്ക്കുന്ന രീതി പലർക്കുമുണ്ട്. പിന്നീടിത് എടുക്കാൻ മറക്കുകയും ചെയ്യും. ദിവസങ്ങളോളം ഇത് ഇങ്ങനെ തന്നെ ഇരിക്കും. എന്നാൽ ബാത്റൂമിനുള്ളിലെ ചൂടും ഈർപ്പവും മൂലം ആഭരണങ്ങൾ പെട്ടെന്ന് മങ്ങിപോകുന്നു. ഇത്തരം സാധനങ്ങൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
ടവൽ
ഒന്നിൽകൂടുതൽ ടവലുകൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ആവശ്യത്തിനുള്ള ഒരു ടവൽ മാത്രം ബാത്റൂമിനുള്ളിൽ സൂക്ഷിച്ചാൽ മതി. ബാത്റൂമിനുള്ളിൽ തങ്ങി നിൽക്കുന്ന വായുവും ഈർപ്പവും ടവലിൽ പറ്റുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്കുകൾ
ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന ചെറിയ ഇലക്ട്രോണിക്കുകൾ ഒരിക്കലും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. അമിതമായ ഈർപ്പവും ചൂടും ബാറ്ററിയും ഉപകരണവും കേടുവരാൻ കാരണമാകുന്നു.
































